ആസ്‌ത്രേലിയന്‍ ആഭ്യന്തരമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു; ഇവാങ്ക ട്രംപുമായുള്ള കൂടികാഴ്ചക്ക് പിന്നാലെ

ദിവസങ്ങള്‍ക്ക് മുന്‍പ് ആഭ്യന്തരമന്ത്രി പീറ്റര്‍ ഡെട്ടണ്‍ വാഷിങ്ടണില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപുമായി നടത്തിയ കൂടിക്കാഴ്ച

കാന്‍ബറ: ആസ്‌ത്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡെട്ടണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ക്വീന്‍സ് ലാന്‍ഡ് ആസ്പത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പീറ്റര്‍ ഡെട്ടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്കയുമായി കൂടിക്കാഴ്ച നടത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡെട്ടണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച് ആറിനാണ് ഇവാങ്ക ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. വാഷിംഗ്ടണിലെ ഓസ്‌ട്രേലിയന്‍ എംബസി പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ ഇവര്‍ കൂടിക്കാഴ്ചക്കിടെ ഇവര്‍ തൊട്ടടുത്ത് നില്‍ക്കുന്നത് വ്യക്തമാണ്.

അതേസമയം ഡട്ടണ്‍ അപ്പോള്‍ വൈറസ് ബാധിച്ചുവെന്ന് വ്യക്തമായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ അനുഭവപ്പെട്ട ചെറിയ പനിയും തൊണ്ടവേദനയേയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും പീറ്റര്‍ ഡെട്ടണിന്റെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രോഗം സ്ഥിരീകരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പീറ്റര്‍ ഡെട്ടണ്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഡെട്ടണ്‍ വാഷിങ്ടണില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ആഭ്യന്തരമന്ത്രിയായ പീറ്റര്‍ ഡട്ടണ്‍ കഴിഞ്ഞയാഴ്ച അമേരിക്കയില്‍ നടന്ന രഹസ്യാന്വേഷണ സഖ്യത്തിലെ അംഗങ്ങളായ ഓസ്‌ട്രേലിയ, അമേരിക്ക, ബ്രിട്ടന്‍, കാനഡ, ന്യൂസിലാന്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലും ഡട്ടണ്‍ പങ്കെടുത്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. മീറ്റിങില്‍ പ്രധാനമന്ത്രിയോ മന്ത്രിസഭയിലെ മറ്റേതെങ്കിലും അംഗങ്ങളോ പങ്കെടുത്തിരുന്നില്ല. എന്നാല്‍ പങ്കെടുത്ത മറ്റ് ആളുകളില്‍ ഇതുവരെ ലക്ഷണങ്ങളൊന്നും റിപ്പോര്‍ട്് ചെയ്തിട്ടില്ല.

അതേസമയം ന്യൂസിലാന്റ് ആഭ്യന്തരകാര്യ മന്ത്രി ട്രേസി മാര്‍ട്ടിന്‍ ഡട്ടനെ വാഷിംഗ്ടണില്‍ സന്ദര്‍ശിച്ചതിനാല്‍ സ്വയം നിരീക്ഷണത്തിലാണെന്നും ശനിയാഴ്ച വൈറസ് പരിശോധനയ്ക്ക് വിധേയനാകുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

രോഗം ലക്ഷണങ്ങളുടെ 24 മണിക്കൂറില്‍ ഡെട്ടണുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളുകള്‍ നിരീക്ഷണത്തിന്റെ ഭാഗമായി സ്വയം വിട്ടുനില്‍ക്കണമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ഇതുവരെ 184 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു.