കൊല്ലരുത് കേരള ലോട്ടറിയെ

ഉമ്മന്‍ ചാണ്ടി
രണ്ടരലക്ഷത്തോളം പാവങ്ങളെ കയ്യും മെയ്യും മറന്ന് സഹായിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തു വില്‍ക്കുന്ന ആറുതരം ലോട്ടറികളുടെ വില 30 രൂപയില്‍ നിന്ന് 40 രൂപയായി വര്‍ധിപ്പിച്ചത് നിഷ്ഠൂരമായ നടപടിയാണ് എന്നു പറയാതെ വയ്യ. മാര്‍ച്ച് ഒന്നിന് സര്‍ക്കാരിന്റെ തീരുമാനം പ്രാബല്യത്തിലാകും. അന്ധര്‍, ബധിരര്‍, നിത്യരോഗികള്‍, മറ്റൊരു വേലയും ചെയ്യാന്‍ കഴിയാത്തവര്‍ തുടങ്ങിയ രണ്ടരലക്ഷത്തോളം പേരാണ് ഭാഗ്യം വില്ക്കുവാന്‍ വിധിക്കപ്പെട്ട നിര്‍ഭാഗ്യവാ•ാര്‍. ലോട്ടറിയുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കിയതുകൊണ്ട് ഏജന്റുമാരുടെയും ലോട്ടറി വില്പനക്കാരുടെയും വരുമാനവും സമ്മാനത്തുകയും കുറയാതിരിക്കാനാണ് ഈ നടപടി എന്നാണ് ധനമന്ത്രി നല്കുന്ന ന്യായീകരണം. എന്നാല്‍, ജിഎസ്ടി 28 ശതമാനം ആകുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് 14 ശതമാനം നികുതി ലഭിക്കുന്നു എന്നതിലാണ് ധനമന്ത്രിയുടെ യഥാര്‍ത്ഥ കണ്ണ്. 2018-19ല്‍ ജിഎസ്ടിയില്‍ നിന്ന് 555 കോടി രൂപയാണ് ഖജനാവിലേക്കു ലഭിച്ചത്. ലോട്ടറിയില്‍ നിന്ന് ആ വര്‍ഷം 1679 കോടി രൂപ അറ്റാദായവും കിട്ടി. ലോട്ടറി ടിക്കറ്റിന്റെ വില കൂട്ടി ആദായവും ജിഎസ്ടി വരുമാനവും കൂട്ടുക എന്നതാണ് ധനമന്ത്രിയുടെ ലക്ഷ്യം.
എന്നാല്‍, വില കൂടുന്തോറും വില്പന കുറയും എന്നതാണ് സാമ്പത്തിക യാഥാര്‍ത്ഥ്യം. നിലവില്‍ 30 രൂപ മുഖവിലയുള്ള 1.08 കോടി ടിക്കറ്റുകളാണ് പ്രതിദിനം വില്ക്കുന്നത്. ഒരു ടിക്കറ്റിന് പത്തുരൂപയുടെ വില വര്‍ധന നിസാരമല്ല. ടിക്കറ്റ് എടുക്കുന്നവരിലേറെയും വെറും സാധാരണക്കാരാണ്. അവര്‍ ഒന്നിലധികം ടിക്കറ്റുകളാണ് എടുക്കുന്നത്. പത്തു ടിക്കറ്റ് വാങ്ങുന്ന ഒരാള്‍ നൂറൂ രൂപ അധികം നല്‌കേണ്ടി വരും. അതോടെ വില്പന കുറയാനാണ് സാധ്യത. ഇതു ബാധിക്കാന്‍ പോകുന്നത് രണ്ടര ലക്ഷത്തോളം പാര്‍ശ്വവത്കരിക്കപ്പെട്ടവരെയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് ലോട്ടറി ഏജന്റുമാരുടെ കമ്മീഷന്‍ രണ്ടു തവണ വെട്ടിക്കുറയ്ക്കുകയും ചെയ്തു. സാധാരണജനങ്ങള്‍ പോലും നിലവിലുള്ള സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍, ലോട്ടറി ഉപജീവനമാക്കിയവരുടെ കാര്യം പറയേണ്ടതില്ലല്ലോ. മാര്‍ട്ടിന്റെ രണ്ടാമൂഴംജിഎസ്ടി ഏകീകരിക്കുകയും അന്യസംസ്ഥാന ലോട്ടറിക്ക് കേരളത്തിലേക്കു കടന്നുവരാന്‍ സഹായകമായ രീതിയിലുള്ള ഹൈക്കോടതി വിധി ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തില്‍ വിലവര്‍ധന മൂലം ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായ കേരള ലോട്ടറിയെ വിഴുങ്ങാന്‍ ഭീമാകാരത്തോടെ അന്യസംസ്ഥാന ലോട്ടറി തയാറായി നില്ക്കുന്നു. അതിന് ഇനി അധികം നാളുകളില്ല. 40 രൂപ വിലയുള്ള കേരള ലോട്ടറിയെ മലര്‍ത്തിയടിക്കാന്‍ അതില്‍ താഴെ വിലയുള്ള അന്യസംസ്ഥാന ലോട്ടറിക്ക് അനായാസം കഴിയും.
ലോട്ടറി രാജാവ് മാര്‍ട്ടിനുമായി ബന്ധമുള്ള വെസ്റ്റ് ബംഗാള്‍ ലോട്ടറി സ്റ്റോക്കിസ്റ്റ്‌സ് സിന്‍ഡിക്കറ്റ് ജിഎസ്ടി രജിസ്‌ട്രേഷന് സംസ്ഥാന ജിഎസ്ടി ഓഫീസില്‍ നല്കിയ അപേക്ഷ തള്ളിയതിനെതിരേ അവര്‍ ഹൈക്കോടതിയെ സമീപിച്ച് പുതിയ അപേക്ഷ നല്കാന്‍ ഉത്തരവ് നേടിയിരിക്കുകയാണ്. ചില സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജിഎസ്ടി ഓഫീസ് അപേക്ഷ തള്ളിയത്. അവ പരിഹരിച്ച് പുതിയ അപേക്ഷ നല്കുമ്പോള്‍, അവരുടെ പാത സുഗമമാകുകയാണ്. ലോട്ടറി സംബന്ധിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക് ജിഎസ്ടി കൗണ്‍സിലില്‍ എടുത്ത നിലപാടാണ് അന്യസംസ്ഥാന ലോട്ടറിക്ക് സഹായകമായത്. അന്ന് സംസ്ഥാന ലോട്ടറിയുടെ നികുതി 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിയുടെ നികുതി 28 ശതമാനവും ആക്കണമെന്നാണ് ധനമന്ത്രി ആവശ്യപ്പെട്ടത്. ഒരുല്പന്നത്തിന് രണ്ടു തരം നികുതി പാടില്ലെന്നാണു വ്യവസ്ഥ. കോടതിയില്‍ പോയാല്‍ ഈ വിവേചനം നിലനില്ക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പിന്നീട് എല്ലാ ലോട്ടറികള്‍ക്കും 28 ശതമാനം നികുതി ആകാമെന്നു ധനമന്ത്രി നിലപാടെടുത്തു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് ലോട്ടറി വിറ്റ് കൂടുതല്‍ നികുതിയും വരുമാനവും നേടുകയായിരുന്നു അപ്പോള്‍ ധനമന്ത്രിയുടെ ലക്ഷ്യം. സര്‍ക്കാര്‍ ലോട്ടറി നടത്തുന്നത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനും ആയതിനാല്‍ പൊതുജനതാത്പര്യം മുന്‍നിര്‍ത്തി ലോട്ടറിയെ ഗുഡ്‌സ് (ചരക്ക്) വിഭാഗത്തില്‍ ഉള്‍പ്പെടുത്താതെ ജിഎസ്ടിയുടെ പരിധിക്കു പുറത്ത് നിര്‍ത്തണം എന്നാണ് അന്നു ധനമന്ത്രി ജിഎസ്ടി കൗണ്‍സില്‍ വാദിക്കേണ്ടിയിരുന്നത്.
പുകവലി ഉല്പന്നമായ ബീഡിയെ ഇപ്രകാരം നിലനിര്‍ത്താന്‍ വാദിച്ച ധനമന്ത്രി എന്തുകൊണ്ടാണ് അതേ സമീപനം ലോട്ടറിയോട് കാട്ടാതിരുന്നത്? സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റികള്‍ക്കു വേണ്ടിയായിരുന്നില്ലേ ഈ സഹായം? ആ തീരുമാനത്തോട് എനിക്കും യോജിപ്പാണ്. 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ അന്യസംസ്ഥാന ലോട്ടറിക്കാര്‍ കേരളത്തിലേക്കു വരില്ലെന്ന ധനമന്ത്രിയുടെ വാദഗതി പൊളിച്ചുകൊണ്ടാണ് 2018ല്‍ മാര്‍ട്ടിന്റെ രണ്ടാം വരവ് അറിയിച്ച് പത്രങ്ങളില്‍ പരസ്യം വന്നത്. കേരള ലോട്ടറിയുടെ വില 40 രൂപയാക്കിയപ്പോള്‍, മിസോറാം ടിക്കറ്റ് 35 രൂപയ്ക്കാണ് വില്ക്കാന്‍ പോകുന്നത്. 2016ല്‍ കേന്ദ്ര ലോട്ടറി കരട് നിയമത്തിന് ഭേദഗതി നിര്‍ദേശിക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാനം മറുപടി നല്കിയില്ല. കേന്ദ്രം രണ്ടാം തവണ കത്തയച്ചിട്ടും പ്രതികരിച്ചില്ല. സംസ്ഥാന സര്‍ക്കാരിന് ലോട്ടറി നിയമഭേദഗതിയില്‍ യാതൊരു നിര്‍ദേശവും ഇല്ലെന്ന നിലപാട് സ്വീകരിക്കുകയും ഔദ്യോഗികമായി യാതൊരുവിധ നിര്‍ദേശങ്ങളും നല്കാതിരിക്കുകയും ചെയ്തു. സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ നിരോധിക്കാന്‍ കേരളം സ്വീകരിച്ച നടപടികള്‍ പോലും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. ഇതെല്ലാം കേരളത്തിനു തിരിച്ചടിയായി.

അവിശുദ്ധ ബന്ധം
ഇടതുസര്‍ക്കാരിന്റെ ചരിത്രം പരിശോധിച്ചാല്‍ അന്യസംസ്ഥാനലോട്ടറിയുമായുള്ള അവരുടെ അഭേദ്യമായ ബന്ധം തെളിഞ്ഞു കാണാം. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ ഇതിനുമുമ്പും കേരളത്തില്‍ വന്‍വിവാദം ഉണ്ടാക്കിയുന്നല്ലോ. മാര്‍ട്ടിന്‍ പടര്‍ന്ന് പന്തലിച്ചപ്പോള്‍ കേരള ലോട്ടറി തളര്‍ന്നു. യുഡിഎഫ് സര്‍ക്കാര്‍ മാര്‍ട്ടിനെ കേരളത്തില്‍ നിന്നു കെട്ടുകെട്ടിച്ച ശേഷം ഇടതുഭരണകാലമായ 2018 ഏപ്രില്‍ 18ന് മാര്‍ട്ടിന്റെ പരസ്യം ദേശാഭിമാനി ഉള്‍പ്പെടെ പല പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. മാര്‍ട്ടിനെ നിയമപരമായ വഴികളിലൂടെ കൊണ്ടുവരാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ സര്‍ക്കാര്‍ വളഞ്ഞവഴി തേടുകയാണ്.
2010- 11ല്‍ ലോട്ടറിയുടെ മൊത്തം വിറ്റുവരവ് 557 കോടി രൂപ ആയിരുന്നത് യുഡിഎഫ് സര്‍ക്കാര്‍ അന്യസംസ്ഥാന ലോട്ടറിയെ കെട്ടുകെട്ടിച്ചശേഷം 2015-16ല്‍ 6318 കോടിയായി കുതിച്ചുയര്‍ന്നു. 14 ഇരട്ടി വര്‍ധന! ശതകോടികള്‍ കേരളത്തിലെ സാധാരണക്കാരില്‍ നിന്ന് ലോട്ടറി മാഫിയ തട്ടിക്കൊണ്ടുപോയെന്നു വ്യക്തം. ഇത്രയും വലിയ തിക്താനുഭവം നമ്മുടെ മുന്നില്‍ ഉണ്ടായിട്ടും വീണ്ടും അതേ കെണിയിലേക്കു വീഴാനാണ് നീക്കമെങ്കില്‍ അതു കേരളം പൊറുക്കില്ല.

കാരുണ്യയെ ചുരുട്ടിക്കെട്ടി
കാരുണ്യ ലോട്ടറിയുടെ വില്പന വന്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയതുമൂലമാണ് കാരുണ്യ ടിക്കറ്റിന്റെ വില 50 രൂപയില്‍ നിന്ന് 40 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കാരുണ്യ ചികിത്സ പദ്ധതി നിര്‍ത്തലാക്കിയതോടെ, പദ്ധതിക്ക് പണം കണ്ടെത്താനായി തുടങ്ങിയ കാരുണ്യ ലോട്ടറിയുടെ ആകര്‍ഷണവും നഷ്ടപ്പെട്ടു. 75 ലക്ഷം കാരുണ്യലോട്ടറി അച്ചടിച്ചിരുന്നത് 73.5 ലക്ഷമാക്കി കുറച്ചെങ്കിലും രണ്ടര ലക്ഷം ലോട്ടറി ടിക്കറ്റുകള്‍ വില്ക്കാതെ കെട്ടിക്കിടക്കുകയാണ്. കാരുണ്യ ലോട്ടറി ആളുകള്‍ എടുത്തിരുന്നത് ഭാഗ്യം തേടി മാത്രമായിരുന്നില്ല മറിച്ച് സഹജീവികളോടുള്ള അഗാധമായ കരുതലിന്റെ ഭാഗം കൂടിയായിട്ടാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര ‘വികസനവും കരുതലും’ എന്നതായിരുന്നു. കരുതലിന്റെ ഒരു പ്രധാനഘടകം കാരുണ്യ ലോട്ടറിയും. അന്തരിച്ച ധനമന്ത്രി മാണിസാറിന്റെ ശക്തമായ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി നിര്‍ത്തലാക്കിയ ഇടതുസര്‍ക്കാരിന്റെ തീരുമാനം 41 ലക്ഷം പാവപ്പെട്ടെവരെയാണ് കണ്ണീരിലാഴ്ത്തിയത്. ഗുരുതരമായ അസുഖം ബാധിച്ച പാവപ്പെട്ട വീടുകളിലെ രോഗികള്‍ക്ക് അനായാസം ചികിത്സാസഹായം ലഭിക്കുന്ന ഈ പദ്ധതിയിലൂടെ യുഡിഎഫ് സര്‍ക്കാര്‍ രണ്ടു ലക്ഷത്തോളം പേര്‍ക്ക് രണ്ടായിരം കോടിയോളം രൂപയാണ് നല്കിയത്.
ലോട്ടറിയെ മാര്‍ട്ടിനുമായി കൂട്ടിക്കെട്ടിയവര്‍ക്ക് കാരുണ്യ ലോട്ടറി പുത്തന്‍ അനുഭവമായി. കാരുണ്യ ലോട്ടറി വന്‍ വിജയമാകുകയും ലോട്ടറിയെ സഹജീവി സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും ഉത്തുംഗ മാതൃകയാക്കി പ്രതിഷ്ഠിക്കുകയും ചെയ്തു. അതാണ് ഇടതു സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. അതോടെ കാരുണ്യ ലോട്ടറി മറ്റേതു ലോട്ടറിയും പോലെ വെറും ചൂതാട്ടമായി. കേരളം കണ്ട ഏറ്റവും വലിയ ഒരു സാമൂഹിക വിപ്ലവം, സന്നദ്ധസേവനം അതോടെ നിലച്ചു. പതിനായിരക്കണക്കിനു പാവപ്പെട്ടവര്‍ വഴിയാധാരമായി. അവരുടെ കണ്ണീര്‍ ചുട്ടപൊള്ളിക്കുന്നത് ഈ കേരളത്തെയാണ്. കാരുണ്യഫാര്‍മസികള്‍ നിലച്ചതോടെ ഹീമോഫീലിയ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ മരണത്തെ മുഖാമുഖം കണ്ടു.

സര്‍ക്കാര്‍ ചെയ്യേണ്ടത്
30 രൂപ ടിക്കറ്റിന്റെ വില 40 രൂപയാക്കുന്നതിനു പകരം 20 രൂപയാക്കി കുറയ്ക്കുകയാണു വേണ്ടത്. അപ്പോള്‍ ടിക്കറ്റ് വില്‍പ്പന കുതിച്ചുയരുകയും ധനമന്ത്രിയുടെ സ്വപ്‌നം സഫലമാകുന്നതോടൊപ്പം പാവപ്പെട്ട പതിനായിരങ്ങള്‍ക്ക് ആശ്വാസം ലഭിക്കുകയും അന്യസംസ്ഥാന ലോട്ടറിയെ അകറ്റി നിര്‍ത്താനും സാധിക്കും. കാരുണ്യ ചികിത്സാപദ്ധതി തുടരുമെന്ന ബജറ്റ് വാഗ്ദാനം പാലിക്കുമെന്നു പ്രതീക്ഷിക്കുന്നു. അതോടൊപ്പം അന്യസംസ്ഥാന ലോട്ടറി കേരളത്തിലേക്കു കടക്കാതിരിക്കാനുള്ള ജാഗ്രതയും ശക്തമായ നടപടിയും ഉണ്ടാകുകയും വേണം. രണ്ടര ലക്ഷം പാവപ്പെട്ടവരോടാണോ, ലോട്ടറി രാജാവ് മാര്‍ട്ടിനോടാണോ സര്‍ക്കാരിന്റെ കൂറെന്ന് വരുംദിവസങ്ങളില്‍ തെളിയുകയും ചെയ്യും.

SHARE