കൊറോണ കോശങ്ങളെ ബാധിക്കുന്നത് തടയുന്ന ആന്റിബോഡികള്‍ കണ്ടെത്തി; കോവിഡ് ചികിത്സയില്‍ നിര്‍ണായകം

ബീജിങ്: കോവിഡ് 19ന് കാരണമായ കൊറോണ വൈറസ് ശരീരകോശങ്ങളെ ബാധിക്കുന്നത് തടയാനുള്ള രണ്ട് ആന്റിബോഡികള്‍ കണ്ടെത്തിയതായി ചൈനീസ് ഗവേഷകര്‍. കോവിഡ് മഹാമാരിക്കെതിരായുള്ള പോരാട്ടത്തിലെ നാഴികക്കല്ല് എന്ന് വിളിക്കാവുന്നതാണ് ഇതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. കോവിഡില്‍ നിന്ന് മുക്തനായ ഒരു രോഗിയുടെ രക്തത്തില്‍ നിന്നാണ് രണ്ട് ആന്റിബോഡികളും ഗവേഷകര്‍ കണ്ടെത്തിയത്. ചൈനയിലെ കാപിറ്റല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ യാന്‍ വുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിന് ചുക്കാന്‍ പിടിക്കുന്നത്. പഠനം സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എച്ച് 4, ബി38 എന്നിങ്ങനെയാണ് ഈ ആന്റിബോഡികളുടെ പേര്. ഇവ രണ്ടും കോവിഡിന് കാരണമാകുന്ന ‘സാര്‍സ് കോവ് 2 വൈറസ്’ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുന്നതിനെ പ്രതിരോധിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ആതിഥേയ കോശത്തിലേക്കുള്ള (ഹോസ്റ്റ് സെല്‍) കോവിഡ് വൈറസിന്റെ പ്രവേശനം ഇരട്ട ആന്റിബോഡികള്‍ തടയുകയാണ് ചെയ്യുക. വിവിധങ്ങളായ ആന്റിബോഡികള്‍ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയതിനെ തുടര്‍ന്നാണ് എച്ച്4, ബി38 എന്നിവ ഫലപ്രദമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയത്.

വൈറസുകള്‍ ഉള്‍പ്പെടെയുള്ള രോഗാണുക്കള്‍ക്കെതിരെ ശ്വേതരക്താണുക്കള്‍ ശരീരത്തില്‍ സൃഷ്ടിക്കുന്ന പ്രോട്ടീനുകളാണ് ആന്റി ബോഡി അഥവാ പ്രതിദ്രവ്യം എന്നറിയപ്പെടുന്നത്.

കോവിഡ് ബാധയുള്ള എലികളില്‍ ഇവ പരീക്ഷണം നടത്തി. രണ്ട് ആന്റിബോഡികളും എലികളില്‍ കുത്തിവെച്ച് മൂന്നു ദിവസത്തിനു ശേഷം നിരീക്ഷിച്ചപ്പോള്‍ വൈറസിന്റെ തോത് 32.8 ശതമാനം കുറഞ്ഞതായി കണ്ടു. എച്ച് 4 ബി 38 എന്നിവയല്ലാത്ത ആന്റിബോഡികള്‍ കുത്തിവെച്ച എലികളുടെ ശ്വാസകോശങ്ങളില്‍ പ്രശ്‌നങ്ങള്‍ കാണുകയും ചെയ്തു. കോവിഡിനെതിരെയുള്ള പ്രതിരോധ ചികിത്സാരീതി ആയി ഇത് വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.