കൊറോണ: സ്ത്രീകളെക്കാള്‍ മരിച്ചത് പുരുഷന്‍മാര്‍, ചൈനയില്‍ സംഭവിച്ചതെന്ത്?

ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട് രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് പടരുകയാണ് കൊറോണ വൈറസ്. എന്നാല്‍ എല്ലാവരിലും ഒരുപോലെയല്ല കോവിഡ് 19 രോഗം ഗുരുതരാവസ്ഥയിലാകുന്നതെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികളില്‍ കൊറോണ വൈറസ് ബാധ ഏറെക്കുറെ ഇല്ല എന്നുതന്നെ പറയാം. സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് വൈറസ് കൂടുതല്‍ അപകടകാരിയാകുന്നത്. അതും മധ്യവയസ് കഴിഞ്ഞ പുരുഷന്മാരില്‍. കൊറോണ വൈറസിനെ കുറിച്ച് പഠിക്കുന്ന ഗവേഷകരെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.

ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ കൊറോണ വൈറസ് രോഗികളെക്കുറിച്ച് നടത്തിയ പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. കൊറോണ വൈറസ് വ്യാപകമായതിന് ശേഷം പുറത്തുവന്ന ഏറ്റവും വലിയ പഠനമായിരുന്നു ഇത്. കോവിഡ് 19 രോഗം പിടിപെടുന്ന പുരുഷന്മാരില്‍ 2.8 ശതമാനമാണ് മരണ നിരക്കെങ്കില്‍ സ്ത്രീകളില്‍ ഇത് 1.7 ശതമാനം മാത്രമാണെന്നും ഈ പഠനം പറയുന്നു.

നേരത്തെ കൊറോണയുടെ വകഭേദങ്ങളായ സാര്‍സ്, മെര്‍സ് രോഗങ്ങള്‍ പടര്‍ന്നുപിടിച്ചപ്പോഴും പുരുഷന്മാര്‍ക്കായിരുന്നു ഏറ്റവും ഗുരുതരമായ ആഘാതങ്ങള്‍ നേരിടേണ്ടി വന്നത്. 2003ല്‍ ഹോങ്കോങില്‍ സാര്‍സ് പടര്‍ന്നപ്പോള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ രോഗം ബാധിച്ചത് സ്ത്രീകളെയായിരുന്നു. എന്നാല്‍, സ്ത്രീകളേക്കാള്‍ 50 ശതമാനം കൂടുതലായിരുന്നു പുരുഷന്മാരിലെ മരണ നിരക്ക്. മെര്‍സിന്റെ സമയത്ത് പുരുഷന്മാരിലെ മരണ നിരക്ക് 32 ശതമാനമായിരുന്നെങ്കില്‍ സ്ത്രീകളില്‍ ഇത് 25.8 ശതമാനമായിരുന്നു.

സ്ത്രീകളേക്കാള്‍ ഇത്തരം രോഗങ്ങള്‍ പുരുഷന്മാരില്‍ കൂടുതല്‍ അപകടം വിതക്കുന്നതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. പലകാരണങ്ങളും ചേര്‍ന്നാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. പകര്‍ച്ചവ്യാധികളെ പ്രതിരോധ ശേഷികൊണ്ട് നേരിടുന്ന കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ മുന്നിലാണ് സ്ത്രീകള്‍. അതേസമയം, പ്രതിരോധ ശേഷി താറുമാറാകുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന രോഗങ്ങള്‍ കൂടുതലും കണ്ടുവരുന്നത് സ്ത്രീകളിലാണെന്നത് ഇതിന്റെ മറുവശമാണ്.

സ്ത്രീ ഹോര്‍മോണായ ഇസ്ട്രജനില്‍ രണ്ട് എക്‌സ് ക്രോമസോമുകളുണ്ട്. ഇതില്‍ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ജീനുകളുമുണ്ട്. പുരുഷന്മാരില്‍ ഒരു ക്രോമസോം മാത്രമാണുള്ളത്. ഇത് പുരുഷന്മാരേക്കാള്‍ പ്രതിരോധ ശേഷി സ്ത്രീകള്‍ക്കുണ്ടാക്കാന്‍ സഹായിക്കുന്നുവെന്നാണ് ഒരു വാദം.

കൊറോണ വൈറസ് ആദ്യം പടര്‍ന്നുപിടിച്ച ചൈനയിലാണ് (31.60 കോടി) ലോകത്തെ ഏറ്റവും കൂടുതല്‍ പുകവലിക്കാരുള്ളത്. ഇത് ആഗോളതലത്തിലുള്ള പുകയില ഉപയോഗത്തിന്റെ നാല്‍പത് ശതമാനം വരും. എന്നാല്‍, ചൈനയില്‍ സ്ത്രീകളിലെ പുകവലി കേവലം രണ്ട് ശതമാനമാണ്. പകുതിയോളം ചൈനീസ് പുരുഷന്മാരും പുകവലിക്കാരുമാണ്.

പുകവലി പോലെ തന്നെ ടൈപ്പ് 2 പ്രമേഹത്തിന്റെ കാര്യത്തിലും ചൈന ഒന്നാമതാണ്. സ്വാഭാവികമായും ഉയര്‍ന്ന രക്തസമ്മര്‍ദവും ചൈനയിലെ പുരുഷന്മാരില്‍ സ്വാഭാവികം. ഇതെല്ലാം കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയെന്നുവേണം കരുതാന്‍.

പുരുഷന്മാരെ അപേക്ഷിച്ച് വൈദ്യസഹായം തേടുന്നതിലും കൊറോണയാണോ എന്ന് പരിശോധിക്കുന്നതിലും സ്ത്രീകള്‍ അമാന്തം കാണിക്കാറില്ലെന്നും ഈ പഠനത്തില്‍ പറയുന്നു. 4021 കൊറോണ വൈറസ് ബാധിച്ച രോഗികളില്‍ നടത്തിയ പഠനത്തില്‍ രോഗനില വഷളായതിന് ശേഷമാണ് പുരുഷന്മാരില്‍ പലരും വൈദ്യസഹായം തേടിയതെന്ന് തെളിഞ്ഞിട്ടുണ്ട്.

കൊറോണ വൈറസ് പകരുന്നത് തടയാന്‍ സഹായിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ ഫലപ്രദമായി സ്വീകരിച്ചത് സ്ത്രീകളാണെന്നും പലപ്പോഴും പുരുഷന്മാര്‍ ഇത് കാര്യമായെടുത്തില്ലെന്നും പഠനം പറയുന്നു. കൈകള്‍ കഴുകുന്നത് അടക്കമുളള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ പ്രവര്‍ത്തകരായ പുരുഷന്മാര്‍ പോലും വീഴ്ച്ച വരുത്തി. എന്നാല്‍, സ്ത്രീകളില്‍ വലിയൊരു ശതമാനം നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായതും സ്ത്രീകളിലെ കൊറോണ നിരക്ക് കുറച്ചുവെന്ന് വേണം കരുതാന്‍.

SHARE