റഫീഖ് പാറക്കല്‍
ഇന്ന് ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരാരും ദര്‍ശിച്ചിട്ടില്ലാത്ത അപൂര്‍വ്വ കാഴ്ച്ചകളോടെ ഒരു ഹജ്ജ് കാലം പര്യവസാനിക്കാന്‍ പോവുകയാണ്. അറഫ താഴ്വരയെ മൂടുന്ന തൂവെള്ള സംഗമമില്ല, മിനായിലെക്കുള്ള മനുഷ്യ പ്രവാഹമില്ല. അന്തരീക്ഷത്തില്‍ അടിച്ചുയരുന്ന ലബ്ബൈക്കയുടെ മധുര നാദമില്ല. മൂന്ന് ദിവസത്തേക്ക് നിര്‍മ്മിക്കപ്പെടുന്ന ജനബാഹുല്യം നിറഞ്ഞ മിനാ നഗരമില്ല. സുരക്ഷിത ഹജ്ജിനായി പരക്കം പായുന്ന സഊദി പൊലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും വാഹങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദ കൊലാഹലങ്ങളില്ല. ആളും ആരവവുമില്ലാതെ വിശുദ്ധ നഗരങ്ങള്‍ ഒരു ഹജ്ജിന് സാക്ഷ്യം വഹിക്കുമ്പോള്‍ വിശ്വാസികളിതിനെ ഹൃദയവേദനയോടെ ഉള്‍കൊള്ളാനുള്ള ശ്രമത്തിലാണ്. പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി നിയ്യത്ത് ചെയ്ത് പണമടച്ച് കാത്തിരുന്ന ലോകമാകമാനമുള്ള ലക്ഷക്കണക്കായ വിശ്വാസികള്‍ അപ്രതീക്ഷിതമായി കടന്നെത്തിയ നിര്‍ഭാഗ്യത്തെ മാനസികമായി സ്വീകരിച്ച് കഴിഞ്ഞു.
1920 ല്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ഒന്നിച്ച് ചേര്‍ന്നത് അര ലക്ഷം പേരാണെന്ന് ചരിത്ര രേഖകളില്‍ കാണാനാവും. ഒരു നൂറ്റാണ്ട് തികയുമ്പോള്‍ ഒരു ഹജ്ജിനായി മക്കയില്‍ സമ്മേളിക്കുന്നത് ഇരുപത്തിയഞ്ചു ലക്ഷത്തിലധികം വിശ്വാസികള്‍ എന്ന നിലയിലേക്ക് ആ മഹാസംഗമം വളര്‍ന്നു. ഭൂലോകത്തിന്റെ ഏതാണ്ടെല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന വ്യത്യസ്തരായ മനുഷ്യ സമൂഹം ഒരു കേന്ദ്രത്തില്‍ സമ്മേളിക്കുന്ന ലോകത്തിലെ അത്യപൂര്‍വ്വ കാഴ്ച്ച.
വിശ്വാസികള്‍ തങ്ങളുടെ വിശ്വാസ വൈകാരിക തലത്തില്‍ ഈ നിശബ്ദ ഹജ്ജിനെ വേദനയോടെ യാത്രയാക്കുമ്പോഴും ഭൗതിക തലത്തില്‍ ഇത് സൃഷ്ടിക്കുന്ന സാമ്പത്തിക സാമൂഹിക പരിക്കിന്റെ ആഴം നിര്‍വചിക്കാന്‍ കഴിയുന്നതിനപ്പുറമാണ്. ഇന്ത്യയില്‍ നിന്നും യാത്ര തിരിക്കുന്ന ഒരു ഹാജി വീട്ടില്‍ നിന്നും ഇറങ്ങി ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി തിരിച്ച് വരുന്നതിനായി ചിലവഴിക്കുന്ന ഏറ്റവും കുറഞ്ഞ തുക രണ്ട് ലക്ഷം രൂപക്ക് മുകളിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്നെത്തി വിവിധ കാറ്റഗറികളില്‍ പത്തും പതിനഞ്ചും ലക്ഷം രൂപ വരെ ചിലവഴിച്ച് ലക്ഷുറി ഹജ്ജ് കര്‍മ്മം പൂര്‍ത്തീകരിച്ച് മടങ്ങുന്നവരുമുണ്ട്.
ശരാശരി വെറും രണ്ട് ലക്ഷം രൂപ കൂട്ടിയാല്‍ പോലും ഒരു വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട് മാത്രം ലോകത്താകമാനം വ്യയം ചെയ്യപ്പെടുന്നത് അന്‍പതിനായിരം കോടി രൂപക്ക് മുകളിലാണെന്നര്ത്ഥം. ഹജ്ജുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ക്കായി ചിലവഴിക്കപ്പെടുന്ന ശതകോടികള്‍ വേറെയും.
മക്കയുടെയും മദീനയുടെയും തെരുവോരങ്ങളില്‍ തസ്ബീഹ് മാല വില്‍ക്കുന്ന ആഫ്രിക്കന്‍ വംശജനായ വയോധികന് വരെ, പതിനായിരക്കണക്കിന് മനുഷ്യര്‍ക്കിടയില്‍ വിനിമയം ചെയ്യപ്പെടുന്ന കോടികളുടെ പെട്രോഡോളര്‍. ഒരു ഹജ്ജ് അവസാനിക്കുമ്പോഴേക്കും ഇരു ഹറമുകളുടെ പരിസരങ്ങളിലുമുള്ള നൂറുകണക്കായ കെട്ടിടങ്ങള്‍ മലയാളികളടക്കം ലക്ഷങ്ങള്‍ മുടക്കി വാടകക്കെടുക്കാറാണ് പതിവ്. വരും വര്‍ഷത്തിലെ പരിശുദ്ധ റമസാനിലും ഹജ്ജിനും വരാനിരിക്കുന്ന തീര്‍ഥാടകരെ പ്രതീക്ഷിച്ചാണ് മുന്‍കൂട്ടിയുള്ള ഈ പണം മുടക്കല്‍. 2020 വര്‍ഷത്തെ റമസാനും ഹജ്ജും വിടപറയുമ്പോള്‍ ആ കെട്ടിടങ്ങളിലൊന്നും ആളനക്കമുണ്ടായിട്ടില്ല. സ്വദേശികളുടേയും വിദേശികളുടേയും ജീവിത സമ്പാദ്യം ഒന്നിച്ചാണ് ഈ മൂകത കവര്‍ന്നെടുക്കുന്നത്.
പതിനഞ്ചു ലക്ഷത്തോളം ബലിമൃഗങ്ങളെ പോയ വര്‍ഷങ്ങളില്‍ അറുക്കുകയും അവയുടെ മാംസം ദാരിദ്ര്യം കൊണ്ട് പിടയുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭയാര്‍ഥി ക്യാമ്പുകളിലേക്കടക്കം തികഞ്ഞ പരിശുദ്ധിയോടെ എത്തിച്ച് പതിനായിരങ്ങളുടെ വിശപ്പടക്കിയിരുന്ന സംവിധാനവും മൂകമാണ്. ഹജ്ജിന്റെ ബലിയാവശ്യത്തിനായി ഇത്രയും ഉരുക്കളെ പോറ്റി വളര്‍ത്തി വില്‍പ്പന നടത്തി അത്കൊണ്ട് ജീവിതം മുന്നോട്ട് നീക്കിയിരുന്ന പതിനായിരക്കണക്കിന് അറബ് ആഫ്രിക്കന്‍ കര്‍ഷകരുടെ കണ്ണീരും ഭൂമിക്ക് നോവായി മാറുന്നു. ആത്മീയ വേദനയോളം തന്നെ ഭൗതിക തലത്തിലെ നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ 2020 ലേ അപൂര്‍വ്വ ഹജ്ജ് പതിനായിരങ്ങള്‍ക്ക് തീരാവേദനയുടെ നോവുന്ന ചരിത്രമാവുകയാണ്.