യുവതിയുടെ ആത്മഹത്യ; സി.പി.എം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയ ഭര്‍ത്താവിന് ക്രൂര മര്‍ദ്ദനം

കല്‍പ്പറ്റ: സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയുടെ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ സംഭവത്തില്‍ പരാതി നല്‍കിയ ഭര്‍ത്താവിന് മര്‍ദ്ദനമേറ്റു. മര്‍ദ്ദനമേറ്റ ഷാജുവിനെ വൈത്തിരി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പാണഅ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചുണ്ടേല്‍ ഒലിവുമല കൊടുങ്ങൂക്കാരന്‍ ജോണ്‍ എന്ന ഷാജിയാണ് ഭാര്യ സക്കീനയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പരാതി നല്‍കിയത്.

യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. രണ്ടര വര്‍ഷം മുമ്പാണ് സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഇവര്‍ തമ്മില്‍ വിവാഹം കഴിച്ചത്. കഴിഞ്ഞ 21ന് രാത്രിയാണ് സക്കീനയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ മരണം കൊലപാതകമാണന്ന് മനസിലാവുന്നതായി പരാതിയില്‍ പറയുന്നു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ ആരോപണങ്ങളാണ് സി പി എം ജില്ലാ സെക്രട്ടറിയായ പി ഗഗാറിനെതിരെ പരാതിയിലുള്ളത്. ഗഗാറിന്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പല തവണ വിളിച്ചതായും, കാണാന്‍ പോയതായും ഭാര്യ പറഞ്ഞിട്ടുണ്ടെന്ന് ജോണ്‍ പരാതിയില്‍ വ്യക്തമാക്കുന്നു. കൂടാതെ കോഴിക്കോട്, ബത്തേരി, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഗഗാറിന്‍ പറഞ്ഞത് പ്രകാരം അയാള്‍ക്കൊപ്പം പോയതായും പിന്നീടറിയാന്‍ സാധിച്ചിട്ടുണ്ട്. ഇക്കാര്യം ആദ്യം നിഷേധിച്ച ഭാര്യ പിന്നീട് സമ്മതിച്ചിട്ടുണ്ടെന്നും പരാതിയില്‍ ജോണ്‍ വിശദീകരിക്കുന്നു. ഭര്‍ത്താവിനോട് പറഞ്ഞാല്‍ അദ്ദേഹത്തെ ഗഗാറിന്‍ വെച്ചേക്കില്ലെന്നും, അത് ഭയന്നായിരുന്നു പറയാതിരുന്നതെന്നും ഭാര്യ പിന്നീട് വെളിപ്പെടുത്തിയിരുന്നതായും പരാതിയിലുണ്ട്. ഗഗാറിന്‍ തുടര്‍ച്ചയായി വിളിച്ച് ശല്യം ചെയ്തതിനാല്‍ ആ നമ്പര്‍ മാറ്റി ഭാര്യക്ക് പുതിയ നമ്പര്‍ എടുത്തുനല്‍കി. അവസാനസമയം വരെ ആ നമ്പറായിരുന്നു ഉപയോഗിച്ചുവന്നിരുന്നത്. തന്നെ ഭീഷണിപ്പെടുത്തിയതായി സക്കീന തന്നെ ഒരു സുഹൃത്തിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഭാര്യ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണിന്റെ സിംകാര്‍ഡ് ബത്തേരിയില്‍ വെച്ച് കൈവശപ്പെടുത്തിയ ഗഗാറിന്‍ പിന്നീടത് തിരിച്ചുനല്‍കിയില്ലെന്നും പരാതിയിലുണ്ട്.

സക്കീനയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നു. അയല്‍വാസികളായ നാല് പേരെയും സംശയമുള്ളതായി പരാതിയില്‍ ജോണ്‍ പരാമര്‍ശിക്കുന്നുണ്ട്. പൊലീസ് സ്‌റ്റേഷനില്‍ നിരവധി തവണ പോയെങ്കിലും മൊഴിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തിന്റെ പകര്‍പ്പും നല്‍കിയിട്ടില്ല. കേസില്‍ രാഷ്ട്രീയസ്വാധീനമുണ്ടായതായി സംശയിക്കുന്നതായും, നിഷ്പക്ഷമായ അന്വേഷണം നടത്തി ഭാര്യയുടെ മരണത്തിലെ ദുരൂഹത നീക്കിത്തരണമെന്നും ജോണ്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. അതേസമയം, പരാതി സംബന്ധിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പ്രസ്താവനയുമായി സി പി എം ജില്ലാസെക്രട്ടറിയേറ്റ് രംഗത്തെത്തി. മരണം സംബന്ധിച്ച് നിക്ഷ്പക്ഷവും സത്യസന്ധവുമായ ഏത് അന്വേഷണത്തെയും സി പി എം സ്വാഗതം ചെയ്യുന്നുവെന്നും, ഒക്ടോബര്‍ 21ന് മരണം നടന്ന് നവംബര്‍ അഞ്ചിന് ശേഷം കൊടുത്ത പരാതിയില്‍ പാര്‍ട്ടി ജില്ലാസെക്രട്ടറിയുടെ പേര് ബോധപൂര്‍വം വലിച്ചിഴക്കുന്നതില്‍ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും, പരാതിയുടെ ഉറവിടവും ഗൂഡാലോചനക്കാരുടെ ലക്ഷ്യവും പുറത്തുകൊണ്ടുവരാന്‍ വിഷയത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

SHARE