പൗരത്വനിയമത്തിന് സ്റ്റേ ഇല്ല

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് നാലാഴ്ച കൂടി സമയം അനുവദിച്ചു. നിയമം ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യുകയോ നടപടിക്രമങ്ങള്‍ നീട്ടിവെക്കാന്‍ ഉത്തരവിടുകയോ ചെയ്യണമെന്ന് കപില്‍ സിബല്‍ അടക്കമുള്ള അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. പൗരത്വനിയമം, ജനസംഖ്യാ രജിസ്റ്റര്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നടപടികളുമായി സര്‍ക്കാറിന് മുന്നോട്ട് പോവാന്‍ അവസരം നല്‍കുന്ന തരത്തിലാണ് ഇപ്പോള്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

നാലാഴ്ച്ചയ്ക്ക് ശേഷം കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ കേട്ടതിന് ശേഷമായിരിക്കും ഹര്‍ജികളില്‍ സുപ്രീം കോടതി തീരുമാനമെടുക്കുക. 140 ഹര്‍ജികളാണ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. 60 ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയത്. 80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചു കൊണ്ട് സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരും ഉണ്ടായിരുന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതികള്‍ വാദം കേള്‍ക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഇതിനിടെ അസം, ത്രിപുര വിഷയങ്ങള്‍ പ്രത്യേകമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

SHARE