അക്കിത്തത്തിന് ജ്ഞാനപീഠം കിട്ടിയത് സംഘപരിവാറായതിനാല്‍; സി.പി.എം പ്രതിനിധി പ്രഭാവര്‍മ പിന്തുണച്ചത് തെറ്റ്- വിമര്‍ശനവുമായി അസീസ് തരുവണ

കോഴിക്കോട്: കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്‌കാരം നല്‍കിയതിനെതിരെ രൂക്ഷ പ്രതികരണവുമായി എഴുത്തുകാരന്‍ ഡോ.അസീസ് തരുവണ. സംഘപരിവാറുകാരനായതിനാലാണ് അക്കിത്തം ജ്ഞാനപീഠ പുരസ്‌കാരത്തിന് അര്‍ഹനായതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര പ്രസ്ഥാനമായ ആര്‍.എസ്.എസിന്റെ സ്തുതിപാഠകനായ ‘സാംസ്‌കാരിക പ്രവര്‍ത്തകനാണ്’ അക്കിത്തമെന്നും അദ്ദേഹം പറഞ്ഞു. അക്കിത്തത്തിന് ജ്ഞാനപീഠം നല്‍കിയ സമിതിയില്‍ ഉണ്ടായിരുന്ന ഇടതുപക്ഷ പ്രവര്‍ത്തകന്‍ പ്രഭാവര്‍മയെയും അദ്ദേഹം വിമര്‍ശിച്ചു. സംഘപരിവാര ആജ്ഞകളെ വിയോജിപ്പുകള്‍ ഇല്ലാതെ നടപ്പാക്കിക്കൊടുക്കലാണോ ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തനമെന്നും പ്രഭാവര്‍മയെ മുന്‍നിര്‍ത്തി അദ്ദേഹം ചോദിച്ചു.

അസീസ് തരുവണയുടെ കുറിപ്പ് ഇങ്ങനെ:

അക്കിത്തത്തിനു കിട്ടിയ ജ്ഞാനപീഠത്തെ അത്രമേല്‍ മഹത്വവത്കരിക്കേണ്ടതുണ്ടോ?

സംഘ് പരിവാറിന്റെ സാംസ്‌ക്കാരിക സംഘടനയായ ‘തപസ്യ’യുടെ രക്ഷാധികാരിയാണ് അക്കിത്തം. അതിനാല്‍ ബി.ജെ.പി രാജ്യം ഭരിക്കുന്ന കാലത്ത് അക്കിത്തത്തിനു ജ്ഞാനപീഠം കിട്ടുക എന്നത് തികച്ചും സ്വാഭാവികമാണ്.

അക്കിത്തം കവി എന്ന നിലയില്‍ ജ്ഞാനപീഠത്തിനു അര്‍ഹനാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് യോജിപ്പില്ലെന്നും ചില ഇടതുപക്ഷ സുഹൃത്തുക്കള്‍ പോലും സോഷ്യല്‍ മീഡിയയിലും മറ്റും എഴുതി കണ്ടു. പൊളിറ്റിക്കലീ ഒട്ടും കറക്ടല്ലാത്ത നിലപാടാണിത് എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.

മാനവിക പക്ഷത്തു നിലയുറപ്പിച്ച കാലത്ത് അദ്ദേഹം എഴുതിയ ഏതാനും കവിതകള്‍ മാറ്റി നിര്‍ത്തിയാല്‍ അക്കിത്തത്തിന്റെ സംഭാവനകള്‍ എന്തൊക്കെയാണ്? ഭാഷയിലും ഭാവുകത്വ നവീകരണത്തിലും അദ്ദേഹം വല്ല ഇടപെടലും നടത്തിയിട്ടുണ്ടോ?

‘കത്തുന്ന നഗരത്തിന്റെ തീനാമ്പുകള്‍ കൊത്ത് വായിക്കപ്പെടുന്ന ഫിഡലിന്റെ സംഗീതമാണോ കവിത?’
ഗുജറാത്തിലെ നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍, പച്ചമനുഷ്യരെ പട്ടിയെ പോലെ തല്ലി കൊല്ലുമ്പോള്‍ ഈ കവിയില്‍ നിന്ന് ‘അരുത് ‘ എന്നൊരു വാക്കു നാം കേട്ടിട്ടുണ്ടോ?
ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര പ്രസ്ഥാനമായ ആര്‍.എസ്.എസിന്റെ സ്തുതിപാഠകനായ ‘സാംസ്‌ക്കാരിക പ്രവര്‍ത്തകനാണ് അക്കിത്തം’. അദ്ദേഹത്തിന് ജ്ഞാനപീഠം നല്‍കിയ സമിതിയില്‍ ‘ഇടതുപക്ഷ ‘കവിയായ പ്രഭാവര്‍മ്മയുണ്ട് എന്ന കാര്യം പുരോഗമന കലാസാഹിത്യ ( പു.ക.സ ) സംഘമെങ്കിലും ചര്‍ച്ച ചെയ്യേണ്ടതാണ്.

സച്ചിദാനന്ദന്‍, ആനന്ദ് , കെ.ജി.എസ്, തുടങ്ങിയ മലയാളത്തിന്റെ അഭിമാനങ്ങളായ എഴുത്തുകാര്‍ ജീവിച്ചിരിക്കെ, പ്രഭാവര്‍മ്മയ്ക്ക് അക്കിത്തത്തെ എങ്ങനെ നിര്‍ദ്ദേശിക്കാനായി?
മുകളില്‍ നിന്നു( സംഘ് പരിവാറില്‍ നിന്ന്)ള്ള ആജ്ഞകളെ വിയോജിപ്പുകള്‍ ഇല്ലാതെ നടപ്പിലാക്കികൊടുക്കലാണോ ഇടതുപക്ഷ സാംസ്‌ക്കാരിക പ്രവര്‍ത്തനം ?

കഴിഞ്ഞ ദിവസം കണ്ട അക്കിത്തവുമായുള്ള ഒരഭിമുഖത്തില്‍ യജ്ഞ യാഗ സംസ്‌ക്കാരത്തെ തിരിച്ചു കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം പറയുന്നുണ്ട്.. ആര്യാധിനിവേശചരിത്രം കെട്ടുകഥയാണെന്നും അദ്ദേഹം പറയുന്നുണ്ട്. സംഘ് പരിവാറിന്റെ പുനരുദ്ധാനവാദങ്ങള്‍ക്ക് ആശയാടിത്തറയൊരുക്കി കൊടുക്കുവാന്‍ മാത്രമാണ് അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി എന്ന ഈ വൃദ്ധ കവി ഇപ്പോള്‍ പണിയെടുത്തു കൊണ്ടിരിക്കുന്നത്. ജ്ഞാനപീഠലബ്ധി അതിനുള്ള പ്രത്യുപകാരം മാത്രമാണ്. തമസ്സിന് വെളിച്ചത്തെക്കാള്‍ മഹത്വം കാണുന്ന / ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയകളെ നെഞ്ചേറ്റുന്ന ഈ കവിയെ തുറന്നു കാട്ടപ്പെടേണ്ടതുണ്ട്.

ചആ: കേരളത്തില്‍ നിന്ന് അടുത്ത ജ്ഞാനപീഠം സുഗതകുമാരിക്കായിരിക്കുമെന്ന് ഇപ്പോഴേ പ്രവചിക്കാവുന്നതാണ്….

SHARE