രാമക്ഷേത്ര ഭൂമിപൂജ: അദ്വാനിയെയും ജോഷിയെയും വെട്ടി-ഉമാഭാരതിയെയും കല്യാണ്‍സിങിനെയും വിളിച്ചു

ന്യൂജല്‍ഹി: അയോദ്ധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജയിലേക്ക് മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ക്ഷണമില്ല. ബാബരി മസ്ജിദ് തകര്‍പ്പെടാന്‍ കാരണമായ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ അമരക്കാര്‍ എന്നറിയബപ്പെടുന്ന നേതാക്കളാണ് അദ്വാനിയും ജോഷിയും. അതേസമയം, പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഉമാഭാരതിയെയും മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങിനെയും നേരിട്ട് ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു.

അദ്വാനിയും ജോഷിയും ഇല്ലെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ, ഇരുവരെയും ഫോണില്‍ വിളിച്ച് അനുനയിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി പരിപാടി കാണാനുള്ള സൗകര്യമൊരുക്കും. ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന്റെ ഭൂമിപൂജ നിര്‍വഹിക്കുന്നത്.

കോവിഡ് സാഹചര്യത്തിലെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്വാനിക്കും ജോഷിക്കും ചടങ്ങിലേക്ക് പ്രവേശനം അനുവദിക്കാതിരുന്നത്. എന്നാല്‍ 88കാരനായ കല്യാണ്‍സിങിന് അനുവാദം നല്‍കുകയും ചെയ്തു. മനോഹര്‍ ജോഷിക്ക് 86 ഉം അദ്വാനിക്ക് തൊണ്ണൂറ്റി രണ്ടുമാണ് പ്രായം. കല്യാണ്‍ സിങ് ഓഗസ്റ്റ് നാലിന് അയോദ്ധ്യയിലെത്തും.

ഇരുനൂറോളം പേരാണ് ചടങ്ങില്‍ പങ്കെടുക്കുക. സ്റ്റേജില്‍ അഞ്ചു പേര്‍ മാത്രമാകും ഉണ്ടാകുക. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പമുള്ള മറ്റു നാലു പേര്‍ സന്യാസിമാര്‍ ആയിരിക്കും എന്നാണ് സൂചന. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ആര്‍ക്കും ചടങ്ങിലേക്ക് ക്ഷണമില്ല. രാമജന്മഭൂമി തീര്‍ത്ഷ ക്ഷേത്ര ട്രസ്റ്റ് ജനറള്‍ സെക്രട്ടറി ചംപത് റായ് ആണ് അതിഥികള്‍ക്ക് ക്ഷണം അയച്ചിട്ടുള്ളത്.

ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി സര്‍ക്കാര്‍ നിയന്ത്രിത ട്രസ്റ്റിനു വിട്ടുനല്‍കാന്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണു സുപ്രീംകോടതി ഉത്തരവിട്ടത്. മുസ്‌ലിംകള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അയോദ്ധ്യയില്‍ അഞ്ചേക്കര്‍ സ്ഥലം വിട്ടു നല്‍കണമെന്നും അഞ്ചംഗ ഭരണഘടനാ ബഞ്ച് ഉത്തരവിട്ടിരുന്നു.

SHARE