കലാശപ്പോരില്‍ ഇന്ത്യയെ വീഴ്ത്തി ഓസീസ്

കലാശപ്പോരാട്ടത്തില്‍ നിറഞ്ഞാടിയ ആസ്‌ട്രേലിയക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. ട്വന്റി 20 വനിത ലോകകപ്പിന്റെ ഫൈനല്‍ വരെ തോല്‍വിയറിയാതെ എത്തിയ ഇന്ത്യയെ 85 റണ്‍സിനാണ് ആസ്‌ട്രേലിയ തകര്‍ത്തത്. വനിത ദിനത്തില്‍ മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ സ്വന്തം നാട്ടുകാരെ ആവേശത്തിലാറാടിച്ച് ആസ്‌ട്രേലിയ അഞ്ചാം കിരീടമുയര്‍ത്തുമ്പോള്‍ മറ്റൊരു ഫൈനലില്‍ കൂടി ഇന്ത്യന്‍ വനിതകളുടെ കണ്ണീര്‍വീണു.

ആസ്‌ട്രേലിയ ഉയര്‍ത്തിയ 184 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് ഒരിക്കല്‍ പോലും വെല്ലുവിളി ഉയര്‍ത്താനായില്ല. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ട്വന്റി 20 റാങ്കിങ്ങിലെ ഒന്നാംറാങ്കുകാരി ഷെഫാലി വര്‍മയെ നഷ്ടമായതോടെ ഇന്ത്യയുടെ വിധി തീരുമാനിക്കപ്പെട്ടിരുന്നു.

ജെമിയ റോഡിഗ്രസ് പൂജ്യത്തിനും സ്മൃതി മന്ദാന 11 റണ്‍സിനും മടങ്ങി. ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് വെറും 4 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. 33 റണ്‍സെടുത്ത ദീപ്തി ശര്‍മയാണ് ഇന്ത്യന്‍ നിരയിലെ ടോപ്‌സ്‌കോറര്‍. ആസ്‌ട്രേലിയക്കായി മെഗന്‍ സ്‌കട്ട് നാലും ജെസ് ജൊനാസെന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. 39 പന്തില്‍ നിന്നും 75 റണ്‍സടിച്ച അലിസ ഹീലിയും 54 പന്തില്‍ നിന്നും 78 റണ്‍സടിച്ച ബെത്ത് മൂണിയുമാണ് ആസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

SHARE