ഒരു കര്‍മകാണ്ഠത്തിന്റെ സ്മരണയില്‍

കെ.പി ജലീല്‍

എറണാകുളം ഗസ്റ്റ്ഹൗസില്‍ യുവാവും അയാളുടെ വൃദ്ധമാതാവും കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദിനെതേടി എത്തിയിരിക്കുന്നു. വിവരമറിഞ്ഞ് അവരെ അകത്തേക്ക് കയറ്റിവിടാന്‍ ഗണ്‍മാനോട് മന്ത്രി നിര്‍ദേശിച്ചു. ഇരുവരും മന്ത്രിയുടെ അടുത്തെത്തി സന്ദര്‍ശനോദ്ദേശ്യം വിശദീകരിച്ചു: വിദേശരാജ്യത്ത് തന്റെ പുത്രന്മാരിലൊരാള്‍ അകാരണമായി ജയിലില്‍ അടയ്ക്കപ്പെട്ടുകിടക്കുകയാണെന്നും വിട്ടുകിട്ടണമെന്നും വയോധിക ആവശ്യപ്പെട്ടു. പത്രക്കാരടക്കം ഏതാനും പേര്‍കൂടി മന്ത്രിയുടെ മുറിയിലുണ്ട്. അവരോട് ആംഗ്യം കാട്ടിയശേഷം പി.എയോട് പേരു പറഞ്ഞ് അംബാസഡറെ വിളിക്കാന്‍ നിര്‍ദേശം. ഫോണ്‍ മന്ത്രിയിലേക്ക്. അങ്ങേത്തലക്കല്‍ അംബാസഡര്‍. വിഷയം പറഞ്ഞശേഷം ഉടന്‍ വേണ്ടതുചെയ്യാന്‍ മന്ത്രിയുടെ നിര്‍ദേശം. പതുക്കെ മന്ത്രിയുടെ ഭാവം മാറുന്നു. ‘ഡോണ്ട് മേക്ക് എ സ്പീച്ച്. ഡു വാട്ട് യു ഹാവ് ടോള്‍ഡ് ഇമ്മീഡിയറ്റ്‌ലി’. അതൊരു കര്‍ശനസ്വരമാണ്. മനുഷ്യസ്വാതന്ത്ര്യത്തിനും നീതിക്കും അനാവശ്യമായ നൂലാമാലകള്‍ തടസ്സമായിക്കൂടാ. അതായിരുന്നു ഇ.അഹമ്മദ് എന്ന പച്ച മനുഷ്യന്റെ വിശ്വാസവും ജീവിത ഊര്‍ജവും.

‘മരണംവരെ എനിക്ക് വിശ്രമമില്ല. എല്ലാദിവസവും ആര്‍ക്കെങ്കിലുമൊക്കെവേണ്ടി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം. അത് തുടരുകതന്നെ ചെയ്യും’. സ്വകാര്യടെലിവിഷന്‍ അവതാരകന്റെ ചോദ്യത്തിന് മറുപടിയായി ഇ.അഹമ്മദ് ഒരിക്കല്‍ ചിരിച്ചുകൊണ്ട് പറഞ്ഞതങ്ങനെ. സ്വജീവിതം മറ്റുള്ളവര്‍ക്കായി ഉഴിഞ്ഞുവെച്ച മനുഷ്യസ്‌നേഹിയായ ജനനേതാവ്. ഇങ്ങനെയൊരാള്‍ ജീവിച്ചിരിന്നോ എന്ന ചോദ്യത്തിന് അനവധി പേരെയൊന്നും ഉദാഹരിക്കാനില്ല. അരനൂറ്റാണ്ടുകാലം ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മടങ്ങിപ്പോയ ഇ. അഹമ്മദിനെ അതുകൊണ്ടുതന്നെയായിരിക്കണം മതേതര ഇന്ത്യ അദ്ദേഹത്തിന്റെ മൂന്നാം ചരമവാര്‍ഷികദിനത്തിലും അതേ സജീവതയോടെ ഓര്‍മിക്കുന്നത്.
ആരായിരുന്നു ഇ. അഹമ്മദ് എന്ന ചോദ്യത്തിനുള്ള ഉത്തരം അദ്ദേഹത്തിന്റെ മരണദിനത്തിന്റെ തലേന്ന് ഇന്ത്യ കണ്ട എക്കാലത്തെയും വലിയ മഹാന്റെകൂടി ചരമദിനമായിരുന്നുവെന്ന് ഓര്‍ത്താല്‍ മതി. ജനുവരി 31ന് തന്റെ തന്നെ പ്രവചനംപോലെ തന്റെ പ്രവര്‍ത്തനപന്ഥാവില്‍ നിറഞ്ഞുനിന്നുകൊണ്ടുതന്നെയാണ് ഇ. അഹമ്മദ് മരണത്തെയും വരിച്ചത്. രാഷ്ട്രപതി ഇന്നലെ അതേദിവസം ഇന്ത്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുമ്പോള്‍ ഇ. അഹമ്മദിന്റെ സ്മരണകള്‍ പാര്‍ലമെന്റിലെയും രാഷ്ട്രീയത്തിലെയും അദ്ദേഹത്തിന്റ സഹപ്രവര്‍ത്തകരില്‍ പലരും അയവിറക്കിയിട്ടുണ്ടാവും.

ഇവിടെ ഇരുന്നാണ് അദ്ദേഹം ജീവിതകര്‍മകാണ്ഡത്തിന്റെ മുക്കാല്‍പങ്കും നാടിനും നാട്ടുകാര്‍ക്കും വേണ്ടി വിനിയോഗിച്ചത്. ആ വിയോഗം പക്ഷേ ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിന്റെ ഗതിയിലെ മറ്റൊരു വഴിത്തിരിവിന്കൂടി കാരണമായിരുന്നുവെന്നതാണ് ഇന്ന് നമ്മെ തുറിച്ചുനോക്കുന്ന യാഥാര്‍ത്ഥ്യം. ഇ. അഹമ്മദ് പാര്‍ലമെന്റംഗമായിരുന്ന കാലത്തെല്ലാം ഇന്ത്യന്‍ രാഷ്ട്രീയരംഗം മതേരത്വത്തില്‍നിന്ന് മെല്ലെമെല്ലെ വഴുതിപ്പോകുകയായിരുന്നു. അത് നേരില്‍കണ്ട അകമേയും പുറത്തും മുറവിളികൂട്ടിയ നേതാവായിരുന്നു അദ്ദേഹം. തന്നോട് സംവദിക്കുന്നവരോടും മാധ്യമപ്രവര്‍ത്തകരോടും മാത്രമല്ല, തന്റെ പാര്‍ട്ടി നേതാക്കളോടും അണികളോടും രാജ്യത്തിന്റെ ചുക്കാന്‍പിടിക്കുന്നവരോടുമെല്ലാം ഇ. അഹമ്മദ് അക്കാര്യം ചൂണ്ടിക്കാട്ടി. വേദനനിറഞ്ഞ ദിനങ്ങളായിരുന്നു പാര്‍ലമെന്ററി രാഷ്ട്രീയജീവിതത്തിലെ സായാഹ്നകാലം. ബാബരി മസ്ജിദിന്റെ തകര്‍ച്ച, ഗുജറാത്ത്, കോയമ്പത്തൂര്‍ കലാപങ്ങള്‍, ആര്‍.എസ്.എസ് ആശയക്കാരുടെ അധികാരാരോഹണം എല്ലാം വല്ലാത്ത മുറിവാണ് അദ്ദേഹത്തിലുണ്ടാക്കിയത്. അത് ഡോ. മന്‍മോഹന്‍സിങിനോടും സോണിയാഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളോടും മാത്രമല്ല, തന്നോട് അടുപ്പമുണ്ടായിരുന്ന എ.ബി വാജ്‌പേയിയോടും പലപ്പോഴും വിഷമം പങ്കുവെച്ചു.

ഇന്ത്യയുടെ മതേതരത്വം തകര്‍ന്നാല്‍ രാജ്യം തന്നെ ഉണ്ടാവില്ലെന്ന് അദ്ദേഹം വിശ്വസിക്കുകയും അതിനെതിരെ കഴിയാവുന്നത്ര പ്രവര്‍ത്തിക്കുകയും ചെയ്തു.കാപട്യം അതിലൊട്ടും കണ്ടെത്താന്‍ ആര്‍ക്കുമായതുമില്ല. പിന്നീട് വന്ന ബി.ജെ.പിയുടെ തീവ്രവലതുപക്ഷത്തിന് പോലും. മരണം സ്ഥിരീകരിച്ചശേഷവും അദ്ദേഹത്തോടും കുടുംബത്തോടും അവര്‍ കാട്ടിയ അനാദരവിലൂടെയായിരുന്നു പക്ഷേ പകരംവീട്ടല്‍. മുസ്‌ലിം രാഷ്ട്രീയ നേതാവിന് മോദിയുടെ ഇന്ത്യ എങ്ങനെ പെരുമാറുമെന്ന നേര്‍ അനുഭവമായിരുന്നു ആസ്പത്രിയിലെ ജനുവരി 31-ഫെബ്രുവരി 01 രാത്രിയിലെ ആ ദുരനുഭവം. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ മതേതര കക്ഷികളൊന്നാകെ ഇ.അഹമ്മദിനുവേണ്ടി ശബ്ദിച്ചതും. അതിന്റെ തുടര്‍ച്ചയാണ് ഇന്ന് കാണുന്ന രാജ്യത്തെ പ്രതിപക്ഷ ഐക്യം.

കോണ്‍ഗ്രസുമായി എന്നും ഒരുമിച്ചുനിന്നുകൊണ്ട് മാത്രമേ രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാന്‍ മുസ്‌ലിംകള്‍ക്കാകൂവെന്ന വിശ്വാസക്കാരനായിരുന്നു മുസ്‌ലിംലീഗ് നേതാവ് ഇ. അഹമ്മദ്. കേരളത്തിലെ മുന്നണി പരീക്ഷണം രാജ്യത്തേക്ക് വലിച്ചടുപ്പിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. തന്റെ നേതാക്കളായ ഖാഇദേമില്ലത്തും സി.എച്ചും മുതലിങ്ങോട്ട് പാര്‍ട്ടിയും രാജ്യവും പിന്തുടര്‍ന്നുവന്ന മതേതരത്വത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും വഴിത്താരയിലൂടെ ഒരിഞ്ചുപോലും തെന്നിമാറാതെയായിരുന്നു ആ സഞ്ചാരം. ഗുജറാത്ത് വംശഹത്യകാലത്ത് നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ സംസ്ഥാനത്ത് പ്രവേശനം നിഷേധിച്ചപ്പോള്‍ കണ്ണീരൊപ്പുന്ന മനുഷ്യര്‍ക്കുവേണ്ടി ഓടിയെത്തിയ നേതാവ്. കോയമ്പത്തൂരിലും ആ നേതാവിനെതന്നെയാണ് തോക്കിന്‍കുഴലുകള്‍ക്കിടയിലൂടെ തലയുയര്‍ത്തിപ്പിടിച്ച് നടന്നുപോകുന്ന നായകനിലൂടെ രാജ്യം കണ്ടത്. പൗരത്വഭേദഗതി നിയമത്തിലൂടെ മുസ്‌ലിംകളെ രണ്ടാംതരം പൗരന്മാരാക്കുന്ന ഫാസിസ്റ്റ് രീതിയെ അദ്ദേഹം മുന്‍കൂട്ടിക്കണ്ടിരുന്നുവെന്നതിന് തെളിവായിരുന്നു കലാപഭൂമികളിലെ ഉള്‍പ്പെടെയുള്ള ഇ.അഹമ്മദിന്റെ തീതുപ്പുന്ന വാക്കുകള്‍. മോദിക്കും അമിത്ഷാക്കുമൊന്നും അഹമ്മദിനെ രുചിക്കാതെ പോയതും മറ്റൊന്നുംകൊണ്ടല്ല. ഇന്ന് രാജ്യം ഒറ്റമനസ്സോടെ പൗരത്വവിവേചനനിയമത്തെയും ഫാസിസത്തെയും എതിര്‍ക്കുമ്പോള്‍ തെളിയുന്നത് ഇ.അഹമ്മദിന്റെ ആ ദീര്‍ഘദൃഷ്ടിയാണ്.

2004 ജൂലൈയില്‍ മൂന്ന് ഇന്ത്യക്കാരെ ഇറാഖില്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയെങ്കിലും ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന രീതിയിലുള്ള മോചനമാണ് അഹമ്മദിന്റെ നയചാരുതയിലൂടെ നടന്നത്. പ്രവാസി ഇന്ത്യക്കാരുടെ അറ്റസ്റ്റേഷന് പ്രത്യേക കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താനും പാസ്‌പോര്‍ട്ട് സേവനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. മലപ്പുറം അടക്കമുള്ള പുതിയ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ അദ്ദേഹത്തിന്റെ ജനാധിപത്യ വീക്ഷണത്തിന്റെ തെളിവാണ്. കേരളത്തില്‍ മന്ത്രിയായിരിക്കുമ്പോള്‍ പല സഹപ്രവര്‍ത്തകരും അഹമ്മദിനോടാണ് സംശയങ്ങള്‍ ദൂരീകരിച്ചിരുന്നത്. വളരെ നേരത്തെതന്നെ ഉണര്‍ന്നെണീറ്റ് നിയമസഭയിലേക്കും മന്ത്രിസഭയിലേക്കും വേണ്ട കാര്യങ്ങള്‍ പഠിക്കുകയും നിയമവിദഗ്ധരുമായി ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. വിദേശകാര്യം, റെയില്‍വെ വകുപ്പുകളില്‍ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ അദ്ദേഹത്തിലെ ഭരണാധിപനെയും തുറന്നുകാട്ടി. നിരവധി ഇന്ത്യന്‍ തടവുകാരെ ഗള്‍ഫ് നാടുകളില്‍നിന്ന് നാട്ടിലെത്തിച്ചപ്പോഴും ഗള്‍ഫടക്കമുള്ള വിദേശരാജ്യങ്ങളിലെ നേതാക്കളുമായി ഇന്ത്യയുടെ ബന്ധം ഉറപ്പിക്കാന്‍ പരിശ്രമിച്ചപ്പോഴുമൊക്കെ ഈ ഭരണപാടവം അഹമ്മദില്‍ മുഴച്ചുനിന്നു.

ഇന്നും ഇന്ത്യക്ക് ഗള്‍ഫ്-പശ്ചിമേഷ്യന്‍ മേഖലയില്‍ തുടര്‍ന്നുവരുന്നതും രാജ്യത്തെ ജനതയും ഭരണാധികാരികളും അനുഭവിച്ചുവരുന്നതുമായ ബന്ധത്തിന് കാരണം ഇ. അഹമ്മദാണ്. ഐക്യരാഷ്ട്രസഭയില്‍ പത്തുതവണയോളം പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തപ്പോഴും അനുപമമായ ദേശസ്‌നേഹത്തോടൊപ്പം അപരിമേയമായ വാക്ചാതുരിയും സാര്‍വലൗകിക കാഴ്ചപ്പാടും സ്വച്ഛന്ദമായ നദിപോലെ അഹമ്മദില്‍നിന്ന് ലോകമെങ്ങും ഒഴുകിപ്പരന്നു. പാകിസ്താനോട് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തരുതെന്ന് വെട്ടിത്തുറന്ന് പറയുമ്പോള്‍ ലോക ജനത യഥാര്‍ത്ഥ രാജ്യസ്‌നേഹിയെ ആ മനീഷിയില്‍ ദര്‍ശിച്ചു. ഇന്ത്യയിലെ കശ്മീരിലേതടക്കമുള്ള മുസ്‌ലിംകളുടെ പ്രശ്‌നം തങ്ങള്‍ നോക്കിക്കൊള്ളാമെന്ന് പാക് ഭരണാധികാരികളോട് തുറന്നടിക്കാനും അദ്ദേഹം തയ്യാറായി. ഇന്ത്യയുടെ വിദേശനയത്തിന് പുതുഭാവുകത്വം പകരാന്‍ ഇതിടയാക്കി. ഫലസ്തീന്‍ നേതാക്കളുമായി ഇന്ത്യക്കുണ്ടായിരുന്ന ഊഷ്മള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് അഹമ്മദ് വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്.

പുതുലമുറയോട് അനിതര സാധാരണമായി സംവദിച്ച നേതാവും അഹമ്മദിനെപോലെ അപൂര്‍വമാണ്. അവരിലൂടെയാണ് ഭാവി ഇന്ത്യ രൂപപ്പെടുക എന്ന ദൃഢനിശ്ചയം ആ ഊഷ്മള ബന്ധത്തിലെവിടെയൊക്കെയോ ഉണ്ടായിരുന്നു. നല്ല ഭാഷാസ്‌നേഹിയും ഹിന്ദി, ഉര്‍ദു, ഇംഗ്ലീഷ് തുടങ്ങിയവയിലെ ബഹുഭാഷാപണ്ഡിതനുമായിരുന്നു. ഒരിക്കല്‍ താന്‍ പാര്‍ലമെന്റിലെ പ്രസംഗത്തിലുപയോഗിച്ച വാചകമായ ‘ലുണാറ്റിക് ഫ്രിഞ്ചി’നെപ്പറ്റി ചന്ദ്രികയിലെ ഈ ലേഖകനോട് ലളിതമായ ഭാഷയില്‍ ടെലഫോണിലൂടെ വിശദീകരിച്ചുതന്നു അദ്ദേഹം. അഹമ്മദിലെ കവിഹൃദയത്തെ ഇഖ്ബാല്‍കവിതകളും ഹഠാദാകര്‍ഷിക്കുകയുണ്ടായി. വിശ്രമമില്ലാത്ത വേളകള്‍ക്കിടെ മനസ്സിന്റെ നോവുകള്‍ ഇറക്കിവെക്കാന്‍ അത് മതിയായിരുന്നു അദ്ദേഹത്തിന്. ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകരും രാജ്യത്തെ സര്‍വകലാശാലകളിലെയും മറ്റും ബുദ്ധിജീവികളും സാഹിത്യകാരന്മാരുമൊക്കെ ഇദ്ദേഹത്തിലെ ജ്ഞാനപടുവിനെ തിരിച്ചറിഞ്ഞു. പലരും അറിയാതെപോയ മറ്റൊന്നായിരുന്നു ഡല്‍ഹിയിലുള്‍പ്പെടെ അഹമ്മദ് രഹസ്യമായി ചെയ്തിരുന്ന സാധുജനസഹായം.

കേരളത്തില്‍ വ്യവസായരംഗത്തും മറ്റും ഇ.അഹമ്മദ് സംഭാവനചെയ്ത സേവനങ്ങള്‍ ഇന്നും സംസ്ഥാനം ബഹുമാനത്തോടെ ഓര്‍ക്കുന്നുണ്ട്. 19 മാസത്തിനിടെ 20 ട്രെയിനുകള്‍ അനുവദിച്ചതില്‍ മാത്രമല്ല, കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളോടും കെ. കരുണാകരന്‍, ഇ.കെ നായനാര്‍, എ.കെ ആന്റണി തുടങ്ങിയ മുഖ്യമന്തിമാരോടും നേതാക്കളോടും പാണക്കാട്തങ്ങള്‍ കുടുംബത്തോടുമെല്ലാം കക്ഷിരാഷ്ട്രീയത്തിനപ്പുറത്തുള്ള വ്യക്തിബന്ധം പുലര്‍ത്താനും അഹമ്മദിലെ നന്മക്ക് കഴിഞ്ഞു. വെറുതെയല്ല, മോദിയുടെ ഫാസിസ്റ്റ് കാലത്ത് രാജ്യത്തെയും അതിന്റെ ഭരണഘടനയെയും ഗാന്ധിയന്‍ ആശയങ്ങളെയും ന്യൂനപക്ഷ ദലിത് പിന്നാക്കക്കാരെയും സംരക്ഷിക്കാന്‍ ഇ. അഹമ്മദ് കൂടിയുണ്ടായിരുന്നെങ്കിലെന്ന് എല്ലാ മനുഷ്യസ്‌നേഹികളും ആശിച്ചുപോകുന്നത്. 1938 ഏപ്രില്‍ 29ന് കണ്ണൂരില്‍ ജനിച്ച് നഗരസഭാചെയര്‍മാന്‍ മുതല്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍, കേന്ദ്രസംസ്ഥാനമന്ത്രികളടക്കം ഉന്നതപദവികള്‍ വഹിച്ച് ഏഴുപതിറ്റാണ്ടോളം നീണ്ട കര്‍മകാണ്ഡത്തിന് 2017 ഫെബ്രുവരി ഒന്നിന് തിരശീല വീഴുമ്പോള്‍ എടപ്പകത്ത് അഹമ്മദിന്റെ ജീവിതം അദ്ദേഹം ഇച്ഛിച്ചതുപോലെതന്നെ സ്വയം സംഭവിക്കുകയായിരുന്നു. ഒരു ചിന്തകന്‍ പറഞ്ഞതുപോലെ, ജീവിതം ഒരിക്കലേ ഉള്ളൂ. അത് ശരിയായി ചെയ്തുതീര്‍ക്കുക. അത്രമതി. അതായിരുന്നു ഇ.അഹമ്മദ്!

SHARE