കൊവിഡ് 19: പാരസെറ്റമോള്‍ മതി, ചൂടില്‍ വൈറസിന് നില്‍ക്കാനാവില്ലെന്നും തെലങ്കാന മുഖ്യമന്ത്രി

തെലങ്കാന: കൊവിഡ് 19 രാജ്യത്ത് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ വിവാദ പരാമര്‍ശവുമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. കോവിഡ് രോഗത്തിന് പാരസെറ്റമോള്‍ ചികിത്സ മതിയെന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു. ഇരുപത്തിരണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ അധികമുളള ചൂട് വൈറസിന് നിലനില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിലാണ് റാവുവിന്റെ പരാമര്‍ശങ്ങള്‍. 22 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസിന് നില്‍ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ സംസ്ഥാനത്ത് ആശങ്ക വേണ്ടെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമാണ് പ്രസ്താവനയെന്നും റാവു പറയുന്നു.

എന്നാല്‍ ഇത്തരം വാദങ്ങള്‍ നേരത്തെ തന്നെ വിദഗ്ധര്‍ തള്ളിയിരുന്നതാണ്. അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്ന പ്രദേശങ്ങളില്‍ വൈറസ് പടരില്ല എന്നതിന് ശാസ്ത്രീയമായ അടിത്ത ഒന്നും തന്നെയില്ല. ലോകാരോഗ്യ സംഘടന തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ചൈനയിലെ രോഗം പടര്‍ന്ന സമയത്തെ താപനിലയും രോഗം കുറഞ്ഞപ്പോഴുള്ള താപനിലയും താരതമ്യം ചെയ്ത് ചിലര്‍ നടത്തിയ പഠനത്തില്‍ താപനില വൈറസ് ബാധയെ സ്വാധീനിക്കുമെന്ന് അവകാശപ്പെട്ടെങ്കിലും അന്താരാഷ്ട്ര ശാസ്ത്ര സമൂഹം അംഗീകരിച്ചിട്ടില്ല. എന്നാല്‍, ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ കൊറോണവൈറസ് എല്ലാ കാലവാസ്ഥിയലും പടരാന്‍ സാധ്യതയുണ്ടെന്നും അവകാശപ്പെട്ടിരുന്നു. ഇന്ത്യയില്‍ കൊവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ ഈര്‍പ്പമുള്ളതും അതേസമയം, 32 ഡിഗ്രി സെല്‍ഷ്യസ് താപനിലയായതുമായ കാലാവസ്ഥയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.