കൊറോണ ബാധിതര്‍ കൊല്ലത്തും കോട്ടയത്തും സഞ്ചരിച്ചിരുന്നു; പത്തനംതിട്ടയില്‍ പൊതുപരിപാടികള്‍ റദ്ദാക്കി

കൊറോണ വൈറസ് ബാധിച്ച പ്രവാസി കുടുംബം കോട്ടയം, കൊല്ലം ജില്ലകളില്‍ സഞ്ചരിച്ചതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഫെബ്രുവരി 29ന് വെനീസില്‍ നിന്നും പുറപ്പെട്ട രോഗബാധിതര്‍ മാര്‍ച്ച് ആറാം തീയതിയാണ് അധികൃതരുടെ നിര്‍ബന്ധം മൂലം ആശുപത്രിയില്‍ അഡ്മിറ്റായത്. നാട്ടിലുണ്ടായിരുന്ന ദിവസങ്ങളില്‍ ഇവര്‍ എവിടെയെല്ലാം പോയി ആരെയെല്ലാം കണ്ടു എന്ന വിവരങ്ങള്‍ കണ്ടെത്താനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാട്ടിലെത്തി പനി ബാധിച്ചതിനെ തുടര്‍ന്ന് ഇവര്‍ റാന്നിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയിരുന്നു. എന്നാല്‍ വിദേശത്ത് നിന്നും വന്നവരാണെന്ന് ഇവര്‍ ഡോക്ടറെ അറിയിച്ചില്ല. ആശുപത്രിയില്‍ വച്ച് ഇവരെ പരിചരിച്ച ഡോക്ടര്‍ക്കും രണ്ട് നഴ്‌സുമാര്‍ക്കും ഇപ്പോള്‍ അവധി നല്‍കി മാറ്റി നിര്‍ത്തിയിരിക്കുകയാണ്.

അഞ്ച് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പത്തനംതിട്ട ജില്ലയിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. മതപരമായ കൂടിചേരലുകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു.രോഗബാധിതരുമായി ഇടപെട്ടവര്‍ സ്വന്തം ആരോഗ്യനില ശ്രദ്ധിക്കണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അധികൃതരെ അറിയിക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു.

SHARE