ലോക്‌സഭയില്‍ രമ്യാഹരിദാസിനെതിരെ വീണ്ടും ബി.ജെ.പി എം.പിമാരുടെ കയ്യേറ്റശ്രമം

ഡല്‍ഹി കലാപം ഉടനെ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട ആലത്തൂര്‍ എംപി രമ്യാ ഹരിദാസിനെതിരെ വീണ്ടും കയ്യേറ്റശ്രമം. ബി.ജെ.പി വനിതാ എം.പിയാണ് കായികമായി പ്രതിരോധിക്കാന്‍ ശ്രമിച്ചത്.

ഡല്‍ഹി കലാപത്തെക്കുറിച്ച് ഹോളി അവധിക്ക് ശേഷം ചര്‍ച്ചയാകാമെന്ന് സ്പീക്കര്‍ ഉച്ചക്ക് ശേഷം നിലപാടെടുത്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും പ്രതിഷേധിക്കുകയും ചെയ്തു. അതിന് ശേഷമാണ് കയ്യാങ്കളിയടക്കമുള്ള സംഭവങ്ങളുണ്ടായത്. ഇതിനിടെയാണ് ഒരു ബിജെപി എംപിയും രമ്യാ ഹരിദാസ് എംപിയും തമ്മില്‍ കയ്യാങ്കളിയുണ്ടായത്. രമ്യാ ഹരിദാസിനെ പിടിച്ചുവയ്ക്കാന്‍ ബിജെപി എംപി ശ്രമിച്ചു. കുതറിമാറി മുന്നോട്ട് കുതിക്കാന്‍ രമ്യാ ഹരിദാസും ശ്രമിച്ചു. ഇത് കയ്യാങ്കളിയിലെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസവും രമ്യാഹരിദാസിനെ ബി.ജെ.പി എംപി ജസ്‌കാര്‍ മീണ ശാരീരികമായി ആക്രമിച്ചിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് രമ്യ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. താന്‍ പട്ടികവിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിക്കപ്പെടുന്നതെന്ന് രമ്യ ഹരിദാസ് പരാതിയില്‍ ചോദിച്ചിരുന്നു.

SHARE