ബ്രസീല്‍ പ്രസിഡണ്ട് ജെയ്ര്‍ ബോല്‍സൊണാരോക്ക് കോവിഡ്

ബ്രസീലിയ: ബ്രസീല്‍ പ്രസിഡണ്ട് ജെയ്ര്‍ ബോല്‍സൊണാരോ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയും ജലദോഷവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബോല്‍സൊണാരോയ്ക്ക് നാല് തവണ ടെസ്റ്റ് നടത്തിയിരുന്നു. നാലാം ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് രോഗബാധ വലിയ കാര്യമൊന്നുമല്ലെന്നും അതൊരു ‘കൊച്ചുപനി’ മാത്രമല്ലേ എന്നും പുച്ഛിച്ചുതള്ളിയ ഭരണാധികാരിയ്ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗവ്യാപന സാധ്യത അങ്ങേയറ്റം അപകടകരമായി നില്‍ക്കുമ്പോള്‍ എല്ലാ നിയന്ത്രണങ്ങളും ബോല്‍സൊണാരോ പിന്‍വലിച്ചിരുന്നു. മാസ്‌ക് വയ്‌ക്കേണ്ട കാര്യമില്ലെന്നും ബൊല്‍സൊണാരോ പറഞ്ഞിരുന്നു.

നിയന്ത്രണങ്ങള്‍ ഒരു മുന്‍കരുതലുമില്ലാതെ പിന്‍വലിക്കുക വഴി ബ്രസീലിലെ രോഗബാധാനിരക്ക് അപകടകരമാംവിധം കൂടിയിരുന്നു.
സാമ്പത്തികവ്യവസ്ഥയെ തകര്‍ക്കുമെന്ന കാരണം പറഞ്ഞാണ് വളരെക്കുറച്ച് കാലം മാത്രം നടപ്പാക്കിയ ലോക്ക്ഡൗണ്‍ ബോല്‍സൊണാരോ പിന്‍വലിച്ചത്. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന എല്ലാ ചട്ടങ്ങളും ബോല്‍സൊണാരോ എടുത്തുകളഞ്ഞു. ഇനി തനിയ്ക്ക് കൊവിഡ് വന്നാല്‍പ്പോലും പേടിക്കാനില്ലെന്നും ബൊല്‍സൊണാരോ പറഞ്ഞിരുന്നു.രോഗവ്യാപനനിരക്ക് കുതിച്ചുയര്‍ന്നപ്പോഴും പഴയ പ്രസ്താവന തിരുത്താന്‍ ബൊല്‍സൊണാരോ തയ്യാറായില്ല. മാസ്‌ക് ധരിക്കാതെ പല പൊതുവേദികളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.

SHARE