കൊറോണ; ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 133 പേര്‍

ചൈന കഴിഞ്ഞാല്‍ കോവിഡ് 19 ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്. ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 133 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതോടെ രാജ്യത്ത് മൊത്തം മരിച്ചവരുടെ എണ്ണം 366 ആയി. ഞായറാഴ്ച വരെ ഇറ്റലിയില്‍ 7,375 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു.
ലോകത്താകെ രോഗ ബാധിതരുടെ എണ്ണം 106,000 കവിഞ്ഞു. നിരവധി രാജ്യങ്ങളില്‍ അവരുടെ ആദ്യ കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 3,600 പേര്‍ ലോകമാകെ രോഗം ബാധിച്ച് മരിച്ചു.

അതേസമയം, കേരളത്തില്‍ പുതിയ കോവിഡ്19 അണുബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജമ്മു, കര്‍ണാടക, പഞ്ചാബ് എന്നിവിടങ്ങളിലായി നാലു പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 44 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ജമ്മുവില്‍ ഇറാനില്‍ നിന്നെത്തിയ 63കാരിക്കാണ് വൈറസ് ബാധയേറ്റത്. ഇവിടെ 400 പേര്‍ നിരീക്ഷണത്തിലാണ്. ടെക്‌സാസില്‍ നിന്നും മടങ്ങി എത്തിയ 40കാരനാണ് കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ സുധാകര്‍ പറഞ്ഞു.

SHARE