സംസ്ഥാനത്ത് കൊറോണയും പക്ഷിപ്പനിയും; ആരോഗ്യവിഭാഗം ജീവനക്കാര്‍ ദുബൈയില്‍ ഉല്ലാസയാത്രയില്‍

കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി പടരുന്നതിനിടെ കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് സമിതി അംഗങ്ങളുടെ വിദേശത്തേക്കുള്ള വിനോദയാത്ര വിവാദമാവുന്നു. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ പക്ഷികളെ കൂട്ടമായി കൊന്നൊടുക്കാന്‍ തുടങ്ങിയിരുന്നു.

എന്നാല്‍ അന്ന് തന്നെ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ വി ബാബുരാജ്, അംഗങ്ങളായ മുല്ല വീട്ടില്‍ മൊയ്തീന്‍, വി ടി സത്യന്‍, പി ബിജുലാല്‍, എന്നിവര്‍ എന്നിവര്‍ ദുബൈയിലേക്ക് പറക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എം രാധാകൃഷ്ണനും മറ്റൊരു കൗണ്‍സിലര്‍ എം.പി സുരേഷും സംഘത്തിലുണ്ട്.

കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ അനുമതിയില്ലാതെയാണ് സംഘം വിദേശത്തേക്ക് പോയതെന്ന് യുഡിഎഫ് സ്വതന്ത്രന്‍ വി സയ്യിദ് മുഹമ്മദ് ഷമീല്‍ കൌണ്‍സില്‍ യോഗത്തില്‍ ആരോപിച്ചു. കൗണ്‍സിലിന്റെ അജണ്ടയില്‍ യാത്രയുടെ വിവരം ഉള്‍പ്പെടുത്തിയില്ലെന്നും ഷമീല്‍ പറയുന്നു.

സാധാരണപോലെ കൗണ്‍സില്‍ യോഗത്തില്‍ ലീവ് പറയുക മാത്രമാണ് ചെയ്തത്. എന്നാല്‍ കൗണ്‍സിലര്‍മാരുടെ വിദേശയാത്ര തന്റെ മുന്‍കൂര്‍ അനുമതിയോടെയാണെന്നാണ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ മറുപടി. അനുമതി തേടിയതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും രേഖകളൊന്നും കാണിച്ചില്ലെന്നും പ്രതിപക്ഷം.

പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ആശങ്കകളും കൊറോണ ഭീഷണിയും നിലനില്‍ക്കുന്നതിനിടെ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉല്ലാസയാത്ര നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.പക്ഷികളെ കൊന്നൊടുക്കുന്നതുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും ഉദ്യോഗസ്ഥ സംഘവും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിട്ടുണ്ട്. ഇവിടെയെല്ലാം ബോധവല്‍കരണപ്രവര്‍ത്തനങ്ങള്‍ നേതൃത്വം കൊടുക്കേണ്ടിയിരുന്നവര്‍ പക്ഷികളെ കൊല്ലാന്‍ തുടങ്ങിയ ദിവസം തന്നെ വിദേശത്തേക്ക് പോയത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. വിനോദയാത്ര കഴിഞ്ഞ് തിരിച്ചുവരുന്നവരെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

SHARE