ഹിന്ദുത്വം


‘ഏറ്റവും വലിയ ജനാധിപത്യം തരംതാണ ജനപ്രിയതയില്‍ തകര്‍ന്നുവീഴുകയാണെങ്കില്‍ അത് ഇന്ത്യയായിരിക്കും.’ നരേന്ദ്രമോദിയെ ഉദ്ദേശിച്ച് ‘ഭിന്നിപ്പിന്റെ തലവന്‍’ എന്ന തലക്കെട്ടില്‍, ലോക്‌സഭാതെരഞ്ഞെടുപ്പിനിടെ ടൈംമാഗസിന്‍ എഴുതിയ മുഖലേഖനത്തിലെ തലവാചകമാണിത്. വിദ്വേഷ രാഷ്ട്രീയത്തിന്റെ നെറുകയില്‍നിന്ന് പണ്ഡിറ്റ് നെഹ്‌റുവും ഇന്ദിരാഗാന്ധിയുമിരുന്ന മഹനീയ കസേരയിലേക്ക് നരേന്ദ്രമോദി വീണ്ടുമൊരു പാരാലാന്‍ഡിംഗ് നടത്തിയിരിക്കുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ പ്രഥമ തുടര്‍ഭരണത്തിന്റെ അമരത്തേക്ക്. 2014ല്‍ 31 ശതമാനം വോട്ടിന്റെ പിന്തുണയുണ്ടായിരുന്ന എന്‍.ഡി.എ ഇത്തവണ നേടിയ 44 ശതമാനത്തിലധികം വോട്ടുകള്‍ക്കും ബി.ജെപിയുടെ 303 സീറ്റുകള്‍ക്കും കാരണം അനനുകരണീയമായ ‘മോദി മാജിക്കാ’ണെന്ന് ശത്രുക്കളും സമ്മതിക്കുന്നു. സ്വന്തം പാര്‍ട്ടിയെയും പാര്‍ട്ടികളെയും നിഷ്പ്രഭമാക്കിയ ഐന്ദ്രജാലം.
ഗുജറാത്തിലെ വാദ്‌നഗറില്‍ പിതാവിനൊപ്പം ചായ ഒഴിച്ചുകൊടുത്തിരുന്ന ബാല്യത്തില്‍നിന്ന് സന്യാസ സമാനമായ ഹിമാലയന്‍ ജീവിതത്തിലേക്ക് സ്വയംപറിച്ചുനട്ടുവെന്നും പിന്നീട് ബിരുദങ്ങള്‍ നേടിയെന്നുമൊക്കെ പറയുന്ന മോദിയെ 1987ല്‍ ഇന്റര്‍നെറ്റയച്ചുവെന്നതുകൊണ്ട് ആര് അവിശ്വസിച്ചാലും ഇന്ത്യന്‍ ഹിന്ദുത്വം തള്ളിപ്പറയില്ല. ഒന്നും രണ്ടുമല്ല, അമ്പതിനുശേഷമുള്ള മോദിയുടെ കാല്‍നൂറ്റാണ്ട് ശുക്ര ദശയുടേതാണ്. തൊട്ടതൊക്കെ പൊന്നാക്കുന്ന അനുപമ പാടവം. ജനാധിപത്യലോകത്ത് മറ്റൊരാള്‍ക്കും നേടാനാകാത്ത അപൂര്‍വത. യോഗാഭ്യാസവും അമ്പത്താറിഞ്ച് നെഞ്ചിന്റെ കഠിനാധ്വാനവും നിത്യമിത്രം അമിത്ഷായും മുതലാളിമാരും കൂടെയുണ്ടെങ്കില്‍ ഏതുപദവിയും ഉള്ളംകയ്യില്‍. തന്റെ ഇഷ്ടം നോക്കാതെ വീട്ടുകാര്‍ വിവാഹം ചെയ്തുതന്ന യശോദബെന്നിനെ ഇപ്പോഴും പ്രധാനമന്ത്രി വസതിയിലേക്ക് വിളിച്ചുകയറ്റിയിട്ടില്ല മോദി. ഫാസിസ്റ്റെന്നോ തീവ്ര വര്‍ഗീയ വാദിയെന്നോ മുടിയനായ ലോക സഞ്ചാരിയെന്നോ അശാസ്ത്രീയവാദിയെന്നോ ആരെന്തൊക്കെ വിളിച്ചാലും, ആര്‍.എസ്.എസ് സ്‌കൂളില്‍നിന്ന് അഭ്യസിച്ച പതിനെട്ടടവുകള്‍ക്കുപുറമെ സ്വന്തമായി ചില നമ്പറുകള്‍ കൂടിയുള്ളതിനാല്‍ ഗുരുക്കളായ സവര്‍ക്കര്‍ക്കും ഗോള്‍വാര്‍ക്കര്‍ക്കും വാജ്‌പേയിക്കുപോലും എത്താത്ത നേട്ടങ്ങള്‍ നരേന്ദ്രനെ തേടിയെത്തി. 2001 മുതല്‍ 13 കൊല്ലത്തെ മുഖ്യമന്ത്രി പദത്തില്‍നിന്ന് ആദ്യ ലോക്‌സഭാംഗത്വവുമായി പ്രധാനമന്ത്രി പദവിയിലേക്ക്. മതേതര ഇന്ത്യയില്‍ ഒരു വര്‍ഗീയവാദിക്ക് അപ്രാപ്യമെന്ന് കരുതുന്ന കസേരയിലേക്ക് പതിനഞ്ചാമത് പ്രധാനമന്ത്രിയായി മെയ് 30ന് മോദി അവരോധിക്കപ്പെടുമ്പോള്‍ നടക്കില്ലെന്ന് പലരും നടിക്കുന്ന കോമാളിയുടെ രംഗവേദിയാണ് രാഷ്ട്രീയമെന്ന യാഥാര്‍ത്ഥ്യം ബാക്കിയാകുന്നു.
മോദിയുടെ ജീവിതത്തിലെ നിര്‍ണായക വര്‍ഷമാണ് 2002, ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിന്റെയും. ഗുജറാത്തിലെ ഗോധ്രയില്‍ ട്രെയിനില്‍ തീവെച്ചു കൊല്ലപ്പെട്ട കര്‍സേവകരുടെ പേരില്‍ ഒരു സംസ്ഥാനം പരക്കെ ഹിന്ദുത്വ കാപാലികര്‍ അഴിഞ്ഞാടുമ്പോള്‍ മുഖ്യമന്ത്രിക്കസേരയിലിരുന്ന് അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയായിരുന്നുവെന്ന ആരോപണം ജനമനസ്സുകളില്‍ മോദിക്കെതിരെ ഇന്നും നിറഞ്ഞുകിടക്കുന്നു. കൊല ചെയ്യപ്പെട്ടവരെ ഓടുന്ന കാറിനടിയിലെ പട്ടിക്കുട്ടിയായി ഉപമിച്ച അതേ നാവുകൊണ്ടാണ് ആള്‍ക്കൂട്ടക്കൊലപാതകികളോട് തന്നെ വെടിവെക്കൂ എന്ന് മോദി പറഞ്ഞത്. ഓങ്ങിയ വാളിനെ തിരിച്ച് ആയുധമാക്കുന്ന ഒടിവിദ്യ. കേശുഭായ് പട്ടേലിനെയും എല്‍.കെ അദ്വാനിയെയും മുരളിമനോഹര്‍ ജോഷിയെയുമൊക്കെ മൂലക്കിരുത്തിയ കുരുത്തക്കേടും. 2016ലെ നോട്ടു നിരോധനകാലത്ത് 50 ദിവസംകൊണ്ട് ദുരിതം തീര്‍ന്നില്ലെങ്കില്‍ തന്നെ ജീവനോടെ കത്തിക്കൂ എന്നു പറഞ്ഞ് പരസ്യമായി ഒഴുക്കിയ കണ്ണീരിലും ജനകോടികള്‍ മോദിയെ സഹിച്ചു, അനുസരിച്ചു.
2019 ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയില്‍ 41 സി.ആര്‍.പി.എഫ് ഭടന്മാര്‍ ഭീകരരാല്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടപ്പോഴും കശ്മീരിനെ ശവപ്പറമ്പാക്കിയെന്ന് ആക്ഷേപമുയര്‍ന്നപ്പോഴുമൊന്നും അവയെ തനിക്കെതിരായല്ല, സ്വന്തം നേട്ടപ്പട്ടികയിലേക്കാണ് മോദി എഴുതിച്ചേര്‍ത്തത്. പുല്‍വാമ വെറുതെയാകില്ലെന്ന് പറഞ്ഞ മോദി പന്ത്രണ്ടാം ദിനത്തില്‍ പാക് അതിര്‍ത്തികടന്ന് ബാലക്കോട്ടിലേക്ക് യുദ്ധ വിമാനങ്ങളെ അയച്ചു. ‘കാലാവസ്ഥ മേഘാവൃതമാണെങ്കില്‍ മേഘങ്ങള്‍ക്കിടയിലൂടെ പോയാല്‍ വിമാനങ്ങള്‍ പാക് റഡാറില്‍ പെടില്ലല്ലോ’ എന്ന് സൈന്യത്തിന് ഉപദേശം നല്‍കിയെന്ന് തട്ടിവിട്ട മോദിയെ സമൂഹമാധ്യമം നിര്‍ത്തിപ്പൊരിച്ചെങ്കിലും മോദിക്കേ ഇതിന് കഴിയൂ എന്ന് ഹിന്ദി ജനതയെക്കൊണ്ട് വിശ്വസിപ്പിച്ചു. ഭരണഘടനാസ്ഥാപനങ്ങളെയൊന്നാകെ തകര്‍ത്തെന്ന ദുര്‍ഖ്യാതിയുമായാണ് രണ്ടാമങ്കം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്നും അന്തരിച്ച രാജീവ്ഗാന്ധിയെ നമ്പര്‍വണ്‍ അഴിമതിക്കാരനെന്നും വിളിക്കുന്ന, മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞാസിംഗിനെ പ്രശംസിക്കുന്ന മോദിയുടെ രാഷ്ട്രീയ രസതന്ത്രം പ്രതിപക്ഷത്തിനും മതേതര ഇന്ത്യക്കും ഇനിയും പിടികിട്ടിയിട്ടില്ല. ഇനിയും കാത്തിരിക്കൂവെന്നാണ് മോദിയിലെ കൗശലക്കാരന്‍ പറയുന്നത്.

SHARE