ആദ്യാവസാനം സിപിഎം-ബിജെപി ഒത്തുകളി; ഒടുവില്‍ ബിജെപി നേതാവായ പീഡനവീരന് ജാമ്യം

കണ്ണൂര്‍: പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും കുട്ടിയുടെ അധ്യാപകനുമായ പത്മരാജന്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങുമ്പോള്‍ തെളിയുന്നത് സിപിഎം-ബിജെപി രഹസ്യ ബന്ധത്തിന്റെ ആഴം. പീഡന ആരോപണം പുറത്തു വന്നത് മുതല്‍ പത്മരാജനെ രക്ഷിക്കാന്‍ പൊലീസും സര്‍ക്കാറും ബിജെപി നേതൃത്വവുമായി ഒത്തുകളിക്കുകയായിരുന്നു. താന്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയായ കുനിയില്‍ പത്മരാജനെതിരെ ഉയര്‍ന്ന ആരോപണം. കഴിഞ്ഞ ജനുവരി 15 മുതല്‍ ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവില്‍ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് നിരന്തരം പീഡിപ്പിച്ച പത്മരാജന്‍ സുഹൃത്തിന്റെ വീട്ടില്‍ വച്ചും കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കി. സഹപ്രവര്‍ത്തകനായ അധ്യാപകന്റെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടിയെ നിരന്തരം വിളിച്ചുവരുത്തിയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൊഴി കൂടാതെ സഹപാഠിയും ഇതുസംബന്ധിച്ച് മൊഴി നല്‍കിയിരുന്നു.

എന്നാല്‍ പത്മരാജനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഒരു മാസത്തോളം പത്മരാജന്റെ അറസ്റ്റ് വൈകിപ്പിച്ച് അദ്ദേഹത്തിന് ഒളിവില്‍ കഴിയാന്‍ പൊലീസ് സൗകര്യമൊരുക്കി. അതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതോടെ ഗത്യന്തരമില്ലാതെയാണ് പത്മരാജനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. അറസ്റ്റ് ചെയ്‌തെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിപ്പിച്ച് സ്വാഭാവിക ജാമ്യത്തിന് വഴിയൊരുക്കുകയാണ് പൊലീസ് പിന്നീട് ചെയ്തത്. ഒടുവില്‍ ഇതിനെതിരെയും പൊതുസമൂഹം വന്‍ പ്രതിഷേധമുയര്‍ത്തിയതോടെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ പോക്‌സോ വകുപ്പ് ചേര്‍ക്കാതെ നിസ്സാരമായ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെയാണ് പത്മരാജന് സ്വാഭാവിക ജാമ്യം ലഭിച്ചത്.

സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മുഖ്യമന്ത്രിയുടെ ജില്ലയില്‍, കേരളത്തിന്റെ രക്ഷകയും അമ്മയുമായി സഖാക്കള്‍ കൊട്ടിഘോഷിക്കുന്ന കെ.കെ ഷൈലജ ടീച്ചറുടെ കൂത്തുപറമ്പ് മണ്ഡലത്തിലാണ് ഒരു പിഞ്ചു ബാലികക്ക് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടും നീതി നിഷേധിക്കപ്പെടുന്നത്. യുഡിഎഫ് നേതാക്കള്‍ക്കെതിരെ എന്തെങ്കിലും ആരോപണം വരുമ്പോഴേക്കും ചാടിക്കേറി കേസെടുക്കുന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് പാലത്തായി പീഡനത്തെക്കുറിച്ച് അറിയില്ലെന്നാണ്.

സംഘപരിവാറും സിപിഎം നേതൃത്വം തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ പുതിയ തെളിവുകളാണ് പാലത്തായിയിലെ ഒത്തുകളിയിലൂടെ പുറത്തുവരുന്നത്. തങ്ങള്‍ ആര്‍എസ്എസിനെ ജീവന്‍ കൊടുത്ത് പ്രതിരോധിക്കുന്നുവെന്ന് സിപിഎം കൊട്ടിഘോഷിക്കുന്ന കണ്ണൂരിലാണ് ബിജെപി നേതാവ് സര്‍ക്കാറിന്റെയും പൊലീസിന്റെ ഒത്താശയോടെ സുഖമായി ഒരു പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങുന്നത്. കേവല വീരവാദങ്ങള്‍ക്കപ്പുറം ബിജെപി നേതൃത്വവുമായി സിപിഎം കണ്ണൂരില്‍ കളിക്കുന്ന ഒത്തുകളി രാഷ്ട്രീയത്തിന്റെ തെളിവാണ് പാലത്തായി പീഡനക്കേസ് പ്രതിക്ക് കിട്ടുന്ന നിയമവിരുദ്ധമായ സംരക്ഷണം. ഒപ്പം സ്ത്രീ സുരക്ഷയെന്ന പിണറായി സര്‍ക്കാറിന്റെ വാഗ്ദാനം പൊള്ളയാണെന്ന് ഒരിക്കല്‍ കൂടി തെളിയുന്നു.

SHARE