മഹാരാഷ്ട്ര വികാസ അഖാദി; ത്രികക്ഷി സഖ്യ സര്‍ക്കാര്‍ പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യപനം വന്ന് 28 ദിവസത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരണത്തിന് കളമൊരുങ്ങുന്നു. ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി ത്രികക്ഷി സഖ്യമായി മഹാരാഷ്ട്ര വികാസ അഖാദി എന്ന് പേരിട്ട സര്‍ക്കാര്‍ പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്ന് സൂചന.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന എന്‍.സി.പി-കോണ്‍ഗ്രസ് ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സഖ്യ സര്‍ക്കാര്‍ സംബന്ധിച്ച് പച്ചക്കൊടി കാട്ടിയതായാണ് വിവരം. സഖ്യം സംബന്ധിച്ച പ്രഖ്യാപനത്തിനായി നാളെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മുണ്ടാവുമെന്നും റിപ്പോര്‍ട്ടുണ്ട്.

മഹാരാഷ്ട്രയിലെ മാറിയ സാഹചര്യത്തില്‍ സഖ്യ സര്‍ക്കാര്‍ വാഗ്ദാനം കോണ്‍ഗ്രസ് അംഗീകരിക്കണമെന്ന് നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ധരിപ്പിച്ചു. ബി.ജെ.പിയുമായി ശിവസേന സഖ്യം ഉപേക്ഷിച്ച കാര്യവും നേതാക്കള്‍ സോണിയയെ അറിയിച്ചു. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ഏറ്റവും വലിയ ശത്രു ബി.ജെ.പിയാണെന്നായിരുന്നു ഇതിന് സോണിയ നല്‍കിയ മറുപടി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും അന്തിമ തീരുമാനം ഇന്ന് മുംബൈയില്‍ വെച്ചുണ്ടാകുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രവര്‍ത്തക സമിതിക്കു ശേഷം അറിയിച്ചു.

ഭരണഘടനയുടെ അന്തസത്ത നിലനിര്‍ത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നു. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും മൂന്ന് പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കുക. കോണ്‍ഗ്രസും എന്‍.സി.പിയും തമ്മില്‍ സഖ്യ സര്‍ക്കാറിന്റെ വരും വരായ്കകള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തിയതായും മൂന്ന് പാര്‍ട്ടികളിലേയും എം.എല്‍.എമാര്‍ ഒപ്പുവെച്ച കത്ത് ഗവര്‍ണര്‍ക്ക് കൈമാറുമെന്നുമെന്നാണ് സൂചന. സഖ്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാല്‍ ഞായറാഴ്ചയോ. തിങ്കളാഴ്ചയോ സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറും.
അതേസമയം മുഖ്യമന്ത്രി പദം രണ്ടര വര്‍ഷം വച്ച് കൈമാറുന്നത് സംബന്ധിച്ച ചര്‍ച്ച തുടരുകയാണ്. അതിനിടെ ബി.ജെ.പി കുതിരക്കച്ചവടത്തിലൂടെ എംഎല്‍എമാരെ അടര്‍ത്തി മാറ്റാന്‍ ശ്രമം നടത്തുന്നതായി വിവരമുണ്ട്.

SHARE