സന്തോഷ് ട്രോഫി ഫുട്ബോള്‍: മിസോറാമിനെ തോല്‍പ്പിച്ച് ബംഗാള്‍ കടുവകള്‍ ഫൈനലില്‍

വാസ്‌കോ: അറുപത്തിയൊന്നാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ സെമിയില്‍ മിസോറാമിനെ തോല്‍പ്പിച്ച് പശ്ചിമ ബംഗാള്‍ ഫൈനലില്‍ കടന്നു. മുന്‍ ചാമ്പ്യന്‍മാരായ മിസോറാമിനെതിരെ സഡന്‍ഡെത്തില്‍ (6-5) നാണ് ബംഗാള്‍ കടുവകളുടെ ജയം.

ഇന്ന് കേരളവും ഗോവയും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയിലെ വിജയിയാവും ഫൈനലില്‍ സന്തോഷ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ബംഗാളിനെ നേരിടുക.

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനാകാഞ്ഞ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ ഷൂട്ടൗട്ടിലും ഇരുടീമുകളും അഞ്ച് ഷോട്ടുകള്‍ വീതം വലയില്‍ എത്തിച്ചു സമനിലയിലായി. ഇതോടെ മത്സരം സഡന്‍ഡെത്തില്‍ എത്തിയത്.
എന്നാല്‍ മിസോറാമിന്റെ ആദ്യ ഷോട്ട് തന്നെ തടുത്തിട്ട് ബംഗാള്‍ ഗോള്‍കീപ്പര്‍ കലാശപ്പോരിലേക്ക് വിജയവാതില്‍ തുറന്നിട്ടു. തുടര്‍ന്ന് ബംഗാളിന്റെ കിക്കെടുത്ത ബസന്ത സിംഗ് പന്ത് വലയിലെത്തിച്ച് ഫൈനല്‍ പോരാട്ടത്തിനായി അര്‍ഹത ഉറപ്പിക്കുകയായിരുന്നു.

സന്തോഷ് ട്രോഫി ബംഗാള്‍ ഇതുവരെ 31 തവണയാണ് നേടിയെടുത്തത്.

SHARE