പ്രവാസികള്‍ മരിച്ചതോ, അതോ കൊന്നതോ

എസ്സ്. കൂട്ടുമ്മുഖം

പ്രവാസികള്‍ മരിച്ചതോ, അതോ കൊന്നതോ എന്ന ചോദ്യത്തിന് ആദ്യം ഉത്തരം പറയേണ്ടത് ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന രണ്ട് മലയാളികളാണ്. കേന്ദ്രത്തിലും കേരളത്തിലും അധികാര സോപാനത്തിലിരിക്കുന്ന രണ്ട് പേര്‍. വിദേശ കാര്യ സഹ മന്ത്രിയായ മുരളിയും കേരള മുഖ്യന്‍ പിണറായിയും. 173 പേരാണ് ഇന്നലെ വരെ വിദേശങ്ങളില്‍ മരിച്ച മലയാളികള്‍. കൊറോണ വൈറസ് പടയോട്ടം നടത്തുന്നതിന് മുമ്പേ യുഎഇയിലേയും കുവൈത്തിലെയും സര്‍ക്കാരുകള്‍ അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുപോകുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കേണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു പ്രതികരണവും നടത്താതെ കേന്ദ്രാ- സംസ്ഥാന സര്‍ക്കാരുകള്‍ ഇരുട്ടില്‍ തപ്പുകയാണുണ്ടായത്.
കുവൈത്തില്‍ നിയമ ലംഘകരായി കഴിഞ്ഞു കൂടിയിരുന്ന ഇന്ത്യക്കാരെ കുവൈത്ത് എയര്‍ വെയ്‌സിലും ഇത്തിഹാദിലുമായി സൗജന്യമായി ഫ്രീ ടിക്കറ്റില്‍ നാട്ടിലെത്തിക്കാമെന്നു കുവൈത്ത് വ്യക്തമാക്കി. എന്നാല്‍ ജോലിയും കൂലിയുമൊന്നുമില്ലാതെ പ്രയാസത്തിന്റ നെരിപ്പോടില്‍പ്പെട്ടുഴലുന്ന നമ്മുടെ സഹോദരങ്ങളുടെ പോക്കറ്റടിക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ഒരു തുണ്ട് കടലാസില്‍ എഴുതി ഒപ്പിട്ട് നല്‍കേണ്ട എമെര്‍ജന്‍സി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു (ഇസിഎല്‍) ആയിരത്തിലധികം രൂപ ഫീസായി നല്‍കേണമെന്ന വ്യവസ്ഥയാണ് എംബസി മുഖേന നടപ്പാക്കാന്‍ മുരളിയുടെ വിദേശ മന്ത്രാലയം ശ്രമിച്ചത് . ഉളുപ്പില്ലാത്ത നടപടിയില്‍ അമര്‍ഷം നുരഞ്ഞു പൊന്തിയപ്പോള്‍ അത് വേണ്ടെന്നു വെക്കേണ്ടി വന്നു.
കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് പറന്നുയരുന്ന ഫ്ളൈറ്റുകള്‍ക്കു അനുമതി നല്‍കാതെ അനന്തമായി നീട്ടി കൊണ്ടു പോകുന്നതാണ് പിന്നെ കാണാനായത്. ജയിലഴികള്‍ക്കുള്ളിലകപ്പെട്ടു കഷ്ടപ്പെടാതെ ജന്മ നാട്ടില്‍ എത്രയും പെട്ടെന്നെത്താമെന്നു കരുതിയ ഏഴായിരത്തോളം വരുന്ന നിയമ ലംഘകരായ ഇന്ത്യക്കാരെ എല്ലാ സൗകര്യങ്ങളുമൊരുക്കി മൂന്ന് ക്യാംപുകളില്‍ കുവൈത്ത് സര്‍ക്കാര്‍ മാസങ്ങളോളം താമസിപ്പിച്ചു വരികയാണ്. കൊറോണയുടെ ആരംഭത്തില്‍ തന്നെ നൂറിലേറെ വരുന്ന രാഷ്ട്രങ്ങളിലുള്ളവരെ കുവൈത്തില്‍ നിന്നും ഒഴിപ്പിച്ചു കൊണ്ടുപോകാന്‍ അതത് സര്‍ക്കാറുകള്‍ ശ്രമിച്ചു. നമ്മുടെ അയല്‍ രാഷ്ട്രങ്ങളായ ബംഗ്ലാദേശും പാകിസ്താനും വരെ അവരുടെ പൗരന്മാരെ കൊണ്ടു പോയി. കൊറോണാ രോഗികളെ കൊണ്ട് ആസ്പത്രികള്‍ തിങ്ങി നിറഞ്ഞു കവിഞ്ഞ സാഹചര്യത്തില്‍ പോസിറ്റീവ് ആയവരെ പോലും അഡ്മിറ്റ് ചെയ്യാനാവാത്ത അവസ്ഥ, പോസിറ്റീവ് രോഗികളായ സഹമുറിയന്മാരോടൊപ്പം കഴിച്ചു കൂട്ടേണ്ടി വന്ന ആയിരങ്ങള്‍, സ്ഥിരമായി കഴിച്ചു കൊണ്ടിരുന്ന മരുന്നുകള്‍ ലഭ്യമാകാതെ പ്രയാസപ്പെടുന്നവര്‍, മാരക രോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്‍, ഗര്‍ഭിണികള്‍, കൊച്ചു കുട്ടികള്‍….. അങ്ങിനെ ആയിരങ്ങള്‍ ഒരനുകൂല നടപടിക്കായി നമ്മുടെ സര്‍ക്കാറുകള്‍ക്ക് മുമ്പില്‍ കേണപേക്ഷിച്ചു. കൊറോണാ വ്യാപനത്തിന് മുമ്പ് തന്നെ ഇന്ത്യക്കാരെ ജന്മ നാട്ടിലേക്ക് സുരക്ഷിതമായി എത്തിക്കാന്‍ ലക്ഷക്കണക്കില്‍ പെട്രോഡോളറുകള്‍ ചിലവഴിക്കുവാന്‍ ഗള്‍ഫ് നാടുകള്‍ തയ്യാറായിരുന്നു. ബ്രിട്ടീഷ് ഭരണ കാലത്ത് യൂറോപ്പിലേക്ക് പതിനായിരങ്ങളായ ഇന്ത്യന്‍ അടിമത്തൊഴിലാളികളെ കപ്പലുകളില്‍ കടത്തിക്കൊണ്ടുപോയ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സായിപ്പന്മാരുടെ മാനസികാവസ്ഥയാണ് ഇപ്പോഴും സംസ്ഥാന- കേന്ദ്രാ ഭരണ സിരാ കേന്ദ്രങ്ങളില്‍ വാണരുളുന്നവര്‍ക്കുള്ളത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദ നടപടികള്‍ കാരണമായിട്ടാണ് ഗള്‍ഫ് നാടുകളില്‍ നൂറ്റിമുപ്പതിലേറെ മലയാളികള്‍ കോവിഡ് രോഗത്താല്‍ മാത്രം ഇതിനകം മരിച്ചത്, അല്ല കൊല്ലപ്പെട്ടത്. പ്രതികൂല സാഹചര്യത്തില്‍ പിടിച്ച് നില്‍ക്കാനാവാതെ മനഃസംഘര്‍ഷത്താല്‍ ഹൃദയാഘാതമുണ്ടായും മറ്റും മരണപ്പെട്ടവരും ഒട്ടേറെയുണ്ട്.
ഗള്‍ഫ് നാടുകളില്‍ അമ്പത് ലക്ഷത്തോളം മലയാളികളുണ്ടെന്നാണ് കണക്ക്. ദശ ലക്ഷങ്ങള്‍ മറ്റിതര നാടുകളിലുമുണ്ട്. ഒരു കോടിയിലധികം ഇന്ത്യക്കാരാണ് പ്രവാസികള്‍ ആയിട്ടുള്ളതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനിടെ വെളിപ്പെടുത്തിയത്. അവരെ ആശ്രയിച്ചു കഴിഞ്ഞു കൂടുന്ന ജന കോടികളാണ് ഇന്ത്യയിലങ്ങോളമിങ്ങോളമുള്ളതെന്നും അവരുടെ വോട്ടുകള്‍ വിലപ്പെട്ടതാണെന്നതും അധികാരത്തിന്റെ മത്തില്‍ പലരും മറന്നുപോയിട്ടുണ്ട്.
ലോക മലയാളീ സഭ എന്ന പേരില്‍ കോടികള്‍ പൊടിച്ചു പഞ്ച നക്ഷത്ര ഹോട്ടലുകളിലും കൊട്ടാരങ്ങളിലുമായി പൊറാട്ടു നാടകങ്ങള്‍ നടത്തി പ്രവാസികള്‍ക്ക് പാലും തേനുമൊഴുക്കുമെന്ന് പ്രസംഗിച്ചവര്‍ക്ക് എന്താണിപ്പോള്‍ പറയാനുള്ളത്.

SHARE