ഭൂപരിഷ്‌കരണത്തിലെ പിണറായി ചരിതം

വാസുദേവന്‍ കുപ്പാട്ട്

നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ…’ എന്ന് കവി പാടിയപ്പോള്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഒരുമിച്ചാണോ രോമാഞ്ചം കൊണ്ടത് എന്നറിയില്ല. കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യം നോവലിലും കവിതയിലുമൊക്കെയാണല്ലോ ആദ്യം വിരിഞ്ഞുപൊന്തിയത്. പിന്നീട് ഭൂ പരിഷ്‌കരണത്തിന്റെ അരുണോദയമുണ്ടായി. അത് കഴിഞ്ഞിട്ടിപ്പോള്‍ അമ്പത് വര്‍ഷമായി. ഭൂ പരിഷ്‌കരണം നടപ്പാകുമ്പോള്‍ പാര്‍ട്ടി പിളര്‍ന്നിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ആരാദ്യം എന്ന ചോദ്യം ഉയരുകയാണ്. ആരാണ് ഭൂ പരിഷ്‌കരണത്തിന്റെ പിതാവ്? ഇ. എം.എസോ, സി. അച്യുതമേനോനോ എന്നതാണ് തര്‍ക്കവിഷയം. ഭൂ പരിഷ്‌കരണത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ മിതഭാഷിയും പണ്ഡിതനും ഗ്രന്ഥകാരനുമായ മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോനെ തമസ്‌കരിച്ചതിലാണ് സി.പി.ഐക്ക് അമര്‍ഷം. സഖാവ് ഇ.എം.എസ് ആണ് ഭൂപരിഷ്‌കരണം കൊണ്ടുവന്നത് എന്ന് സി.പി.എം അര്‍ത്ഥശങ്കക്ക് ഇടയില്ലാതെ വാദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് പല വേദികളിലും വ്യക്തമാക്കി. ഭൂപരിഷ്‌കരണനിയമം നടപ്പാക്കിയതിന്റെ സുവര്‍ണജൂബിലി വേളയില്‍ സി. അച്യുതമേനോന്റെ പേര് പറയാതിരുന്നത് അദ്ദേഹത്തെ മോശക്കാരനാക്കേണ്ട എന്നു കരുതിയാണെന്ന് പിണറായി വ്യംഗ്യമായി സൂചിപ്പിക്കുകയും ചെയ്തു. എന്താണ് അതിനര്‍ത്ഥം? ഭൂപരിഷ്‌കരണ പ്രതിഭാസത്തില്‍ അച്യുതമേനോന് പങ്കൊന്നുമില്ല എന്നതുതന്നെ. അല്ലെങ്കിലും സി.പി.ഐക്ക് എന്തെങ്കിലും ആനുകൂല്യം കിട്ടുന്നത് പിണറായിക്ക് സഹിക്കില്ലല്ലോ. പിണറായിക്ക് മാത്രമല്ല, സി.പി.എമ്മിന് മൊത്തത്തില്‍ ഇഷ്ടമാവില്ല. മുന്നണി മര്യാദയുടെ പേരില്‍ ഒരു പരിധി വരെ മിണ്ടാതിരിക്കും. പരിധി വിട്ടാലോ പരാമര്‍ശം ക്രൂരമായിരിക്കും. അതാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ഭൂപരിഷ്‌കരണത്തിന്റെ കട്ടില്‍ കണ്ട് സി.പി. ഐക്കാരൊന്നും പനിക്കേണ്ട എന്നാണ് പിണറായി സഖാവ് പറയുന്നത്. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ഇ.എം.എസിന് ഇഷ്ടദാനമായി കൊടുത്തുകഴിഞ്ഞു. അതുകഴിഞ്ഞ് എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ പാര്‍ട്ടിയുടെ യശസ്സിന് മുതല്‍ക്കൂട്ടാക്കി മാറ്റും. ഇല്ലാതെ ആരും അതില്‍ നിന്ന് ഒരു വിഹിതവും മോഹിക്കേണ്ട.
എന്താണ് യഥാര്‍ത്ഥത്തില്‍ ഭൂപരിഷ്‌കരണത്തിന് ഹേതുവായി തീര്‍ന്നത്? ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള പരിശ്രമങ്ങളും കര്‍ഷക പ്രക്ഷോഭങ്ങളുമാണത്രെ അതിന് വഴിവെച്ചത്. പിണറായി ലൈന്‍ അങ്ങനെയാണ്. ഇ.എം.എസ് സര്‍ക്കാര്‍ നിയമം പാസാക്കി. പിന്നീട് വന്ന അച്യുതമേനോന്‍ സര്‍ക്കാര്‍ അത് പിന്തുടര്‍ന്നു എന്നു മാത്രം! ഇതാണ് പിണറായി വിജയന്റെ ഭൂപരിഷ്‌കരണ ചരിത്രം. 1957ലും 69ലും ഇ.എം.എസ് നേതൃത്വം നല്‍കിയ സര്‍ക്കാറിന്റെ പ്രധാന ജോലി ഭൂപരിഷ്‌കരണം ആയിരുന്നുവത്രെ. ജനകീയവും സാമൂഹിക മാറ്റത്തിന് വഴിവെക്കുന്ന പ്രവൃത്തിയുമായിരുന്നു അത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതില്‍ സി. അച്യുതമേനോന് വലിയ റോള്‍ മാത്രമല്ല, ചെറിയ റോളും ഇല്ല. സുവര്‍ണജൂബിലി ആഘോഷത്തില്‍ പിണറായി വിജയന്‍ ചരിത്രം പരിശോധിച്ച നിലയിലുള്ള പ്രസംഗമാണ് നടത്തിയത്. 1939ല്‍ മലബാര്‍ ടെനന്‍സി കമ്മീഷന്‍ അംഗമായിരുന്ന ഇ.എം.എസ് നടത്തിയ പരിശ്രമങ്ങള്‍വരെ പിണറായി വിശദീകരിച്ചു. കാണകൃഷിക്കാര്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കുന്ന ശിപാര്‍ശയാണത്രെ അന്ന് കമ്മീഷന്‍ നല്‍കിയത്. എന്നാല്‍ പാട്ട കൃഷിക്കാര്‍ക്ക് അധികാരം നല്‍കാത്ത വ്യവസ്ഥയോട് ഇ.എം.എസ് വിയോജിക്കുകയായിരുന്നു എന്നാണ് പിണറായിയുടെ കണ്ടെത്തല്‍.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സി.പി.ഐ നേതാവും റവന്യൂമന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ ആവുന്നത്ര പിണറായി വിജയനെ പ്രതിരോധിച്ചു. ഭൂപരിഷ്‌കരണചിന്തകള്‍ നേരത്തെ തുടങ്ങിയിട്ടുണ്ടാവും. എന്നാല്‍ സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ ഒരു സമിതിയുണ്ടാക്കുകയും ഭൂപരിഷ്‌കരണ നിയമത്തിന്റെ കരട് തയാറാക്കുകയും ചെയ്തു- എന്നാണ് മന്ത്രി ചന്ദ്രശേഖരന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചത്. സി.പി.ഐയെ അങ്ങനെ അവഗണിക്കാനോ ഇല്ലാതാക്കാനോ ആര്‍ക്കും സാധിക്കില്ല എന്ന വസ്തുതയും ചന്ദ്രശേഖരന്‍ ഉന്നയിക്കുകയുണ്ടായി. 1957ലും 67ലും 1970ലും സി.പി.ഐ സര്‍ക്കാറിന്റെ ഭാഗമാണ്. എന്നാല്‍ ഇക്കാലയളവില്‍ 11 വര്‍ഷം സി.പി.എം ഭരണത്തില്‍ ഉണ്ടായിരുന്നില്ല. ഇതൊരു ചെറിയ കാലയളവാണെങ്കിലും അതിനെ അങ്ങനെ ചെറുതായി കാണാന്‍ പറ്റില്ലെന്നാണ് റവന്യൂമന്ത്രി വ്യക്തമാക്കിയത്. ഇതോടെ അങ്കം മുറുകി. പിണറായി മുറുകുമ്പോള്‍ കാനം അയയുകയാണ് പതിവ്. ഇത്തവണ കാനം അയയുന്നില്ല. പിണറായിക്കൊപ്പം മുറുകുകയാണ്. അങ്ങനെയാകുമ്പോള്‍ പിണറായി അല്‍പം അയയുകയാണോ എന്നൊരു സംശയം ആളുകള്‍ക്കുണ്ട്.
1969 ഒക്ടോബര്‍ 17നാണ് നിയമസഭ ഭൂപരിഷ്‌കരണനിയമം പാസാക്കിയത്. അതിന് പിന്നാലെ ഇ.എം.എസിന്റെ മന്ത്രിസഭ വീണു. സി.പി.ഐ, ആര്‍.എസ്.പി, മുസ്‌ലിംലീഗ്, ഐ.എസ്.പി പാര്‍ട്ടികള്‍ മുന്നണി വിട്ടു. അവര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് 1969 നവംബര്‍ ഒന്നിന് അച്യുതമേനോന്‍ മുഖ്യമന്ത്രിയായി പുതിയ സപ്തകക്ഷി മുന്നണി അധികാരത്തില്‍വന്നു. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയത് അങ്ങനെ അച്യുതമേനോന്‍ സര്‍ക്കാറാണ്. ഈ സത്യത്തെ തമസ്‌കരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അതിനെ സ്വാഭാവികമായും പ്രതിരോധിക്കുകയാണ് സി.പി.ഐ. ഇ. എം.എസ് മന്ത്രിസഭയെ മറിച്ചിടാന്‍ സി.പി.ഐ ശ്രമിച്ചു അഥവാ അതിന് കൂട്ടുനിന്നു എന്നൊരു ചൊരുക്ക് സി.പി.എമ്മിന് ഇപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ ഭൂപരിഷ്‌കരണ നിയമത്തിന്റെ അമ്പതാം വാര്‍ഷികം സര്‍ക്കാര്‍ തലത്തിലുള്ള ആഘോഷമാക്കുന്നതിന്പകരം റവന്യൂവകുപ്പിന്റേതു മാത്രമാക്കി ഒതുക്കുകയായിരുന്നു. അതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വക ചരിത്രത്തിന്റെ ഗളഹസ്തം!
എന്നാല്‍ രാഷ്ട്രീയത്തിലെ മര്യാദക്കാരായ സി.പിഐ നേതൃത്വം ഒട്ടും പ്രകോപിതരാവുന്നില്ല. അല്‍പമൊക്കെ പ്രകോപനം വേണമെന്ന് എ. ഐ.വൈ.എഫുകാര്‍ക്ക് അഭിപ്രായമുണ്ടെങ്കിലും കാനം രാജേന്ദ്രന്‍ അതിന് സമ്മതിച്ചിട്ടില്ല. അടിപിടിയും വക്കാണവും ഒന്നും വേണ്ട. പകരം സംവാദം ആവാം എന്നാണ് കാനത്തിന്റെ രീതി. സംവാദം സംഭാരം പോലെ എത്രയുമാകാം. ഒന്നോ രണ്ടോ ഗ്ലാസ് കൂടിപ്പോയാലും ലഹരി കയറില്ല എന്നാണ് കാനത്തിന്റെ പോയന്റ്. എന്നാല്‍ പറയാനുള്ളത് മുഴുവന്‍ കാനം പറയുകയും ചെയ്തു. പിണറായി വിജയന്റെ നിലപാടുകളെ നിശിതമായി തന്നെ വിമര്‍ശിക്കുകയുണ്ടായി. സി. അച്യുതമേനോന് അദ്ദേഹം അര്‍ഹിക്കുന്ന സ്ഥാനം നല്‍കി ആദരിക്കുന്നതിന്പകരം അവമതിക്കുന്നത് പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കുന്നതുപോലെയാണെന്ന് കാനം പറഞ്ഞതോടെ എല്ലാം എല്ലാവര്‍ക്കും വ്യക്തമായി. കാളിദാസനെ തോല്‍പിക്കുന്ന ഉപമ! പിണറായിയെ പഴമുറമാക്കാന്‍ കാനത്തിന് കഴിഞ്ഞു. അതാണ് പഠിച്ച സ്‌കൂളിന്റെ മെച്ചം.
ഭൂപരിഷ്‌കരണം നടപ്പാക്കിയത് അച്യുതമേനോനാണ് എന്ന കാര്യത്തില്‍ സി.പി.ഐക്ക് തെല്ലും സംശയമില്ല. അതുകൊണ്ടാണ് സംവാദമാകാമെന്ന് കാനം പറഞ്ഞത്. സംവാദത്തിന് സി. പി.എമ്മിനെ വെല്ലുവിളിക്കുകയാണ് സി.പി. ഐ. ആടിനെ പട്ടിയാക്കുന്ന വിദ്യ സി.പി.എം നിര്‍ത്തണമെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബു വ്യക്തമാക്കികഴിഞ്ഞു. ശ്രീശങ്കരാചാര്യരെപ്പോലെ കാനവും കൂട്ടരും സംവാദത്തിന് ഒരുങ്ങുമ്പോള്‍ സി.പി.എം പരുങ്ങുകയാണ്. സി.പി.ഐ പൊതുവെ മെലിഞ്ഞവരുടെ പാര്‍ട്ടിയാണെങ്കിലും കാഞ്ഞ ബുദ്ധിയാണ്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ബുദ്ധിജീവികളെല്ലാം പോയി അടിഞ്ഞത് അവിടെയാണ്. അതിനാല്‍ എങ്ങനെ വെല്ലുവിളി സ്വീകരിക്കും എന്നാണ് പിണറായിയുടെ ചിന്ത. വെല്ലുവിളി സ്വീകരിച്ചില്ലെങ്കിലോ ആകെ നാണക്കേടാണ്. കാനം ഇനിയും പഴമുറം തപ്പിയെടുക്കുമ്പോഴേക്ക് ഗോദയില്‍ ഇറങ്ങുകയാണ് നല്ലത്.
ചരിത്രം പഠിക്കണമെന്നാണ് കാനം പിണറായി വിജയനോട് പറയുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നതായി പറയുന്ന പിണറായിയിലെ പാറപ്പുറത്തിന്റെ ചരിത്രമല്ല. കേരളത്തിന്റെ ചരിത്രം പഠിക്കണം. അപ്പോള്‍ ഭൂപരിഷ്‌കരണനിമയത്തെ ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിച്ചത് അച്യുതമേനോനാണെന്ന് കാണാം. 1971 ജനുവരി 21ന് കണ്ണന്‍ ദേവന്റെ 1,32,000 ഏക്കര്‍ ഭൂമി ഒരു നയാപ്പൈസ കൊടുക്കാതെ ഏറ്റെടുക്കാന്‍ തീരുമാനിച്ചതും ചരിത്രത്തിലുണ്ട്. അതിലൊന്നും സി. പി.എമ്മിന് പങ്കുണ്ടായിരുന്നില്ല. പിന്നെ എന്തിനാണ് പാഴ്മുറവുമായി വരുന്നത് എന്നാണ് കാനത്തിന്റെ ചോദ്യം. ഏതായാലും ഭൂപരിഷ്‌കരണ വിവാദം കൊണ്ട് ഒരു ഗുണമുണ്ടായി. അതിന്റെ പിതൃത്വം സി.പി.ഐക്കും അച്യുതമേനോനും ആണെന്ന് അറിയാത്ത പലര്‍ക്കും ഇപ്പോള്‍ കാര്യങ്ങള്‍ തിരിഞ്ഞുകിട്ടി. പിണറായി വിജയന്‍ വി.കെ. എന്‍ ശൈലിയില്‍ ഇടപെട്ടതോടെ അതാണ് സംഭവിച്ചത്. രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് അങ്ങനെ പിണറായിയെക്കൊണ്ട് നേട്ടമുണ്ടായി.
സി.പി.ഐയുടെ മുഖപത്രമായ ജനയുഗം ഇത് സംബന്ധിച്ച് മുഖപ്രസംഗം എഴുതുകയുണ്ടായി. എന്നാല്‍ സി.പി.എം ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് എന്ന നിലയിലാണ് പോകുന്നത്. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതില്‍ അച്യുതമേനോനാണ് നെടുനായകത്വം വഹിച്ചത് എന്ന വസ്തുത എല്ലാവര്‍ക്കും പിണറായി ബോധ്യപ്പെടുത്തിയിരിക്കുകയാണ്. 1957ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമത്തെപറ്റി ആലോചിക്കുമ്പോള്‍ തന്നെ മുന്‍നിരയില്‍ അച്യുതമേനോന്‍ ഉണ്ടായിരുന്നു. അദ്ദേഹമായിരുന്നു ബന്ധപ്പെട്ട കമ്മിറ്റിയുടെ കണ്‍വീനര്‍. കെ.ആര്‍ ഗൗരിയമ്മയാണ് നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ പ്രസിഡണ്ടിന്റെ അംഗീകാരം കിട്ടിയില്ല. 67ല്‍ വീണ്ടും നിയമനിര്‍മാണത്തിന ശ്രമം നടന്നു. 69ലെ സര്‍ക്കാര്‍ നിയമം പാസാക്കിയെങ്കിലും 69ല്‍ സര്‍ക്കാര്‍ വീണു. പിന്നീട് വന്ന അച്യുതമേനോന്‍ സര്‍ക്കാര്‍ പൂര്‍ണ അര്‍ത്ഥത്തില്‍ നിയമം നടപ്പാക്കി. ഈ സത്യം സൂര്യനെപ്പോലെ ജ്വലിച്ചുനില്‍ക്കുമ്പോള്‍ നിമയത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കാന്‍ സി.പി. എമ്മിന് ചെറിയൊരു ജാള്യത സ്വാഭാവികമായും ഉണ്ട്. ദോഷം പറയരുതല്ലോ അത് ഉണ്ടാവുകയും വേണം. ഏതായാലും ഭൂ പരിഷ്‌കരണത്തിന്റെ മുഴുവന്‍ ക്രെഡിറ്റും സി.പി.ഐക്കും അച്യുതമോനോനും വാങ്ങിക്കൊടുക്കുന്ന നിലവാരത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അല്ലെങ്കിലും അദ്ദേഹത്തിനിപ്പോള്‍ തൊട്ടതെല്ലാം പിഴക്കുകയാണ്. എത്ര സൂക്ഷിച്ചു പെരുമാറിയാലും അവസാനം കാര്യങ്ങള്‍ അവതാളത്തിലാവുന്നു. കരിനിയമമായ യു.എ.പി.എ നടപ്പാക്കില്ലെന്ന് പറഞ്ഞു. എന്നാല്‍ പാര്‍ട്ടിക്കാരായ രണ്ടു യുവാക്കള്‍ യു.എ.പി.എ പ്രകാരം അറസ്റ്റിലായപ്പോള്‍ അവരെ കരിനിമയത്തിന് ഒട്ടും ആലോചിക്കാതെ വിട്ടുകൊടുത്തു. പൗരത്വനിയമവുമായി ബന്ധപ്പെട്ട് ഗവര്‍ണറോട് നല്ല നാലു വാക്കുകള്‍ കനപ്പിച്ചു പറഞ്ഞില്ല എന്നൊരു ഖേദം പാര്‍ട്ടിക്കാര്‍ മറച്ചുവെക്കുന്നില്ല. അതിന് പിന്നാലെയിതാ ഭൂപരിഷ്‌കരണചരിത്രത്തിന്റെ പൊല്ലാപ്പുകള്‍. ഇനി സി.പി.ഐ ബൗദ്ധികമായ സംവാദത്തിന് ഒരുങ്ങിപ്പുറപ്പെട്ടാല്‍ എന്തുചെയ്യും. പോളിറ്റ് ബ്യൂറോ കൂടി ചര്‍ച്ച ചെയ്ത് സി.പി.ഐക്കാരെ പേടിപ്പിച്ചു നിര്‍ത്തുകയേ വഴിയുള്ളു. അല്ലെങ്കില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ അതിക്രമങ്ങളെ ചൊല്ലി ട്രംപിനെ നാല് ചീത്ത പറഞ്ഞ് തടി രക്ഷപ്പെടുത്തേണ്ടിവരും.

SHARE