പൊലീസിന് തെളിവ് നല്‍കാനായില്ല; യു.പിയില്‍ പൗരത്വസമരത്തില്‍ പങ്കെടുത്തവര്‍ക്ക് ജാമ്യം

ലഖ്‌നൗ: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് യു.പി പൊലീസ് അറസ്റ്റ് ചെയ്തവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ പൊലീസിന് കഴിയാത്തതിനാലാണ് ജാമ്യം അനുവദിച്ചത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം പ്രക്ഷോഭത്തിന്റെ പേരില്‍ നിരവധിപേരെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരോട് പ്രതികാരം ചെയ്യുമെന്ന് ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. അക്രമം, വര്‍ഗീയ കലാപം സൃഷ്ടിക്കല്‍, കൊലപാതകം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് പ്രതിഷേധക്കാരെ ജയിലിലടച്ചത്. എന്നാല്‍ ഇതിനൊന്നും തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.

ബുധനാഴ്ച മാത്രം ബിജ്‌നോര്‍ ജില്ലാകോടതി 48 പേര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. പൊലീസിനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്ത് ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

യു.പി തലസ്ഥാനമായ ലഖ്‌നൌവിലും നിരവധി പേര്‍ക്ക് ഇത്തരത്തില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം സംസ്ഥാനത്ത് നടന്ന പ്രകഷോഭത്തിനിടെ 21 പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് നടത്തിയത് തിടുക്കത്തിലാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. നിരപരാധികളെ ഉപദ്രവിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

SHARE