പ്രവാസി ക്വാറന്റൈന്‍; ഇനി പാവപ്പെട്ടവരെ തിരയല്‍

അഡ്വ എം ടി പി എ കരീം

വിദേശത്തു നിന്നുമെത്തുന്ന പ്രവാസികള്‍ ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണമെന്ന മുന്‍ നിലപാടില്‍ ചെറിയൊരു തിരുത്തല്‍ വരിത്തിയിരിക്കുകയാണിപ്പോള്‍ മുഖ്യമന്ത്രി. അവര്‍ യാത്രാ ചെലവ് കൊടുത്ത് വരുന്നവരല്ലേ, ഇതും അതിന്റെ ഭാഗമാണെന്നായിരുന്നു പിണറായി തന്റെ അഞ്ചു മണി ഷോയില്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ആദ്യം നല്‍കിയ മറുപടി. സൗജന്യം നല്‍കാന്‍ സര്‍ക്കാറിന്റെ കയ്യില്‍ പണമില്ലെന്ന് പറയാനും അദ്ദേഹത്തിന് അശ്ശേഷം മടിയുണ്ടായില്ല. ഇടിവെട്ടേറ്റവനെ പാമ്പും കടിച്ചുവെന്ന അവസ്ഥയിലായി പിണറായിയുടെ ഉത്തരവാദിത്വത്തില്‍ നിന്നുമുള്ള കൈകഴുകല്‍ പ്രഖ്യാപനം.

മടങ്ങി വരുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാനായി രണ്ടര ലക്ഷം കിടക്കകള്‍ അടക്കമുള്ള സര്‍വ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാറാണിത്. പി ആര്‍ വര്‍ക്കിലൂടെ കൃത്രിമ പ്രതിച്ഛായ സൃഷ്ടിക്കാനും ചുറ്റിലുമുള്ള ഉപദേശക വൃന്ദത്തെ തീറ്റിപ്പോറ്റിയും വി.എസിന്റെ പടയൊരുക്കത്തിന് തടയിടാന്‍ ഭരണപരിഷ്‌ക്കാരത്തിന്റെ പേരില്‍ 20 കോടിയും മുഖം മിനുക്കി നാം മുന്നോട്ട് പാര്‍ട്ടിചാനല്‍ പരിപാടിക്ക് 5.26 കോടിയും വനിതാ മതില്‍ കെട്ടാന്‍ 50 കോടിയും തുടങ്ങി പ്രളയ ദുരിതാശ്വാസത്തില്‍ പോലും കയ്യിട്ട് വാരി ധൂര്‍ത്തടിച്ച സര്‍ക്കാറാണ് നാടും വീടും വിട്ടിറങ്ങി നാടിന്റെ നട്ടെല്ലായി നിന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ നിഷേധിച്ച് കൊടും ക്രൂരത കാണിച്ചത്.

ജോലി നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തുന്നവര്‍ക്ക് വിദേശത്ത് നിന്നും വാങ്ങിയ ആറ് മാസത്തെ ശമ്പളത്തിന് തുല്യമായ തുക സൗജന്യമായി നല്‍കുമെന്ന് ഒരു വര്‍ഷം മുമ്പ് ഗള്‍ഫില്‍ വെച്ച് തട്ടിവിട്ട പിണറായി വിജയന്റെ മറ്റൊരു തള്ളായിരുന്നു ക്വാറന്റൈന്‍ സൗജന്യമെന്ന പ്രഖ്യാപനമെന്നറിയാന്‍ അധികനാള്‍ വേണ്ടി വന്നില്ല. സര്‍വ മേഖലയിലും വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു തരിമ്പും സാമ്യതയില്ലാത്ത ദുഷ് ചെയ്തികളുടെ ഘോഷയാത്രയാണ് പിന്നിട്ട നാലു വര്‍ഷത്തെ ഇടതുഭരണം. ക്വാറന്റൈന്‍ നിഷേധം ഉയര്‍ത്തിയ വന്‍ പ്രതിഷേധത്തില്‍, കാലിനടിയിലെ മണ്ണ് കൂടി ഒലിച്ചുപോകുമെന്ന തിരിച്ചറിവാണത്രെ പാവപ്പെട്ടവരുടെ ചെലവ് വഹിക്കുമെന്ന രണ്ടാം ദിനത്തിലെ പിണറായിയുടെ മനംമാറ്റത്തിന് പിന്നില്‍ . ജനരോഷം ഏത് ഏകാധിപതികളെയും തിരുത്തുമെന്നതിന്റെ മറ്റൊരു മകുടോദാഹരണം.

സര്‍ക്കാറിന് കഴിയിലെങ്കില്‍ പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് യു ഡി എഫ് നല്‍കുമെന്ന സയ്യിദ്‌ഹൈദരലി ശിഹാബ് തങ്ങളുടേയും പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെയും നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന വാക്കുകളും അവര്‍ക്ക് സര്‍വ സൗകര്യവുമൊരുക്കാന്‍ ഒരു ജനത നാട്ടില്‍ ജീവിച്ചിരിപ്പുണ്ടെന്ന തിരിച്ചറിവുമാണ് അവസാനം ഇങ്ങനെയെങ്കിലും മാറ്റിപറയിക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചത് . പാവങ്ങളും പണക്കാരുമില്ലാത്ത സമത്വസുന്ദര സമൂഹസൃഷ്ടിയാണ് ലക്ഷ്യമെന്ന് പുരപ്പുറത്ത് കയറി വാചോടോപം നടത്തുന്നവര്‍, കാര്യത്തോടടുക്കുമ്പോള്‍ മനുഷ്യരെ തട്ടുതിരിക്കുന്നത് എത്ര ലജ്ജാകരമാണ്! മലയാളിയുടെ നന്മ മനസ്സിന്റെ പേറ്റന്റ് സ്വന്തമാക്കാനുള്ള വ്യഗ്രതയായിരുന്നു പിണറായിക്ക് കോവിഡ് കാലം . ക്വാറന്റൈന് വേണ്ടി സ്ഥാപനങ്ങള്‍ വിട്ട് നല്‍കാമെന്ന് മത സംഘടനകളും ഭക്ഷണമടക്കമുള്ള ചിലവുകള്‍ ഏറ്റെടുക്കാമെന്ന് സന്നദ്ധ സംഘടനകളും നേരത്തെ സര്‍ക്കാറിനെ അറിയിച്ചതാണ്. എന്നാല്‍ ക്രെഡിറ്റ് അവര്‍ക്ക് പോകുമോയെന്ന ഭയമാണ് സര്‍ക്കാറിനെ പിന്നോട്ടടുപ്പിച്ചത്.

വിദേശത്തു നിന്നും വരുന്നവരില്‍ ഭൂരിഭാഗത്തിനും പെയ്ഡ് ക്വാറന്റൈനില്‍ കഴിയാനുള്ള സാമ്പത്തിക ശേഷിയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍. വേലയും വേതനവുമില്ലാതെ മാസങ്ങളായി താമസ സ്ഥലങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ട മഹാ ഭൂരിഭാഗവും കെ എം സി സി അടക്കമുള്ളവരുടെ സഹായത്തിലാണ് ഭക്ഷണമടക്കം തരപ്പെടുത്തിയത് എന്നത് മുഖ്യമന്ത്രിക്കടക്കം അറിയാത്തതല്ല.

ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാതെയും ലോക്ക്ഡൗണില്‍ കുടുങ്ങിയ പ്രവാസിക്ക് 5000 ക നല്‍കാമെന്നും പറഞ്ഞ് പറ്റിച്ച പിണറായിയെയാണ് ഇതിഹാസം രചിച്ച രാജ എന്ന വിശേഷണം നല്‍കി സൈബര്‍ സഖാക്കള്‍ എഴുന്നെള്ളിക്കുന്നത്. വിമാനമാര്‍ഗവും കപ്പല്‍ വഴിയും ഇതുവരെ എത്തിയ പ്രവാസികളുടെ എണ്ണം 11,037 ആണ്. ഔദ്യോഗിക കണക്ക് പ്രകാരം ആകെ പ്രവാസികളുടെ പത്ത് ശതമാനത്തിലും താഴെയാണ് ഇതുവരെയായി നാടണഞ്ഞവര്‍. ഇതില്‍ 5842 പേര്‍ മാത്രമാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നാട്ടില്‍ വിമാനമിറങ്ങിയ പ്രവാസിയെ പ്രതിദിനം 1000 ക ചെലവ് വരുന്ന പെയ്ഡ്ക്വാറന്റൈനില്‍ പോകാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയാണിപ്പോള്‍. ഇതിന് സമ്മതിക്കാത്തവരെ ചെക്ക് പോസ്റ്റുകളില്‍ പ്രാഥമിക സൗകര്യം പോലും നല്‍കാതെ മണിക്കൂറുകളോളം തടഞ്ഞ് വെച്ച സംഭവമാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ -കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ കാലിക്കടവിലുണ്ടായത്.
ഇരിയ്ക്കട്ടെ, പാവപ്പെട്ടവര്‍ക്കാണ് ഇനി ചെലവ് ചീട്ടെങ്കില്‍ എന്താണതിന് മാനദണ്ഡം? വരുമാനം തെളിയിക്കാന്‍ വല്ല രേഖയും വേണ്ടിവരുമോ? പണിയില്ലാതെ താമസ സ്ഥലത്ത് കഴിയുകയായിരുന്നു എന്നതിന് ഗള്‍ഫ് അധികൃതരുടെ കത്ത് വേണ്ടിവരുമോ? അല്ലെങ്കില്‍ ഭരണകക്ഷി പാര്‍ട്ടിയുടെ ശുപാര്‍ശയാണോ വേണ്ടത്? അതുമല്ല, വിമാനത്താവളത്തിലെത്തിയാല്‍ ശരീരോഷ്മാവ് പരിശോധിക്കും പ്രകാരം, പാവപ്പെട്ടവനാണെന്ന് കണ്ടെത്താന്‍ വല്ല യന്ത്രവും കണ്ടു പിടിക്കപ്പെട്ടിട്ടുണ്ടോ?

കേറിവാടാ മക്കളെ എന്ന് പറഞ്ഞ ശേഷം, വെക്കടാ പണമെന്നും, സര്‍ക്കാര്‍ കൂടെയുണ്ടെന്നും പറയുന്ന ഉഡായിപ്പ് പറയുന്നവര്‍ക്ക് പാവങ്ങളെ തരം തിരിക്കാന്‍ മറ്റ് വല്ല മാര്‍ഗവും കാണുമായിരിക്കും. ഇനിയും പറഞ്ഞ് പറ്റിക്കില്ലെന്ന് ആരു കണ്ടു? പ്രവാസി സഞ്ചരിച്ച 108 ആമ്പുലന്‍സിന്റെ വാടകയും കെ എസ് ആര്‍ ടി സി ബസ് ചാര്‍ജും കൂടെ മൊബൈല്‍ സിമ്മിന്റെ വിലയും അടുത്തുള്ള ആഫീസില്‍ അടക്കണമെന്ന ഉത്തരവ് കൂടി വരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ചുരുക്കത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന മുദ്രപത്രത്തില്‍ എഴുതി വാങ്ങേണ്ടി വരുന്ന സ്ഥിതിയാണെന്ന പ്രവാസി സുഹൃത്തിന്റെ വാക്കുകള്‍ എത്ര അന്വര്‍ത്ഥം!

SHARE