മത ഇന്ത്യയുടെ വാതില്‍ തുറക്കുന്ന പൗരത്വ ഭേദഗതി ബില്‍

ഇയാസ് മുഹമ്മദ്

മതേതര ഇന്ത്യയെ സംബന്ധിച്ച് വിധി നിര്‍ണായകദിനമാകുകയാണ് ഡിസംബര്‍ ഒമ്പത്. 17 വര്‍ഷം മുമ്പ് ഡിസംബര്‍ ആറിന് മുറിവേല്‍പിച്ച മതേതര ഇന്ത്യയുടെ ഹൃദയം തകര്‍ക്കാനാണ് ഈ ഡിസംബര്‍ ഒമ്പതിന് ബി.ജെ.പി ലക്ഷ്യമിടുന്നത്. വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ട്, ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന ഏറ്റവും തീവ്രവും അപകടകരവുമായ നീക്കമാണ് പൗരത്വ ഭേദഗതി ബില്‍. 2016ല്‍ കൊണ്ടുവന്ന ബില്‍ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലോക്സഭയില്‍ പാസാക്കിയെങ്കിലും പ്രതിപക്ഷത്തിന്റെ കൂട്ടായ എതിര്‍പ്പിനെത്തുടര്‍ന്ന് രാജ്യസഭയില്‍ പാസാക്കാനായില്ല. ഇപ്പോള്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നതിന് പിന്നില്‍ കൃത്യമായ ലക്ഷ്യവും അജണ്ടയുമുണ്ട് ബി.ജെ.പിക്കും മോദിക്കും. മുത്തലാഖ് ബില്ലും പ്രത്യേക പദവി എടുത്തുകളഞ്ഞ കശ്മീര്‍ ബില്ലും ഏകസിവില്‍കോഡിലേക്കുള്ള പാതയൊരുക്കാനായിരുന്നുവെങ്കില്‍ കൃത്യമായ വര്‍ഗീയ ധ്രൂവീകരണമാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്.
ഒരു മതത്തോടും പ്രത്യേക മമതയോ വിദ്വേഷമോ ഇന്ത്യാ രാജ്യത്തിന് ഉണ്ടാകില്ലെന്ന കാല്‍പനിക മതേതരത്വ സംഹിതയെ ആഴത്തില്‍ വെട്ടിമാറ്റുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം. സംഘ്പരാവാരത്തിന് ഒരു ജനതയെ വേഗത്തില്‍ വിഭജിക്കാനും പാര്‍ശ്വവല്‍ക്കരിക്കാനും എളുപ്പത്തില്‍ സാധിക്കുന്ന വിധം മതേതര ഇന്ത്യയുടെ ബോധ്യങ്ങളെ തന്നെ പൗരത്വഭേദഗതി ബില്‍ ഇല്ലാതാക്കും. ജനാധിപത്യത്തിന്റേയും പൗരാവകാശത്തിന്റേയും തകര്‍ച്ച വേഗത്തിലാക്കാനുള്ള എളുപ്പവഴിയെന്ന നിലക്കാണ് സംഘ്പരിവാര്‍ പൗരത്വ ഭേദഗതി ബില്ലിനെ കാണുന്നത്. അടുത്തു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ഇതിനെ ചുരുക്കി കാണാനാകില്ല. സാമ്പത്തികപ്രതിസന്ധിയുടെ പേരില്‍ കടുത്ത വിമര്‍ശം നേരിടുന്ന മോദി സര്‍ക്കാരിന് ഹിന്ദുത്വ ചേരിയില്‍ നിന്നുള്ള എതിര്‍പ്പിന്റെ കനം കുറയുമെന്നത് ശരിയാണ്. എന്നാല്‍ പൗരത്വ ഭേദഗതി ബില്ലിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്ന കാര്യങ്ങള്‍ ചെറുതല്ല. അസമില്‍ നടപ്പാക്കിയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമാക്കുമെന്ന മുന്നറിയിപ്പ് കൂടി ഇതിനൊപ്പം ചേര്‍ത്ത വായിച്ചാല്‍ വരാനിരിക്കുന്ന അപകടത്തിന്റെ വ്യാപ്തിയുടെ ഏകദേശ രൂപം ലഭിക്കും. പൗരത്വ ഭേദഗതി ബില്‍ പാസ്സാകുന്നതോടെ പൗരത്വ രജിസ്റ്റര്‍ ന്യൂനപക്ഷങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള വര്‍ഗീയ അജണ്ടയായി മാറും. അസമില്‍ പൗരത്വ രജിസ്റ്ററിനെത്തുടര്‍ന്ന് 19 ലക്ഷത്തോളം പേരാണ്പൗരന്മാരല്ലാതായി മാറിയതെന്നത് കൂടി ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം. ഇനി ഇന്ത്യയിലെ മുസ്‌ലിംകള്‍ തങ്ങളുടെ പൗരത്വം ഉറപ്പാക്കാന്‍ രേഖകള്‍ തപ്പി നടക്കേണ്ട അപമാനകരമായ ദുസ്ഥിതി സമീപഭാവിയില്‍ സംഭവിക്കുമെന്നതില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് സ്ഥാനമില്ല.

എന്താണ് പൗരത്വ ഭേദഗതി ബില്‍
മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും, ഇന്ത്യയില്‍ ആറു വര്‍ഷമായി താമസിക്കുന്ന ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദു, ബുദ്ധ, പാര്‍സി, ജൈന്‍, സിഖ്, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കു പൗരത്വം ഉറപ്പു നല്‍കുന്നതാണ് പ്രസ്തുത ബില്‍. മതിയായ രേഖകളോടെ ഇന്ത്യയില്‍ 12 വര്‍ഷം താമസിക്കുന്ന വിദേശികള്‍ക്കു മാത്രം പൗരത്വം നല്‍കുന്ന 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതാണ് ഇന്ന് അവതരിപ്പിക്കുന്ന ബില്‍. ശ്രീലങ്ക, മ്യാന്‍മര്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഭേദഗതിയുടെ ഇളവ് ലഭിക്കില്ലെന്നത് ബി.ജെ.പിയുടെ ലക്ഷ്യത്തെ കൂടുതല്‍ വെളിവാക്കുന്നുണ്ട്.
ബി.ജെ.പിയുടേയും സര്‍ക്കാരിന്റേയും ന്യായവാദങ്ങള്‍ ഇങ്ങനെ: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ വംശഹത്യാ ഭീഷണി നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുന്നതാണ് പൗരത്വ ഭേദഗതി ബില്‍. ഒരുവെടിക്ക് രണ്ട് പക്ഷികളെയാണ് ഈ ന്യായീകരണത്തിലൂടെ ബി.ജെ.പി ഉന്നം വെക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷ അയല്‍രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ അരക്ഷിതരാണ്. അവര്‍ക്ക് അഭയം നല്‍കാനുള്ള ബാധ്യത ഇന്ത്യക്കുണ്ട്. മോദി അസമില്‍ നടത്തിയ പ്രസംഗത്തില്‍ ഇത് കൂടുതല്‍ വ്യക്തമായിരുന്നു. ‘വിഭജനത്തിന്റെ അനീതി’ക്കുള്ള പ്രായശ്ചിത്തമാണു പൗരത്വ ഭേദഗതി ബില്‍ എന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. ‘ഭാരതാംബയുടെ മക്കള്‍ പീഡനത്തിനും അടിച്ചമര്‍ത്തലിനും ഇരയായിക്കൊണ്ടിരിക്കുമ്പോള്‍, നാം അവര്‍ക്കു അഭയം നല്‍കേണ്ടതില്ലെ?’ എന്ന മോദിയുടെ ചോദ്യം സംഘ്പരിവാര്‍ വിഭജനാനന്തരം ഉയര്‍ത്തിക്കൊണ്ടുവന്ന വിഭാഗീയ രാഷ്ട്രീയത്തിന്റെ മൂര്‍ദ്ധന്യത്തില്‍ നിന്നുള്ളതാണ്. യഹൂദരുടെ ഇസ്രാഈലിനെ പോലെ ഹിന്ദുക്കളുടെ ജന്മഭൂമിയായി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യം ഹിറ്റ്‌ലറുടെ ജര്‍മനിയിലേക്കാണ് എത്തുക. മുസ്‌ലിംകള്‍ക്ക് പോകാന്‍ വേറെ രാജ്യങ്ങളുണ്ടെന്ന ഒരു കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയുടെ സൂചന നീളുന്നത് ബി.ജെ.പി മുന്നില്‍വെക്കുന്ന കൃത്യമായ ലക്ഷ്യത്തിലേക്ക് തന്നെയാണ്.
2014-നു മുന്‍പ് ഇന്ത്യയില്‍ പ്രവേശിച്ച, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മതിയായ രേഖകള്‍ ഇല്ലെങ്കില്‍ പോലും ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കുന്ന പാസ്പോര്‍ട്ട് ഭേദഗതി നിയമം 2015ല്‍ അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തൊട്ടടുത്ത വര്‍ഷം തന്നെ, പൗരത്വ ഭേദഗതി ബില്ലും അവതരിപ്പിച്ചു. ഇപ്പോഴത്തെ പൗരത്വഭേദഗതി ബില്‍ കൊണ്ട് ബി.ജെ.പി സംതൃപ്തരാകുമെന്ന് കരുതാനാകില്ല. കൂടുതല്‍ രൂക്ഷമായ ബില്ലുകള്‍ തിരിക്കിട്ട് തന്നെ ബി.ജെ.പി ഇനിയും കൊണ്ടുവരുമെന്നാണ് സൂചന.

ബില്‍ നിയമമാകുമ്പോള്‍
അസമില്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കിയപ്പോള്‍ പട്ടികയില്‍ ഇടംനേടാനാകാതെ വിദേശികളാക്കപ്പെട്ടത് 19 ലക്ഷം മനുഷ്യരാണ്. മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതിനാല്‍ പൗരത്വം നിഷേധിക്കപ്പെട്ട, തലമുറകളായി ഇന്ത്യയില്‍ താമസിക്കുന്ന 19 ലക്ഷം മനുഷ്യരില്‍ ഭൂരിപക്ഷവും മുസ്‌ലിംകളാകുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ പട്ടിക പുറത്തുവന്നപ്പോള്‍ ഈ ധാരണകള്‍ കടപുഴകി. ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പട്ടികയില്‍ ഇടംപിടിക്കാതെ വിദേശികളായി. പൗരത്വ ഭേദഗതി ബില്‍ നിയമമായാല്‍ അസമില്‍ പട്ടികക്ക് പുറത്തായ യഹൂദരും മുസ്‌ലിംകളും ഒഴികെയുള്ളവര്‍ക്ക് പൗരത്വം ഉറപ്പാകും. അസംഗണ പരിഷത്ത് അരാജക സമരത്തിലൂടെ കണ്ടെത്തിയ പരിഹാരമാര്‍ഗം അപ്രസക്തമാകും. മുസ്‌ലിംകള്‍ മാത്രം തടവറകളിലേക്ക് നയിക്കപ്പെടുന്ന ഏറ്റവും പരിഹാസ്യമായ രാഷ്ട്രീയ നാടകമായിരിക്കും ഇനി അസമില്‍ സംഭവിക്കുക. അസമില്‍ നിന്ന് മറ്റ് ദേശങ്ങളിലേക്ക് ഇതിന്റെ അലയൊലി ഏറെ താമസിയാതെ പടര്‍ന്നെത്തും. വര്‍ഗീയ ധ്രുവീകരണം ആഴത്തിലും വേഗത്തിലും ഇന്ത്യയിലാകെ പടര്‍ത്താന്‍ പൗരത്വ ഭേദഗതി ബില്ലിലൂടെ സാധിക്കും. എന്നാല്‍ ബില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും. 2016ല്‍ ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയപ്പോള്‍ അസമില്‍ മാത്രമല്ല, ഗോത്രവര്‍ഗ മേഖലകളിലും എതിര്‍പ്പ് ശക്തമായിരുന്നു. കുടിയേറ്റക്കാര്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭാഗീയമായി പൗരത്വം നല്‍കുന്നതിലെ യുക്തിയല്ല ഇക്കൂട്ടര്‍ ചോദ്യം ചെയ്യുന്നത്. തങ്ങളുടെ ദേശത്ത് തങ്ങള്‍ മാത്രം മതിയെന്ന ശാഠ്യം ഇതിന് പിന്നിലുണ്ട്. അസോം ഗണപരിഷത്ത് അസമില്‍ ഉയര്‍ത്തി തദ്ദേശീയ വര്‍ഗീയ വാദം ഇന്ത്യയില്‍ വ്യാപകമാക്കി വര്‍ഗീയ ചേരിതിരിവാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

പൗരത്വ ഭേദഗതി ബില്ലിന്റെ ഭാവി
2016ല്‍ ലോക്‌സഭയില്‍ ബി.ജെ.പി പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലെത്തിയെങ്കിലും വിജയം കണ്ടില്ല. കോണ്‍ഗ്രസ്, തൃണമൂല്‍, ഡിഎംകെ, എസ്.പി, ആര്‍.ജെ.ഡി, ബി.എസ്.പി, എന്‍.സി.പി ഇടതുപക്ഷ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ക്കൊപ്പം ജെ.ഡി (യു), ബി.ജെ.ഡി കക്ഷികള്‍ കൂടി എതിര്‍ത്തതാണ് ബി.ജെപിക്ക് തിരിച്ചടിയായത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വിഭിന്നമാണ്. അന്ന് സര്‍ക്കാരിനൊപ്പം നിന്ന ശിവസേന ഇപ്പോള്‍ ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞെങ്കിലും തങ്ങളുടെ ഹിന്ദു അജണ്ട ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശിവസേനയുടെ നിലപാട് നിര്‍ണായകമാണ്. ഉദ്ധവ് താക്കറെ നയം വ്യക്തമാക്കിയിട്ടില്ലെങ്കിലും ശിവസേന എം.പിയുടേതായി പുറത്തുവന്ന പ്രസ്താവന നിരാശജനകമാണ്. രണ്ട് ദിവസം മുമ്പ് ഹിന്ദുത്വ അജണ്ട ഉപേക്ഷിക്കില്ലെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. എന്‍.സി.പി, കോണ്‍ഗ്രസ് പിന്തുണയോടെ മഹാരാഷ്ട്രയില്‍ ഭരണം നടത്തുന്ന ശിവസേന എന്‍.ഡി.എ ബന്ധം അവസാനിപ്പിട്ടുണ്ട്. എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലെത്തുമ്പോള്‍ പിന്തുണക്കുകയാണെങ്കില്‍ പ്രതിപക്ഷത്തിന് അത് തിരിച്ചടിയാണ്. കഴിഞ്ഞ തവണ ബില്ലിനെ എതിര്‍ത്ത ജെ.ഡി (യു), ബി.ജെ.ഡി കക്ഷികളുടെ നിലപാടും നിര്‍ണായകമാണ്.
പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അനായാസേന പാസ്സാക്കാന്‍ ബി.ജെ.പിക്ക് കഴിയും. രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്ത് തോല്‍പിക്കാന്‍ പ്രതിപക്ഷത്തിന് കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ രാജ്യമെങ്ങും ഉയരുന്നത്. 245 അംഗ രാജ്യസഭയില്‍ 238 ആണ് നിലവിലെ അംഗങ്ങള്‍. ഏഴ് ഒഴിവുകളുണ്ട്. ഭൂരിപക്ഷത്തിന് 120 പേരുടെ പിന്തുണ വേണം. ബി.ജെ.പിക്ക് 81 അംഗങ്ങളും എന്‍.ഡി.എക്ക് ആകെ 102 അംഗങ്ങളാണുള്ളത്. 18 പേരുടെ പിന്തുണ കൂടി കണ്ടെത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞാല്‍ ബില്‍ നിയമമാകും. 11 അംഗങ്ങളുള്ള എ.ഐ.എ.ഡി.എം.കെയുടേയും ഏഴ് അംഗങ്ങളുള്ള ബി.ജെ.ഡിയുടേയും മൂന്ന് അംഗങ്ങളുള്ള ശിവസേനയുടേയും പിന്തുണ ഉറപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍ കക്ഷികള്‍ വിട്ടുനിന്നാല്‍ സര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമാകും. വോട്ടെടുപ്പ് നടക്കുമ്പോള്‍ സഭയില്‍ ഹാജരായ അംഗങ്ങളില്‍ ഭൂരിഭാഗത്തിന്റെ പിന്തുണയാണ് ബില്‍ പാസാകാന്‍ വേണ്ടത്. കശ്മീര്‍, മുത്തലാഖ് ബില്ലുകളില്‍ വിനയായത് ഇതാണ്. പ്രതിപക്ഷ അനൈക്യം പ്രയോജനപ്പെടുത്തിയ ബി.ജെ.പി ഇത്തവണയും ആ വഴിക്കുള്ള നീക്കം വേഗത്തിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം കരുതലോടെ നീങ്ങിയില്ലെങ്കില്‍ രാജ്യം ഏഴ് പതിറ്റാണ്ട് കാത്തുസൂക്ഷിച്ച മതേതരത്വം എന്ന മഹത്തായ ആശയം ഇന്ത്യയില്‍ അസ്തമിക്കും.
അഭയാര്‍ത്ഥികളായി രാജ്യത്തെത്തിയ മുഴുവന്‍ മനുഷ്യര്‍ക്കും മത പരിഗണനകളില്ലാതെ തുല്യപരിഗണന എന്നതാണ് രാജ്യം ഉയര്‍ത്തി പിടിച്ച യശസ്സിന്റെ അടിത്തറ. അത് തകര്‍ക്കുന്നതാണ് പൗരത്വ ഭേദഗതി ബില്‍. പൗരാവകാശം സംബന്ധിച്ച ധാരണകളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ നീക്കം സംഘ്പരിവാരത്തിന്റെ ദേശീയതാ വാദത്തിന്റെ വാതില്‍ തുറക്കാനാണ്. മത ഇന്ത്യയിലേക്കുള്ള വാതിലാണ് ഇത്. കരുതലോടെ നീങ്ങിയില്ലെങ്കില്‍ പിന്നീട് തിരുത്താന്‍ കഴിഞ്ഞെന്നുവരില്ല. കാരണം മതേതര ഇന്ത്യ ഇപ്പോള്‍ തന്നെ ശയ്യാവലംബിയാണ്.

SHARE