മുന്‍ എഎസ്‌ഐക്ക് കൊറോണ ബാധിച്ചത് ബന്ധുവില്‍നിന്നെന്ന് സംശയമെന്ന് മന്ത്രി കെകെ ഷൈലജ; അബ്ദുല്‍ അസീസിന്റെ മൃതദേഹം പ്രോട്ടോകോള്‍ അനുസരിച്ച് കബറടക്കും

തിരുവനന്തപുരം: ആശങ്കകള്‍ ബാക്കിവെച്ചാണ് കേരളത്തിലെ രണ്ടാമത്തെ കൊറോണ മരണം സംഭവിച്ചിരിക്കുന്നത്. പോത്തന്‍കോട് സ്വദേശി വാവറമ്പലം കൊച്ചാലുംമൂട് വീട്ടുവിളാകം വീട്ടിൽ അബ്ദുല്‍ അസീസ് കൊറോണ വൈറസ് ബാധിച്ചാണ് മരിച്ചതെങ്കിലും റിട്ട എഎസ്‌ഐ കൂടിയായ അസീസിന്റെ റൂട്ട് മാപ്പ് പൂര്‍ണമാക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല ഇദ്ദേഹം നിരവധി ചടങ്ങുകളില്‍ പങ്കെടുത്തതും ആശങ്കയുയര്‍ത്തുന്നത്. വിദേശത്ത് പോകുകയോ വിദേശത്ത് പോയവരുമായി ബന്ധപ്പെടുകയോ ചെയ്യതതായി നിലവില്‍ സ്ഥിരീകരിക്കാന്‍ കഴിയാത്തതിനാല്‍ അബ്ദുള്‍ അസീസിന് രോഗബാധ എങ്ങനെ ഉണ്ടായെന്ന് വ്യക്തമായിട്ടില്ല.

അതേസമയം, പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസിന് വൈറസ് ബാധയേറ്റത് ബന്ധുവില്‍ നിന്നാണോയെന്ന് സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെകെ ഷൈലജ പറഞ്ഞു. കോണ്ടാക്റ്റ് ആണെന്ന് ഉറപ്പാണെന്നും സാമൂഹൃ വ്യാപനം നടന്നുവെന്ന് ഈ കേസു കൊണ്ട് പറയാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ നാട്ടുകാര്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും ബന്ധുക്കളെയൊക്കെ നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയതാണെന്നും ആരോഗ്യ വകുപ്പ് ക്യത്യമായ മുന്‍കരുതലെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അബ്ദുല്‍ അസീസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനായില്ലെന്നത് സങ്കടകരമാണ്. പിന്നീട് ബന്ധുക്കളില്‍ നിന്നാണ് വിവരം ശേഖരിച്ചത്. ബന്ധുക്കള്‍ ഇതിനോട് സഹകരിക്കുന്നുണ്ടെന്നും സംശയിക്കപ്പെടുന്നവരുടെ എല്ലാം സ്രവപരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജലദോഷം ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് അബ്ദുള്‍ അസീസ് മാര്‍ച്ച് 18നാണ് വേങ്ങോട് പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സക്കായി പോയത്. 21ന് ഉച്ചയ്ക്ക് വീണ്ടും ഇതേ ആസ്പത്രിയില്‍ പോകുകയും രക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ രോഗം കണ്ടെത്താനായിരുന്നില്ല. പിന്നീട് 23 ന് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തെ നേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

14-ാം തിയ്യതി അബ്ദുള്‍ അസീസ് അയിരുപ്പാറ ഫാര്‍മേഴ്സ് ബാങ്കില്‍ നൂറോളം പേരോടൊപ്പം ചിട്ടി ലേലത്തില്‍ പങ്കെടുത്തിരുന്നു. രണ്ട് വെള്ളിയാഴ്ചകളില്‍ നമസ്‌കാരത്തിലും പങ്കെടുത്തിരുന്നു. അയ്യായിരത്തോളം പേര്‍ പങ്കെടുത്ത വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും അബ്ദുള്‍ അസീസ് പങ്കെടുത്തിരുന്നു. പ്രഥമിക ആരോഗ്യകേന്ദ്രം ഫാര്‍മേഴ്സ് ബാങ്ക് ജീവനക്കര്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവരേയും നിരീക്ഷണത്തിലേക്ക് മാറ്റിയതായാണ് വിവരം.

സംസ്ഥാന പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് വിരമിച്ച അബ്ദുൾ അസീസ് മാർച്ച് രണ്ടിന് പോത്തൻകോട് രാജശ്രീ ആഡിറ്റോറിയത്തിൽ ബന്ധുവായ പ്രവാസിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. മകളുടെ വിവാഹം നടത്താൻ നാട്ടിലെത്തിയ പ്രവാസിക്കൊപ്പം വിവാഹം ക്ഷണിക്കാനും മറ്റ് ഏർപ്പാടുകൾക്കും അബ്ദുൾ അസീസും ഒപ്പമുണ്ടായിരുന്നു. മകളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം പ്രവാസി തിരികെ പോകുകയും ചെയ്തു. അതിനുശേഷം അബ്ദുൾ അസീസ് മാർച്ച് 11ന് കബറടി , 18ന് കൊയ്ത്തൂർക്കോണം ജുമാ മസ്ജിദുകളിൽ രണ്ട് മരണചടങ്ങുകളിൽ അബ്ദുൾ അസീസ് സംബന്ധിച്ചു. ഈ മരണചടങ്ങുകളിൽ കാസർകോഡ്, തമിഴ്നാട് ഭാഗങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തിരുന്നു . 

ഇറ്റലിയില്‍ നിന്നും വന്ന മുതിര്‍ന്ന ആളുകള്‍പോലും രക്ഷപ്പെട്ട സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ ഉണ്ടാകരുതെന്ന പോരാട്ടത്തിലാണ് ആരോഗ്യമേഖല. എന്നാല്‍ അബ്ദുല്‍ അസീസിന് നേരത്തെ മരിച്ച നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം.
മുന്‍ എഎസ്‌ഐ കൂടിയായ അബ്ദുല്‍ അസീസിന്റെ മൃതദേഹം പ്രോട്ടോകോള്‍ അനുസരിച്ച് കല്ലൂർ മുസ്ലിം ജമാഅത്ത് പള്ളിയില്‍ കബറടക്കും.