ഷൂട്ടിങ്ങിനിടെ ഹൃദയാഘാതം; യുവനടിയുടെ നില അതീവ ഗുരുതരം

മുംബൈ: ഷൂട്ടിങ്ങിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് യുവനടി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹിന്ദി, തെലുങ്ക് സിനിമകളിലെ അഭിനേത്രിയും മോഡലും ടെലിവിഷന്‍ അവതാരകയുമായ ഗഹന വസിഷ്ടിനെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വടക്കന്‍ മുംബൈയിലെ മഠ് ദ്വീപില്‍ ഒരു വെബ് സിരീസിന്റെ ഷൂട്ടിങ്ങിനിടെ ഗഹന കുഴഞ്ഞുവീഴുകയായിരുന്നു.

തുടര്‍ന്ന് ഗഹനയെ മലാഡിലുള്ള രക്ഷ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഗഹനയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. കാര്യമായ ഭക്ഷണമൊന്നും കഴിക്കാതെ 48 മണിക്കൂറിനടുത്ത് ഗഹന ജോലി ചെയ്യുകയായിരുന്നുവെന്നാണ് ഡോക്ടറും രക്ഷാ ആസ്പത്രി മേധാവിയുമായ പ്രണവ് കബ്ര പറയുന്നത്.

നടിയെ ആസ്പത്രിയില്‍ എത്തിച്ചപ്പോള്‍ അവര്‍ക്ക് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല. മാത്രമല്ല രക്തസമ്മര്‍ദ്ദം വളരെ താഴ്ന്ന നിലയിലുമായിരുന്നു. ചികിത്സകളോട് പോസിറ്റീവ് ആയല്ല രോഗി ഇപ്പോള്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നതെന്നും അപകടനില ഇനിയും തരണം ചെയ്തിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. പ്രമേഹത്തിന് ചികിത്സ നടത്തുന്നയാളുമാണ് ഗഹനയെന്നും പ്രമേഹത്തിന്റെ മരുന്നുകള്‍ക്കൊപ്പം ജോലിക്കിടയില്‍ ചില എനര്‍ജി ഡ്രിങ്കുകളും ഉപയോഗിച്ചതാണോ ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന് പരിശോധനകള്‍ക്ക് ശേഷമേ പറയാനാവൂ എന്നും പ്രണവ് കബ്ര വ്യക്തമാക്കി.