താലിബാനെ അധികാരത്തില്‍ വാഴിക്കാന്‍ അമേരിക്ക

(L to R) US Special Representative for Afghanistan Reconciliation Zalmay Khalilzad and Taliban co-founder Mullah Abdul Ghani Baradar sign the US-Taliban peace agreement during a ceremony in the Qatari capital Doha on February 29, 2020. - The United States is signed a landmark deal with the Taliban, laying out a timetable for a full troop withdrawal from Afghanistan within 14 months as it seeks an exit from its longest-ever war. (Photo by KARIM JAAFAR / AFP)

കെ. മൊയ്തീന്‍കോയ

അഫ്ഗാനിസ്താനില്‍ കടന്ന് വന്നത് പോലെ തിരിച്ച് പോകാനാവാതെ അമേരിക്കക്ക് മേല്‍ കുരുക്ക് മുറുകുന്നു . ഫെബ്രുവരി 29 ന് ദോഹയില്‍ ഒപ്പ് വച്ച കരാറ് പ്രകാരം നടപടികളൊന്നും മുന്നോട്ട് നീങ്ങുന്നില്ല. അമേരിക്ക തന്നെ അവരോധിച്ച അശ്‌റഫ്ഗനി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കടുത്ത വിയോജിപ്പുമായി രംഗത്തുണ്ട്. കരാറ് നടപ്പാക്കുന്നതിന്റെ ആദ്യ നടപടി സ്വീകരിക്കാന്‍ അവര്‍ തയാറായില്ല. തടവുകളിലുള്ള സൈനികരെ പരസ്പരം കൈമാറാന്‍ അശ്‌റഫ്ഗനി തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നു. 1000 അഫ്ഗാന്‍ സൈനികര്‍ താലിബാന്റെ കസ്റ്റഡിയിലുണ്ട്. 5000 താലിബാനികള്‍ സര്‍ക്കാറിന്റെ കസ്റ്റഡിയിലുമാണ്. ആദ്യ നടപടി എന്ന നിലയില്‍ രണ്ടാഴ്ചക്കകം പരസ്പരം സൈനിക കൈമാറ്റം എന്ന നിബന്ധന അഫ്ഗാന്‍ സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ നിരാകരിച്ചു. കരാറിന്റെ ഭാഗമാകാത്തതിനാല്‍ അതിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ബാധ്യതയില്ലെന്നായിരുന്നു അവരുടെ വാദം. (ദോഹയില്‍ കരാറ് ഒപ്പ് വെക്കുന്ന ചടങ്ങില്‍ അശ്‌റഫ്ഗനിയോ പ്രതിനിധിയോ ക്ഷണിക്കപ്പെട്ടിരുന്നില്ല.) അതേസമയം, അമേരിക്കയുമായിട്ടല്ലാതെ അവരുടെ പാവ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയാറില്ലെന്ന് താലിബാന്‍ ശഠിച്ചു. കരാറില്‍ ഒപ്പുവച്ച ശേഷം അമേരിക്കന്‍ പ്രതിനിധിയും അഫ്ഗാന്‍ വംശജനുമായ സല്‍മായ് ഖലീല്‍ സാദ് നേരെ പോയത് കാബൂളിലേക്കാണ്. അശ്‌റഫ്ഗനിയോട് കരാറ് വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്ത് ബോധ്യപ്പെടുത്തിയതാണ്. എന്നാലും കരാറിന് ഉടക്ക് വക്കാനായിരുന്നു നീക്കം. മറുവശത്ത് പ്രതികരണം പെട്ടെന്നുണ്ടായി. കരാറ് പ്രകാരം അമേരിക്കയുടെ സൈനികരെ അക്രമിക്കില്ല എന്ന് താലിബാന്‍ വ്യക്തമാക്കി. അഫ്ഗാന്‍ സര്‍ക്കാറിനെ അക്രമിക്കും . പ്രശ്‌നം സങ്കീര്‍ണ്ണമാകുന്നതിന് മുന്‍പ് അശ്‌റഫ് ഗനി അനുരഞ്ജനത്തിന് തയാറായി. എന്നാല്‍ 1000 സൈനികരുടെ ലിസ്റ്റ് കൈമാറിയതില്‍ 610 പേരും താലിബാന്‍ കൈവശം ഉള്ളവര്‍ അല്ലത്രെ! ബോധ്യപൂര്‍വമുള്ള ലിസ്റ്റ് ആണിതെന്നാണ് താലിബാന്‍ നിലപാട്. പരസ്പരം ഉടക്കി നില്‍ക്കുന്നതിനിടെ അഫ്ഗാനില്‍ അക്രമം വര്‍ദ്ധിച്ചു. മെയ് 12ന് കാബൂളിലെ ആസ്പ്പത്രിയിലുണ്ടായ ആക്ര മണത്തില്‍ അഞ്ച് പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം 24 മരണം. മറ്റൊരു ആക്രമണത്തില്‍ ഉള്‍പ്പെടെ 50 മരണവും സംഭവിച്ചു. താലിബാന്‍ ഉത്തരവാദിത്തം നിഷേധിച്ചപ്പോള്‍ ഏറ്റെടുക്കുന്നത് അല്‍ ഖാഇദയും ഐ.എസുമാണ്. കരാറ് പ്രകാരം ഈ സംഘടനകള്‍ക് പ്രോത്സാഹനം നല്‍കില്ലെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയതാണെങ്കിലും അവയെ നിയന്ത്രിക്കാന്‍ അധികാരത്തിന് പുറത്തു നില്‍ക്കുന്നതിനാല്‍ സാധ്യമല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. അക്രമം നടന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ സൈനികരോട് തയാറായിരിക്കുവാന്‍ അശ്‌റഫ്ഗനി ഉത്തരവിട്ടിട്ടുണ്ട്. അശ്‌റഫ് ഗനിയും താലിബാന്‍ ഇതര ഗ്രൂപ്പുകളും ആഗ്രഹിക്കുന്നത് പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നതിനാണ്. അതേസമയം, അമേരിക്ക താലിബാന് അനുകൂല നിലപാട് സ്വീകരിച്ചു കാണുന്നത് കൗതുകം ഉണര്‍ത്തി. കഴിഞ്ഞാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളും നടത്തിയത് താലിബാന്‍ അല്ലെന്ന് സല്‍മായ് ഖലീല്‍ സാദ് വ്യക്തമാക്കുകയും താലിബാനുമായി സമാധാന ചര്‍ച്ച തുടരാന്‍ അശ്‌റഫ്ഗനിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തത് അമേരിക്കയുടെ കരാറ് നടപ്പാക്കി എളുപ്പം തടിയൂരാനുള്ള താല്‍പര്യമായി നിരീക്ഷകര്‍ വിലയിരുത്തുന്നു.
അഫ്ഗാന്‍ പ്രശ്‌ന പരിഹാരവും ഇസ്രാഈല്‍ അതിര്‍ത്തി വിപുലീകരണവും ചൈനക്കെതിരായ വിമര്‍ശനവും ഡോണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആണെന്നും നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള അടവും തന്ത്രവും ഏത് തരംതാണ നിലയിലും ട്രംപ് കൈകൊള്ളുമെന്നും അമേരിക്കന്‍ രാഷട്രീയം വായിച്ചെടുക്കാം. അഫ്ഗാനില്‍ അധികാരത്തിന്റെ മുഖ്യ ധാരയിലേക്ക് താലിബാനെ എത്തിക്കുകയാണ് അമേരിക്ക ലക്ഷ്യമാക്കുന്നത്. കരാറെഴുതി 135 ദിവസത്തിനകം 12000 സൈനികരെ 8600 ലേക്ക് ചുരുക്കുന്നതിനുള്ള നടപടി തുടങ്ങി.14 മാസം കൊണ്ട് മുഴുവന്‍ സൈന്യവും പിന്‍മാറും.18 വര്‍ഷത്തിലേറെ കാലത്തെ യുദ്ധത്തിന് അവസാനമാകുന്നത് ട്രംപിന് വന്‍ നേട്ടം തന്നെ. അതേസമയം, ഒളിച്ചോട്ടവും മാന്യമായ തടിയൂരലുമായി വിമര്‍ശനം ഉയരാമെങ്കിലും ഇറാഖ് അധിനിവേശം അവസാനിപ്പിച്ച ശേഷമുള്ള രണ്ടാമത്തെ പിന്‍മാറ്റമായി വിശേഷിപ്പിക്കാം. വനിതാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും വനിതാ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കണമെന്നു വരെ കരാറില്‍ വ്യവസ്ഥയുണ്ടത്രെ. 2001 സപ്തംബര്‍ 11 ന് ന്യൂയോര്‍ക്കിലെ ലോകവ്യാപാര സമുച്ചയം അല്‍ ഖാഇദ അക്രമിച്ചതിനെ തുടര്‍ന്ന് 27 രാഷ്ട്ര സഖ്യസേനയുമായി അമേരിക്ക അഫ്ഗാനിനെ അക്രമിക്കുമ്പോള്‍ താലിബാന്‍ ഭരണകൂടമായിരുന്നു. 1996 മുതല്‍ 2001 വരെ നിലനിന്ന താലിബാന്‍ ഭരണം അമേരിക്ക സൈന്യത്തെ പിന്‍വലിക്കുന്നതോടെ തിരിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.2001 ല്‍ ഏറ്റുമുട്ടലിന് നില്‍ക്കാതെ കാബൂളില്‍ നിന്ന് ഒഴിഞ്ഞു പോകുമ്പോള്‍ 40,000 സൈനികര്‍ താലിബാനുണ്ടായിരുന്നുവത്രെ. ഇപ്പോള്‍ 60,000 ആണ്. 60 ശതമാനത്തോളം ഭൂപ്രദേശവും അവരുടെ സ്വാധീനതയില്‍. മറുവശത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച അശ്‌റഫ് ഗനിയും എതിരാളി ഡോ.അബ്ദുല്ല അബ്ദുല്ലയും വിജയം അവകാശപ്പെട്ട് സ്വയം പ്രസിഡന്റായി അധികാരമേല്‍ക്കുകയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷം മുമ്പത്തെ തനിയാവര്‍ത്തനം ! അവസാനം അമേരിക്ക ഇടപെട്ടു. പ്രധാനമന്ത്രിക്ക് തുല്യമായ ചീഫ് എക്‌സിക്യൂട്ടീവ് പദവി ഡോ.അബ്ദുല്ലക്ക് നല്‍കിയാണ് തര്‍ക്കം അവസാനിപ്പിച്ചത്. ഇപ്പോഴത്തെ ഭിന്നത നിലനിന്നാല്‍ സഹായം നിര്‍ത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയപ്പോള്‍ തല്‍ക്കാലം ഒതുങ്ങി. താലിബാന്റെ രംഗപ്രവേശനം ഇരുപക്ഷത്തിനും ആശങ്ക ഉളവാക്കുന്നതാണ്.
താലിബാന്‍ മേധാവിത്വം നേടുന്നതോടെ മേഖലയിലെ രാഷ്ട്രീയവും കീഴ്‌മേല്‍മറിയും. അശ്‌റഫ്ഗനിയും മുന്‍ഗാമി ഹമിദ് കര്‍സായിയും ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ്. വന്‍ വികസന പദ്ധതികള്‍ ഇന്ത്യ നടപ്പാക്കുന്നു. മൂന്ന് ബില്യന്‍ ഡോളറിന്റെ പദ്ധതികളാണ് അഫ്ഗാനില്‍ ഇന്ത്യ നടപ്പാക്കുന്നത്. 1990-ല്‍ പാക്കിസ്താന്‍ സൃഷ്ടിച്ച തീവ്രവാദ ഗ്രൂപ്പായ താലിബാന്‍ അഫ്ഗാന്‍ മുഖ്യധാര രാഷ്ട്രീയത്തില്‍ കടന്ന് വരുന്നതില്‍ ഇന്ത്യക്ക് എതിര്‍പ്പ് സ്വഭാവികം. താലിബാനും ഇന്ത്യയോട് താല്‍പര്യമില്ല. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ പ്രത്യേക പ്രതിനിധി സല്‍മായ് ഖലില്‍ സാദ് ഇന്ത്യയിലെത്തിയത്. വിദേശമന്ത്രി ജയശങ്കര്‍, സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ അഫ്ഗാന്‍ സമാധാന ശ്രമത്തില്‍ ഇന്ത്യ പങ്ക് വഹിക്കണമെന്നാണ് നിര്‍ദ്ദേശിച്ചത്. ഇതിന് താലിബാനുമായി ഇന്ത്യ ചര്‍ച്ച നടത്തണം എന്നും സല്‍മായ് ആവശ്യപ്പെട്ടതായി അറിയുന്നു. അമേരിക്കയുടെ ആവശ്യം ഇന്ത്യയെ ധര്‍മ്മസങ്കടത്തിലാക്കിയിരിക്കുകയാണ്. ഇതേ വരെ പ്രത്യക്ഷത്തില്‍ അഫ്ഗാന്‍ രാഷ്ട്രീയ വിഷയത്തില്‍ നിലപാട് സ്വീകരിക്കാതെ മൗനത്തിലായിരുന്നു. ഇക്കാര്യത്തില്‍ മാറ്റം വരുത്തുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് അഭിപ്രായം ഇന്ത്യക്കുണ്ട്. താലിബാന്‍ പഴയ സ്വഭാവം അനുസരിച്ച് നമ്മുടെ അതിര്‍ത്തിയിലെത്തുന്ന ഭീകരര്‍ക്ക് പോലും അവരുടെ സഹായം ഉണ്ടായിരുന്നു. അമേരിക്കയുടെ താല്‍പര്യത്തിന് വഴങ്ങിയാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് മുന്നില്‍ കണ്ടു കൊണ്ടായിരിക്കും തീരുമാനം. കൂടുതല്‍ സമ്മര്‍ദ്ദം വന്നാല്‍ പ്രശ്‌നത്തില്‍ ഇടപെടാതെ നിവൃത്തിയുണ്ടാകില്ല.അതേസമയം റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ അമേരിക്കക്ക് ലഭിച്ചിട്ടുണ്ട്. 1989-ലെ അഫ്ഗാന്‍ അധിനിവേശം പഴയ സോവ്യറ്റ് യൂണിയന് പാഠമാണ്. തൊട്ടാല്‍ കൈ പൊള്ളും. ചൈനയാകട്ടെ പാക്കിസ്താന്റെ സുഹൃദ് രാഷ്ട്രമാണല്ലോ. അഫ്ഗാനില്‍ നിന്ന് രക്ഷതേടാന്‍ അമേരിക്ക പല കുറുക്കുവഴിയും സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് ഈ നീക്കം നല്‍കുന്ന സൂചന. അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന ഇറാന് അഫ്ഗാനില്‍ താല്‍പര്യമുണ്ട്. താലിബാന് എതിരാണ് ഇറാന്‍. അതുകൊണ്ട് തന്നെ ഇറാനുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെടാന്‍ അമേരിക്ക തയാറാകില്ല. താല്‍ക്കാലിക ലാഭത്തിനാണ് ട്രം പ് ഭരണകൂടത്തിന്റെ നീക്കം എന്നാണ് ഇറാനും കരുതുന്നത്.
വിദേശ മണ്ണില്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെടുത്താനും കോടിക്കണക്കിന് ഡോളറുകള്‍ നശിപ്പിക്കാനും അമേരിക്ക ഇനി തകാറില്ലെന്നാണ് ട്രംപിന്റെ മുദ്രാവാക്യം. അഫ്ഗാനില്‍ മാത്രം 2400 മരണം. നാറ്റോ സഖ്യരാഷ്ട്രങ്ങളിലെ 1400 വേറെയും ! 20,000 സൈനികര്‍ക്ക് പരിക്കേറ്റു.45000 അഫ്ഗാന്‍ സൈനികരും രണ്ടര ലക്ഷം സാധാരണക്കാരും മരിച്ചു. രണ്ട് ട്രില്യന്‍ ഡോളറിന്റെ ചെലവ് സംഭവിച്ചു. താലിബാനെ തുടച്ചു നീക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്ന ജോര്‍ജ് ബുഷ് ജൂനിയര്‍ ജീവിച്ചിരിക്കെ തന്നെയാണ് അവിടെ നിന്നുള്ള തിരിച്ച് പോക്ക്.! താലിബാന് അധികാര പങ്കാളിത്തം നല്‍കി കൊണ്ട് തന്നെ.

SHARE