ചൈനീസ് ആപ്പുകള്‍ പോയാലെന്ത്? പകരം വെക്കാന്‍ നമുക്കിതാ കുറച്ച് ഇന്ത്യന്‍ ആപ്പുകള്‍

ഒറ്റ രാത്രിയില്‍ നിരോധിച്ചത് ടിക്ടോക്, യു.സി ബ്രൗസര്‍ അടക്കം അത്രമേല്‍ ജനപ്രിയമായ ആപ്പുകള്‍. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ചൈനീസ് കമ്പനികളുടെ ഈ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ രാജ്യത്തു നിരോധിക്കുമ്പോള്‍ ഇവയ്ക്ക് പകരം എന്ത് ഉപയോഗിക്കുമെന്ന് ഇപ്പോഴേ തിരച്ചില്‍ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ചില ആപ്പുകളുടെ പകരം വയ്ക്കാവുന്നവ ചുവടെ…

ടിക്ടോക് – ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ചെടുത്ത ‘മിത്രോം’ (Mitron) ആപ് ആണ് പകരക്കാരനായി വരിക. എന്നാല്‍ ടിക്ടോക് പോലെ വന്‍തോതില്‍ ആളുകളെ ആകര്‍ഷിക്കാന്‍ മിത്രോമിനു കഴിഞ്ഞിട്ടില്ലെന്നതു പോരായ്മയാണ്. അടുത്തിടെ ഈ ആപ്പിനു പാക്കിസ്ഥാന്‍ ബന്ധമുണ്ടെന്നു വാര്‍ത്തയുണ്ടായിരുന്നു, എന്നാല്‍ ഇന്ത്യന്‍ ആപ്നിര്‍മാതാക്കള്‍ ഇതു തള്ളി. ഇടയ്ക്ക് പ്ലേ സ്റ്റോറില്‍നിന്ന് അപ്രത്യക്ഷമായ ആപ് ജൂണ്‍ ആദ്യവാരം തിരികെയെത്തുകയും ചെയ്തു. ടിക്ടോക് താരങ്ങള്‍ക്ക് ഫെയ്‌സ്ബുക്കിനു കീഴിലെ ഇന്‍സ്റ്റഗ്രാം ആണ് മികച്ച മറ്റൊരു പകരക്കാരന്‍.

യുസി ബ്രൗസര്‍ – ഇന്ത്യയില്‍ വളരെയധികം പ്രചാരമുണ്ടെങ്കിലും ഗൂഗിളിന്റെ ക്രോം ബ്രൗസറിന്റെ അത്രയും പ്രാപ്തിയുള്ളതല്ല യുസി ബ്രൗസര്‍. മോസില്ല ഫയര്‍ഫോക്‌സും മികച്ച മറ്റൊരു പകരക്കാരനാണ്.

ഷെയര്‍ഇറ്റ് / എക്‌സെന്‍ഡര്‍ – ഫോണുകളില്‍നിന്നു ഫോണുകളിലേക്ക് ഫയല്‍ ട്രാന്‍സ്ഫറിങ്ങിന് ഉപയോഗിക്കുന്നു. ഐഒഎസ് ഉപയോക്താവിന് ബില്‍റ്റ് ഇന്‍ ആയ എയര്‍ഡ്രോപ് സംവിധാനം ഉപയോഗിച്ച് ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം. ആന്‍ഡ്രോയിഡ് ഉപയോക്താവിന് ഗൂഗിളിന്റെ ഫയല്‍സ് ഗോ ആപ് ഉപയോഗിക്കാം.

ക്യാംസ്‌കാനര്‍ – മൈക്രോസോഫ്റ്റ് ലെന്‍സ്, അഡോബി സ്‌കാന്‍ എന്നിവ ഉപയോഗിക്കാം.

ഷെയ്ന്‍ – വനിതകളുടെ വസ്ത്രങ്ങള്‍ക്കു വേണ്ടിയുള്ള പ്ലാറ്റ്‌ഫോം. നിലവില്‍ ഇന്ത്യയില്‍ ‘മിന്ത്ര’ കഴിഞ്ഞേയുള്ളൂ ഇത്തരം ഫാഷന്‍ ആപ്പുകള്‍ക്കു സ്ഥാനം. മിന്ത്രയെ മറികടന്ന് ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ അടുത്തകാലത്ത് ഷെയ്‌നും നിരോധിക്കപ്പെട്ട മറ്റൊരാപ്പായ ‘ക്ലബ് ഫാക്ടറി’യും ശ്രമം തുടങ്ങിയിരുന്നു.

ക്ലബ് ഫാക്ടറി – ഫാഷന്‍, സൗന്ദര്യ വര്‍ധക, ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പന്നങ്ങളുടെ ഇ – കൊമേഴ്‌സ് വെബ്‌സൈറ്റ്. നിലവില്‍ ഇന്ത്യയില്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് പോലുള്ള വന്‍കിട ഇ – കൊമേഴ്‌സ് സൈറ്റുകളും മറ്റു സൈറ്റുകളും മികച്ച ഓഫറുകളുമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഹലോ – പകരം ഉപയോഗിക്കാവുന്നത് ഷെയര്‍ചാറ്റ്. ഹലോയുടെ നിരോധനം ഇന്ത്യന്‍ നിര്‍മിത ആപ്പുകളായ ഷെയര്‍ചാറ്റ് പോലുള്ളവയ്ക്ക് പ്രോത്സാഹനം നല്‍കുമെന്ന് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

ബ്യൂട്ടി പ്ലസ് – പകരം ഉപയോഗിക്കാവുന്ന കാന്‍ഡി ക്യാമറ, ബി612 ബ്യൂട്ടി ആന്‍ഡ് ഫില്‍റ്റര്‍ ക്യാമറ

SHARE