ആര്‍മി നഴ്‌സിങ് പ്രവേശനം

രാജ്യത്തെ വിവിധ സൈനിക മെഡിക്കല്‍ കോളേജുകളിലേക്ക് നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 210 സീറ്റുണ്ട്. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കും വിവാഹമോചനം നേടിയവര്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം.

2019-ജൂലായ്/ ഓക്ടോബറില്‍ ആരംഭിക്കുന്ന നാലുവര്‍ഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും മൂന്നുവര്‍ഷത്തെ ജനറല്‍ നഴ്‌സിങ് കോഴ്‌സിനുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും സൗജന്യമായി നടത്തുന്ന ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കരസേനയില്‍ കമ്മീഷന്‍ഡ് ഓഫീസര്‍ റാങ്കില്‍ സ്ഥിരനിയമനം ലഭിക്കും.

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി,ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ചുള്ള പ്ലസ്ടു/തത്തുല്യം. റെഗുലര്‍ രീതിയില്‍ പഠിച്ച് ആദ്യത്തെ അവസരത്തില്‍ തന്നെ പാസായവര്‍ക്കും അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. ഇവര്‍ പ്രവേശനം നേടുന്നതിനു മുമ്പ് പ്ലസ്ടു രേഖകള്‍ ഹാജരാക്കണം. പ്രൈവറ്റ് വിദ്യാര്‍ഥികളും ഏതെങ്കിലും വിഷയത്തില്‍ സേ എഴുതി ജയിച്ചവരും അപേക്ഷിക്കേണ്ടതില്ല.

ശാരീരിക യോഗ്യത: ഉയരം ചുരുങ്ങിയത് 148 സെ.മി.38കിലോഗ്രാം തൂക്കം ഉണ്ടായിരിക്കണം. വിശദമായ വൈദ്യപരിശോധനക്കു ശേഷമാണ് തെരഞ്ഞെടുപ്പ്. പ്രായം: 01-10-1994-30-09-2002നും ഇടയില്‍ ജനിച്ചവരാകണം.

തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 2019 ജനുവരിയിലായിരിക്കും എഴുത്തുപരീക്ഷ. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷ ഒബ്ജക്റ്റീവ് മാതൃകയിലായിരിക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ ഏഴിമല എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രമുള്ളത്.

അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനായി 150 രൂപ ഫീസ് അടക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 30.

SHARE