വിവോയുമായുള്ള കരാര്‍ ഐ.പി.എല്‍ റദ്ദാക്കില്ല: ബി.സി.സി.ഐ


ന്യൂഡല്‍ഹി: ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുമായുള്ള കരാര്‍ ഐപിഎല്‍ റദ്ദാക്കില്ലെന്ന് ബിസിസിഐ. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ നിലപാട് അറിയിച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറാണ് വിവോ.

”നിലവില്‍ വിവോയുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കുന്നതിനെപ്പറ്റി ആലോചിക്കുന്നില്ല. എന്നാല്‍, വരും വര്‍ഷങ്ങളില്‍ സ്‌പോണ്‍സര്‍ഷിപ്പ് നയത്തില്‍ മാറ്റം വരുത്തും. രാജ്യതാത്പര്യം മുന്‍നിര്‍ത്തി മാത്രമാവും ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളില്‍ ഇനി സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുക. 42 ശതമാനം നികുതിയാണ് ബിസിസിഐ സര്‍ക്കാരിനു നല്‍കുന്നത്.”- ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറയുന്നു

2022 വരെയാണ് വിവോയുമായുള്ള ഐപിഎല്ലിന്റെ കരാര്‍. ഇക്കാലയളവില്‍ 2199 കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പ് വരുമാനമായി ബിസിസിഐക്ക് ലഭിക്കും. ”ഇതില്‍ 42 ശതമാനം നികുതി ബിസിസിഐ സര്‍ക്കാരിനു നല്‍കുന്നുണ്ട്. ഇവിടെ നിന്ന് അവര്‍ക്ക് ലഭിക്കുന്ന പണം ഇവിടെ തന്നെ തുടരുകയാണ്. അതുകൊണ്ട് തന്നെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ വിവോ ഇന്ത്യയെ തന്നെയാണ് പിന്തുണക്കുന്നത്. ചൈനയെ അല്ല. അവര്‍ ഇവിടെ മൊബൈല്‍ ഫോണുകള്‍ വിറ്റ് പണമുണ്ടാക്കുന്നു. ഞങ്ങള്‍ ആ പണം എടുത്തില്ലെങ്കില്‍ അതും ചൈനക്ക് ലഭിക്കും.”- അരുണ്‍ ധുമാല്‍ പറയുന്നു.

SHARE