ഇനി ആലിയയല്ല, അഞ്ജന ; വിവാഹ മോചനം ആവശ്യപ്പെട്ട് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദീഖിയുടെ ഭാര്യ

മുംബൈ: വിവാഹമോചനം ആവശ്യപ്പെട്ട് പ്രമുഖ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദീഖിയുടെ ഭാര്യ ആലിയ. ഇ-മെയിലായും വാട്‌സ്ആപ്പ് വഴിയും വിവാഹ മോചനത്തിന് നോട്ടീസ് അയച്ചതായി അവര്‍ വ്യക്തമാക്കി. തന്റേത് ഉറച്ച തീരുമാനമാണ് എന്നും ഇനി മുതല്‍ താന്‍ ആലിയ സിദ്ദീഖി അല്ല അഞ്ജന കിഷോര്‍ പാണ്ഡെ ആണ് എന്നും അവര്‍ വ്യക്തമാക്കി.

2009ലാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ഒമ്പതു വയസ്സായ ഒരാണ്‍കുട്ടിയും അഞ്ചു വയസ്സുകാരിയായ പെണ്‍കുട്ടിയുമുണ്ട്. കുട്ടികളെ വേണമെന്നും അ്‌വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

‘പരസ്യമായി പറയാന്‍ പറ്റാത്ത ഒരുപാട് കാര്യങ്ങളുണ്ട്. പത്തു വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ വേളയില്‍ തന്നെ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. രണ്ടു മാസത്തെ ലോക്ക്ഡൗണ്‍ എനിക്ക് ആലോചിക്കാന്‍ ഒരുപാട് സമയം തന്നു. ബഹുമാനം വിവാഹത്തില്‍ പ്രധാനമാണ്. എനിക്കത് കിട്ടിയിട്ടില്ല. എല്ലായ്‌പ്പോഴും ഞാന്‍ തനിച്ചായിരുന്നു. അദ്ദേഹത്തിന്റെ സഹോദനുമായും ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ഞാന്‍ അഞ്ജന കിഷോര്‍ പാണ്ഡെ എന്ന യഥാര്‍ത്ഥ പേരിലേക്ക് തിരിച്ചു പോകുന്നു. എന്റെ നേട്ടത്തിനായി മറ്റാരുടെ എങ്കിലും പേര് ഉപയോഗിക്കുന്നില്ല’ – അവര്‍ പറഞ്ഞു.

‘വിവാഹ മോചനത്തിന് ഒരു കാരണം മാത്രമല്ല ഉള്ളത്. ഒരുപാട് കാരങ്ങള്‍ ഉണ്ട്. എല്ലാ കാരണങ്ങളും ഗുരുതരമാണ്. എല്ലാം ഞാന്‍ ഇതുവരെ മാനേജ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ പരിഹരിക്കാവുന്നതിലും അപ്പുറത്തായി’ – ആലിയ കൂട്ടിച്ചേര്‍ത്തു.

വിവാഹമോചനവും ജീവനാംശവും ആവശ്യപ്പെട്ടാണ് ഇവര്‍ നോട്ടീസ് അയച്ചിട്ടുള്ളത്. എന്നാല്‍ കത്തിനോട് നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉത്തര്‍പ്രദേശിലെ ബുധാനയിലെ കുടുംബ വീട്ടിലാണ് ഇപ്പോള്‍ നവാസുദ്ദീന്‍ സിദ്ദീഖിയുള്ളത്.