‘ജനാധിപത്യത്തിന്റെ ആഘോഷമാണ് തെരഞ്ഞെടുപ്പ്’; ഡല്‍ഹിയിലെത്താന്‍ ആസാദിന് അനുമതി

ജാമ്യവ്യവസ്ഥകളില്‍ ഇളവ് തേടി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി കോടതിയുടെ അനുകൂല വിധി. ജനാധിപത്യവിരുദ്ധമായ ഉപാധികളോടെയാണ് തനിക്ക് ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്ന തീരുമാനമാണ് കോടതി തിരുത്തിയത്. ചന്ദ്രശേഖറിന് ഡല്‍ഹിയില്‍ പ്രവേശിക്കാമെന്നും സന്ദര്‍ശന ദിവസം ഡിസിപിയെ അറിയിക്കണമെന്നും വിധിയില്‍ പറയുന്നു. ദില്ലിയില്‍ വരുമ്പോഴെല്ലാം അദ്ദേഹം അപേക്ഷയില്‍ സൂചിപ്പിച്ച വിലാസത്തില്‍ താമസിക്കണം.

ഒരു സാമൂഹ്യ പ്രവര്‍ത്തകനായതിനാല്‍ ചികിത്സയല്ലാതെ നാലാഴ്ച ദില്ലി സന്ദര്‍ശിക്കരുതെന്ന വ്യവസ്ഥ അദ്ദേഹത്തിന്റെ മൗലികാവകാശങ്ങളെ ബാധിക്കുന്നുവെന്ന് നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു. ജനാധിപത്യത്തിന്റെ ആഘോഷമാണ് തെരഞ്ഞെടുപ്പെന്നും അതില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുന്നുവെന്നും വിധിയില്‍ ജഡ്ജ് വ്യക്തമാക്കുന്നു.

ഒരുമാസത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് കോടതി ആസാദിന് ജാമ്യം അനുവദിച്ചിരുന്നത്. ഫെബ്രുവരി 16ന് മുന്‍പായി ആസാദ് ചികിത്സയ്ക്കായി ഡല്‍ഹി എയിംസില്‍ പോകാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഡല്‍ഹി പൊലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശിലെ സഹന്‍പുര്‍ പൊലീസ് സ്‌റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശിക്കുന്നു.